04 ഏപ്രിൽ 2021

ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽ
(VISION NEWS 04 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി.
ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ ഉടൻ നിർത്തുകയായിരുന്നു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ട്രാക്കിലുണ്ടായിരുന്ന വലിയ തടി കഷ്ണം എടുത്തു മാറ്റുകയായിരുന്നു. ട്രെയിൻ വേഗം കുറച്ചു വന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.
ട്രാക്കിൽ നിന്ന് ലഭിച്ച തടിക്കഷണം ഉടൻ തന്നെ കൊല്ലം ആര്‍. പി. എഫ് പോസ്​റ്റില്‍ എത്തിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്ര​ന്‍റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു. ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ ​ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം ആണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലർച്ചെ മുതൽ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് തെങ്ങിൻ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇവരെ തുടർ നടപടികൾക്കായി കൊല്ലം ആർ പി എഫ് സ്റ്റേ,നിലേക്കു മാറ്റുകയായിരുന്നു.

റെയിൽവേ ട്രാക്കിലെ അട്ടിമറി - അപകട സംഭവങ്ങൾ വർക്കല ഇടവ ഭാഗങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുറച്ചു നാൾ മുമ്പാണ് മലബാർ എക്സ്പ്രസ് ട്രെയിനു വർക്കലയ്ക്കു സമീപം വെച്ച് തീപിടുത്തമുണ്ടായത്. ഈ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. ഇതിനു പിന്നിൽ അട്ടിമറി ശ്രമമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് ചെന്നൈ - ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ, ട്രാക്കിൽ ബൈക്ക് ഇടിച്ചു തെറിപ്പിച്ച സംഭവവും വർക്കലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ട്രാക്കിലൂടെ ബൈക്കിൽ കാമുകിയുടെ വീട്ടിലേക്കു പോയ യുവാവും രണ്ടു സുഹൃത്തുക്കളും ഈ സംഭവത്തിൽ അറസ്റ്റിലായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only