30 ഏപ്രിൽ 2021

കൊവിഡ് വ്യാപനം : തൊഴിലുടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
(VISION NEWS 30 ഏപ്രിൽ 2021)സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതു-സ്വകാര്യമേഖല, നിര്‍മ്മാണ മേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്‌കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍ തൊഴിലുടമകളും തൊഴിലാളികളും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കുലറിലുള്ളത്. സാധ്യമാകുന്ന തൊഴിലാളികള്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യുന്നതിന് അവസരമൊരുക്കാന്‍ തൊഴിലുടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐ.ടി സ്ഥാപനങ്ങളിലും സ്റ്റാര്‍ട് അപ് സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യമെരുക്കണം. 
സെയില്‍സ് പ്രൊമോഷന്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കുള്ള സുരക്ഷ ഉറപ്പാക്കണം. പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കിയതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് ഹാജരാകുന്നതിന് ഫ്ളെക്സി ടൈം അനുവദിക്കണം. അര്‍ഹമായ എല്ലാ ലീവുകളും തൊഴിലാളികള്‍ക്ക് അനുവദിക്കണമെന്നും ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വേതനത്തില്‍ കുറവ് വരുത്തരുത്. ബുദ്ധിമുട്ടുള്ള ടാര്‍ജറ്റ് ഏര്‍പ്പെടുത്തുകയോ അത് പാലിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യാന്‍ പാടില്ല. രോഗവ്യാപനം മുന്‍നിര്‍ത്തി എല്ലാ സ്വകാര്യ സ്ഥാപനങ്ങളും/ഇന്‍സ്റ്റിറ്റിയൂഷന്‍/കമ്പനികളും യോഗങ്ങള്‍ ഓണ്‍ലൈനായി നടത്തണം. 
ലേ-ഓഫ്, ലോക്ക്-ഔട്ട്, റിട്രെഞ്ച്മെന്റ്, ടെര്‍മിനേഷന്‍ തുടങ്ങിയ നടപടികള്‍ ഈ കാലയളവില്‍ സ്വീകരിക്കാന്‍ പാടില്ല. കാഷ്വല്‍, ടെമ്പററി, കരാര്‍, ട്രെയിനി, ദിവസ വേതനം അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ളവരെ പിരിച്ചുവിടാനോ അവരുടെ വേതനത്തില്‍ കുറവുവരുത്താനോ പാടില്ല. തര്‍ക്കം ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തൊഴിലുടമ, കോണ്‍ട്രാക്ടര്‍ എന്നിവര്‍ അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം. തൊഴില്‍ തര്‍ക്കങ്ങള്‍, സമരം എന്നിവ ഒഴിവാക്കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്. 
മണി എക്സ്ചേഞ്ച് യൂണിറ്റുകള്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സ്ഥാപനങ്ങളുടെ പ്രവേശന കവാടങ്ങളില്‍ സോപ്പ്, ഹാന്റ് വാഷ്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only