16 ഏപ്രിൽ 2021

കോഴിക്കോട് ജില്ലയിലെ കൺടെയ്ൻമെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
(VISION NEWS 16 ഏപ്രിൽ 2021)
കോഴിക്കോട്: ജില്ലയിലെ കൺടെയ്ൻമെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാവുന്നതൊഴിവാക്കാന്‍ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കൺടെയ്ൻമെന്റ് സോണുകളില്‍ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ ഇതുപ്രകാരം പൂര്‍ണമായി നിരോധിച്ചു. തൊഴില്‍, അവശ്യസേവനാവശ്യങ്ങള്‍ക്കു മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പോലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

കൺടെയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും നടത്താനേ പാടുള്ളൂ. ഇതില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി നിയോഗിക്കപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കൺടെയ്ൻമെന്റ് സോണുകളില്‍ നിരീക്ഷണത്തിനുണ്ടാവും.

രോഗവ്യാപനം വിശകലനം ചെയ്ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കൺടെയ്ൻമെന്റ് സോണുകളുടെ വിവരം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ ലഭ്യമാണ്. രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only