02 ഏപ്രിൽ 2021

പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ; മറികടന്നത് അമേരിക്കയെ
(VISION NEWS 02 ഏപ്രിൽ 2021)ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,097 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അമേരിക്കയില്‍ ഏപ്രില്‍ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 77,718 പുതിയ കേസുകളും.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 30-നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അന്നു മുതല്‍ ഇന്നേവരെ 1,23,03,131 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ ആദ്യ കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ജനുവരി 22-നാണ്. പിന്നീട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30,538,427 ആയി വര്‍ധിച്ചു. എന്നാല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീലിനും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ആകെ കോവിഡ് മരണങ്ങളുടെ കാര്യത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നാലെ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.

പ്രതിദിന കോവിഡ് മരണങ്ങളില്‍ 83.16 ശതമാനവും രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അതിനിടെ, രാജ്യത്തെ സജീവ കേസുകള്‍ 6,14,696 ആയി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ അഞ്ച് ശതമാനമാണിത്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആക്ടീവ് കേസുകളില്‍ 77.91 ശതമാനവും. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 59.84 ശതമാനവും മഹാരാഷ്ട്രയില്‍ മാത്രമാണ്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ മോശം അവസ്ഥയില്‍നിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും വൈറസ് ഇപ്പോഴും സജീവമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only