03 ഏപ്രിൽ 2021

തിരുവമ്പാടിയിൽ മാവോവാദി ഭീഷണി: പോളിങ് ബൂത്തുകളിൽ അതിജാഗ്രതാ നിർദേശം.
(VISION NEWS 03 ഏപ്രിൽ 2021)തിരുവമ്പാടി : മാവോവാദികളുടെ ഭീഷണിയെത്തുടർന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ അതിജാഗ്രതാ നിർദേശം. പ്രത്യേക കേന്ദ്രസേനയെ വിന്യസിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് തിരഞ്ഞെടുപ്പുകമ്മിഷൻ നൽകിയിരിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്നാണിത്.

ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ മുത്തപ്പൻപുഴയിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനംചെയ്ത് മാവോവാദികളുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.

ആയുധധാരികളായ നാലംഗ സംഘമാണ് പോസ്റ്റർ പതിക്കാനെത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന. കുണ്ടൻതോട് വനമേഖലയിൽനിന്ന് കിളിക്കല്ല് കടന്നാണ് ഇവർ എത്തിയതത്രെ. ‘വിമോചനത്തിന്റെ പാത തിരഞ്ഞെടുപ്പല്ല, ജനകീയ യുദ്ധമാണ്’ എന്ന ശീർഷകത്തിൽ സി.പി.ഐ. (മാവോയിസ്റ്റ്) നാടുകാണി ഏരിയാസമിതിയുടെ പേരിലാണ് പോസ്റ്റർ. മൂന്നുമുന്നണികൾക്കെതിരേയും രൂക്ഷവിമർശനങ്ങളടങ്ങിയതാണ് പോസ്റ്ററുകൾ. 

പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് ഇവർ എത്തിയതെന്ന് തിരുവമ്പാടി സി.ഐ. സുധീർ പറഞ്ഞു. പോസ്റ്ററുകൾ പതിച്ചശേഷം അങ്ങാടിയിലെ കടയിൽനിന്ന്‌ എണ്ണക്കടികളും ചായയും കഴിച്ചാണ് ഇവർ തിരിച്ചുപോയത്. 

ആരും വോട്ടുചെയ്യരുതെന്നും കർഷകരെ പീഡിപ്പിക്കുന്ന അധികാരികളെ നേരിടാൻ തങ്ങൾ ഒപ്പമുണ്ടാകുമെന്നും പറഞ്ഞ ശേഷമാണിവർ മടങ്ങിപ്പോയത്. തണ്ടർ ബോൾട്ട് ഉൾപ്പെടെയെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി.

തിരുവമ്പാടി മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിൻമേലടക്കം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ഒരു വർഷം മുമ്പും പ്രദേശത്ത് വനപാലകർക്കും സർക്കാരിനുമെതിരേ പോസ്റ്ററുകൾ പതിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only