05 April 2021

മൂഡ് ഓഫ്, ടെന്‍ഷന്‍, സങ്കടം; ജീവിതം മടുത്തെന്ന് കരുതല്ലേ, തിരിച്ചു പിടിക്കാം
(VISION NEWS 05 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകശരീരത്തിന് രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽ ആരോഗ്യം പൂർണം എന്നതാണ് പൊതുവെ ഉള്ള കാഴ്ചപ്പാട്. എന്നാല്‍ ശരീരത്തിന്‍റെ അവിഭാജ്യ ഭാഗമായ മനസ്സിന്‍റെ കാര്യം പലരുടെയും പരിഗണനയില്‍ വരുന്നതേയില്ല. യഥാര്‍ത്ഥത്തില്‍ ആരോഗ്യമെന്നത് മനസ്സിന്‍റെയും ശരീരത്തിന്‍റെയും കൂടി ആരോഗ്യമാണ്. 'മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. മാനസികാരോഗ്യമില്ലെങ്കില്‍ ആരോഗ്യമുണ്ടെന്ന് പറയാനാവില്ലെ'ന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് പോലും.

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്, സാമാന്യേന ആരോഗ്യം (Health) എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണ് ആരോഗ്യം. ലോകാരോഗ്യ സംഘടനയുടെ തന്നെ വിലയിരുത്തൽ പ്രകാരം 'വ്യക്തി അവന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മനഃസംഘര്‍ഷങ്ങളെ അതിജീവിക്കുക, നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കുക ഇങ്ങനെ തന്‍റെ ജീവിതത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവനകള്‍ നല്‍കുക, ഇതാണ് മാനസികാരോഗ്യം.'

കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കുക, നല്ലതും ചീത്തയുമായ വികാരങ്ങളെ നിയന്ത്രിക്കുക എന്നത് മനസികാരോഗ്യത്തിന്‍റെ ലക്ഷണങ്ങളാണ്. സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ നമ്മുടെ മാനസികാരോഗ്യത്തെ മോശമായി സ്വാധീനിക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യും.

മാനസികാരോഗ്യം സംബന്ധിച്ചുള്ള അവബോധം ഇന്നും നമ്മുടെ ഇടയിൽ വളരെ കുറവാണ്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും യഥാർത്ഥത്തിൽ ഉള്ളതല്ലെന്നും വെറും തോന്നൽ മാത്രം ആണെന്നുമുള്ള വിധത്തിൽ തെറ്റായി വ്യാഖാനിക്കപ്പെടുകയും ചെയ്യുന്നു.

മാനസിക തകരാറുകൾ രണ്ടു തരത്തിൽ വിഭജിച്ചിരിക്കുന്നു

മാനസിക തകരാറുകള്‍ രണ്ടു തരത്തിലാണുള്ളത്. സാധാരണ കാണുന്ന മാനസിക പ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ അടിസ്ഥാനമാക്കിയുള്ളവ. പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന (സ്കീസോഫ്രീനിയ), ഇരട്ട വ്യക്തിത്വം എന്നിവ പോലെയുള്ള രോഗങ്ങൾ കടുത്ത മാനസിക തകരാറുകളുടെ ഗണത്തിൽ ഉൾപ്പെടുന്നു. കടുത്ത മാനസിക തകരാറുകൾക്കു വിദഗ്ധരുടെ ശ്രദ്ധ അടിയന്തിരമായി വേണമെങ്കിലും പൊതുവെ കാണുന്ന മാനസിക പ്രശ്നങ്ങൾ തിരിച്ചറിയപ്പെടാത്തതും ചികിത്സ ലഭ്യമാകാതെ അവഗണിക്കപ്പെടുന്നതും അറിവില്ലായ്മ മൂലമാണ്.

