18 ഏപ്രിൽ 2021

ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍, ബുള്ളറ്റ് കണ്ടെടുത്തത് പാറക്കുളത്തില്‍ നിന്നും
(VISION NEWS 18 ഏപ്രിൽ 2021)


ഓമശ്ശേരി: ഒന്നര മാസം മുന്‍പ് കളവ് പോയ ബൈക്ക് പാറക്കുളത്തില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. മോഷ്ടാക്കളായ രണ്ട് യുവാക്കളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഓമശ്ശേരി സ്വദേശി യു.കെ ഹുസൈന്റെ ബുള്ളറ്റാണ് മാര്‍ച്ച് മൂന്നിന് കൊടുവള്ളിയിലെ വീട്ടില്‍ നിന്നും മോഷണം പോയത്. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലം ദേവതിയാല്‍ കോളനിയിലെ സുഭാഷ് (23), പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ പടിഞ്ഞാറെ കളപ്പുറം എം കിഷോര്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മോഷ്ടിച്ച ബുള്ളറ്റില്‍ പല സ്ഥലങ്ങളിലും കറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ മോഷണം പോയ സംഭവം പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചരിച്ചതോടെ ബൈക്ക് കൊണ്ടോട്ടി ചെരുപ്പടിമലയിലെ വലിയ പാറക്കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി പരിശോധിച്ചാണ് പ്രതികളെ കൊടുവള്ളി പൊലീസ്  പിടികൂടുന്നത്. ആഴമുള്ള കുളത്തില്‍ നിന്നും ബൈക്ക് ഇന്നലെ ഉച്ചയോടെ കര്‍മ്മ ഓമശ്ശേരിയുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. അന്‍പതടിയോളം ഉയരമുള്ള പാറയില്‍ നിന്നും ബൈക്ക് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മദിച്ചു. സി.ഐ ദാമോദരന്‍, എസ്.ഐ മാരായ ദിജേഷ്, ശ്രീകുമാര്‍, എ.എസ്.ഐ സജീവ്, എസ്.സി.പി.ഒ അബ്ദുല്‍ റഷീദ്, ജയരാജ്, അജിത്ത്, സുനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുളത്തില്‍ നിന്നും ബൈക്ക് ഓമശ്ശേരി കര്‍മ്മ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അംഗങ്ങളായ കെ.പി ബഷീര്‍, കെ.കെ നൗഷിഫ് അന്‍വര്‍, അനസ്, റഷീദ്, എ.കെ മുഹമ്മദലി സുറുമ എന്നിവരുടെ നേതൃത്വത്തിലാണ് ബൈക്ക് പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only