07 April 2021

തെന്നിന്ത്യൻ താരങ്ങളായ ശരത് കുമാറിനും രാധികയ്ക്കും ഒരുവർഷം തടവുശിക്ഷ
(VISION NEWS 07 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ചെന്നൈ: ചെക്ക് കേസിൽ നടനും സമത്വ മക്കൾ കക്ഷി നേതാവുമായ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു. പിഴയായി അഞ്ചു കോടി രൂപയും അടയ്ക്കണം. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ജനപ്രതിനിധികളുൾപ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണ് വിധി.
സിനിമാ നിർമാണത്തിനായി ശരത്കുമാറിന്റെ ഉടമസ്ഥതയുള്ള കമ്പനിയായ മാജിക് ഫ്രെയിംസ് വൻ തുക വാങ്ങിയെന്നും തിരിച്ചടക്കാൻ തയാറായില്ലെന്നും കാണിച്ച് റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോടതിയെ സമീപിച്ചത്. രാധിക, ശരത് കുമാർ, ലിസ്റ്റിൻ, സ്റ്റീഫൻ എന്നിവരാണ് മാജിക് ഫ്രെയിംസ് കമ്പനിയിലെ മറ്റു പാർട്ണർമാർ. ഇവർ രണ്ട് ചെക്ക് ഈടായി നൽകി ഒന്നര കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പിന്നാലെ റേഡിയൻസ് മീഡിയയിൽ നിന്ന് ശരത് കുമാർ 50 ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. ഇതിന് ഈടായി പത്ത് ലക്ഷം രൂപ വീതം എഴുതിയ അഞ്ച് ചെക്കുകളും നൽകിയിരുന്നു. എന്നാൽ പിന്നീട് ചെക്ക് ബൗൺസാവുകയായിരുന്നു.നേരത്തെ സയിദാപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങൾക്കെതിരെ ശരത്കുമാറും രാധികയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 2019ൽ ക്രിമിനൽ നടിപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന ഹർജി ജസ്റ്റിസ് ജി ഇളന്തിരയ്യൻ തള്ളിയിരുന്നു. ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും സയിദാപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേസ് എംപിമാർക്കും എംഎൽഎമാരും ഉള്‍പ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്ന ചെന്നൈ കളക്ടറേറ്റ് കോംപ്ലക്സിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.ബുധനാഴ്ച കേസ് പരിഗണിച്ച ജഡ്ജി എൻ അലീസിയ അഭിഭാഷകരുടെ വാദം കേട്ടശേഷം താരദമ്പതികൾക്ക് ഒരു വർഷത്തെ തടവ് ശിക്ഷ പുറപ്പെടുവിക്കുകയായിരുന്നു. ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള സമത്വ മക്കൾ കക്ഷി നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ മുന്നണിയിലാണ് മത്സരിച്ചത്. എന്നാല്‍, ശരത്കുമാറും രാധികയും മത്സര രംഗത്തുണ്ടായിരുന്നില്ല.

Post a comment

Whatsapp Button works on Mobile Device only