മാനസിക ആരോഗ്യം തകരാറിലാകാൻ ഉള്ള കാരണങ്ങൾ

തലച്ചോറിന് സംഭവിക്കുന്ന മാറ്റങ്ങൾ

സാമൂഹിക സാമ്പത്തിക സമ്മർദ്ദങ്ങൾ

സാമൂഹിക ഇടപെടലുകൾ കുറയുന്നത്

ജനിതകപരമായ കാരണങ്ങൾ

മാനസിക തകരാറിന്റെ ലക്ഷണങ്ങള്‍

ഒന്നിലും താല്പര്യം ഇല്ലാതിരിക്കുക

ഏകാന്തത

അകാരണമായ ദുഃഖം

ഒന്നിലും ഉത്സാഹമില്ലായ്മ

വെറുപ്പ്

പെട്ടെന്നുള്ള ദേഷ്യം

അകാരണമായ ഉത്കണ്ഠ

ക്ഷീണം

ഭയം

ഉറക്കക്കുറവ്

വിശപ്പില്ലായ്മ, ചിലപ്പോള് വിശപ്പ് കൂടുതല്‍

ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക

കൂടുതലായോ കുറവായോ ഉറങ്ങുക

മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശീലമാക്കാവുന്ന ലളിത മാർഗങ്ങൾ

നല്ല പോലെ ഉറങ്ങുക. എല്ലാ ദിവസവും മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്നതിന് ശരിയായ ഉറക്കം ഉറപ്പു വരുത്തുക. വേണ്ടത്ര ഉറക്കം ഇല്ലാത്തത് മാനസിക സമ്മർദ്ദത്തിന് കാരണമാകുന്നു.

പതിവായി വ്യായാമം ചെയ്യുക. ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച മാനസികാരോഗ്യ പ്രശ്ങ്ങൾ കുറവാണ്.

മദ്യപാനം, പുകവലി, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം മാനസികവും ശാരീരികവുമായ ആരോഗ്യം നശിപ്പിക്കുകയും ആശ്രിതത്വം വർധിപ്പിക്കുകയും ചെയ്യും.

സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കുക - കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സമയം ചിലവഴിക്കുക, അർത്ഥവത്തായ സാമൂഹിക ബന്ധങ്ങൾ മാനസിക ആരോഗ്യത്തെ നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നു.

പുതിയ കഴിവുകൾ അല്ലെങ്കിൽ ഹോബികൾ കണ്ടെത്തുക. അതുവഴി നമ്മുടെ മനസ്സ് എല്ലായ്പ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുകയും, മാനസിക ഉല്ലാസം നൽകുകയും ചെയ്യുന്നു.

തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്തുന്നതിന് പച്ചക്കറികൾ, പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം ശീലമാക്കുക. പോഷകാഹാരക്കുറവ് വിഷാദം, ക്ഷീണം, ഓർമക്കുറവ്, തുടങ്ങിയ മാനസിക രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നു.

പ്രശ്നങ്ങളും വിഷമതകളും ജീവിതത്തിന്‍റെ ഭാഗമാണെന്ന തിരച്ചറിവാണ് നല്ലൊരു ജീവിതത്തിന് പ്രധാനം. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അത് നേരിടാനുള്ള മനഃശക്തി നേടിയെടുക്കണം. ദേഷ്യം നിയന്ത്രിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്. ദേഷ്യം സമാധാനമല്ല, പ്രശ്നമാണ് എന്നു മനസിലാക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ദേഷ്യം നിയന്ത്രിക്കുവാന്‍ സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനായി ചിരി ക്ലബുകളില്‍ ചേരുന്നതും നല്ലതാണ്. മറ്റുള്ളവരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുവാന്‍ ശ്രമിക്കുക. പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുവാന്‍ കഴിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും സഹായകമായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പറയുന്നത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്കും ചെവി കൊടുക്കണം.

പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള ഒരു മനസ്സുണ്ടാക്കിയെടുക്കുക. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങളും വിഷമങ്ങളും മറക്കുവാന്‍ സഹായിക്കും. ഒഴിവുസമയം വെറുതെയിരിക്കാതെ ഇഷ്ടമുള്ള ഹോബികള്‍ക്കായി നീക്കി വയ്ക്കാം. വെറുതേ ഇരിക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകും. മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിക്കുക. നിസാരകാര്യങ്ങള്‍ക്ക് മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരോടുള്ള ദേഷ്യം ഉള്ളില്‍ വെച്ചു കൊണ്ടിരിക്കുകയോ ചെയ്യരുത്. ഇത് നമ്മുടെ മാനസിക നിലയെത്തന്നെയാണ് പരോക്ഷമായി ബാധിക്കുക.

Post a comment

Whatsapp Button works on Mobile Device only