04 ഏപ്രിൽ 2021

ആര്‍ബിഐ നയരൂപീകരണ സമിതി യോഗം നാളെ ആരംഭിക്കും
(VISION NEWS 04 ഏപ്രിൽ 2021)ആര്‍ബിഐയുടെ നയ രൂപീകരണ സമിതി (എംപിസി) യോഗം നാളെ ആരംഭിക്കും. രാജ്യത്തെ പലിശ നിരക്കിന്റെ ദിശ ഇനി എങ്ങോട്ട് എന്ന് ത്രിദിന യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് യോഗം. കൊവിഡ് വ്യാപനത്തിലെ സമീപ കാല വര്‍ധന സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമായേക്കുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് സമിതി യോഗം ചേരുന്നത്.

പണപ്പെരുപ്പത്തിന്റെ തോതില്‍ പ്രകടമാകുന്ന എറ്റക്കുറച്ചിലുകള്‍ സമ്പത്ത് ഘടനയില്‍ പ്രകടമാണ്. ഇത് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ഉചിത കാരണമായി പരിഗണിച്ചാല്‍ വലിയ പ്രത്യാഘാതമാകും സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടാകുക. വായ്പ ആവശ്യമുള്ളവര്‍ നിരക്കുകള്‍ ഉയരരുത് എന്ന് ആഗ്രഹിക്കുമ്പോള്‍ നിക്ഷേപക സമൂഹം ഒന്നടങ്കം ഇനിയെങ്കിലും നിരക്കുകള്‍ ഉയരണം എന്ന് വാദിക്കുന്നു.

ഇക്കാര്യങ്ങളാകും ആര്‍ബിഐയുടെ നയ രൂപീകരണ സമിതി യോഗം നാളെ മുതല്‍ നിശ്ചയിക്കുക. ആര്‍ബിഐയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ-വായ്പ നയം ത്രിദിന യോഗത്തിന് ശേഷം ഏഴിന് പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

പലിശ നിരക്കുകളുടെ കാര്യത്തില്‍ തത്കാലം തത്സ്ഥിതി തുടരുന്നതാകും അഭികാമ്യം എന്ന് സാമ്പത്തിക വിദഗ്ധര്‍ ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ 4.1 ശതമാനം മാത്രമായിരുന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്. എന്നാല്‍ ഫെബ്രുവരിയില്‍ അഞ്ചു ശതമാനത്തിലേക്ക് ഇത് ഉയര്‍ന്നു.

മാര്‍ച്ചിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിരക്ക് അഞ്ചര ശതമാനത്തിന് അടുത്തെത്തിയിരിക്കാം എന്നാണ് അനുമാനം. ആര്‍ബിഐ പണ നയ സമിതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന യോഗത്തിലും പലിശ നിരക്കുകളില്‍ മാറ്റം ശുപാര്‍ശ ചെയ്യുകയുണ്ടായില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അവസാന യോഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only