09 April 2021

ആനയെ തുരത്താൻ തേനീച്ചകൾ; പദ്ധതി കേരളത്തിലും
(VISION NEWS 09 April 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ ഇനി തേനീച്ചകൾ തുരത്തും. ഖാദി ഗ്രാമവ്യവസായ കമ്മിഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ ‘ആനയ്ക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കും.

ആനകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞമാസം കുടകിൽ പരീക്ഷിച്ച പദ്ധതി കേരളം, തമിഴ്‌നാട്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ചെലവുകുറഞ്ഞ നൂതനമായ ഈ രീതി വലിയ ജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളുടെ അതിർത്തിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്.

നാഗർഹോലെ വന്യമൃഗസങ്കേതത്തിന്റെ അതിർത്തിയിൽ നാലിടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് പരീക്ഷണപദ്ധതി പരീക്ഷിച്ചത്. തേനീച്ചകളുടെ മൂളൽ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയിൽ കണ്ടത്. തേനീച്ചകൾ കണ്ണിലും തുമ്പിക്കൈയുടെ ഉൾഭാഗത്തും കുത്തുമെന്ന ഭയവും ആനകൾക്കുണ്ട്. തേനീച്ചക്കൂടുകൾ സ്ഥാപിച്ച പ്രദേശങ്ങളിലൊന്നും ആനകൾ കൃഷി നശിപ്പിച്ചില്ല. ഈ പദ്ധതി ആദിവാസി മേഖലകളിലും മറ്റിടങ്ങളിലും നടപ്പാക്കുകയാണെങ്കിൽ ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാനാവുമെന്ന് ഖാദി ഗ്രാമവ്യവസായ കമ്മിഷൻ അധ്യക്ഷൻ വിനയ് കുമാർ സക്‌സേന പറഞ്ഞു.

പൈലറ്റ് പദ്ധതി നടപ്പാക്കിയപ്പോഴുള്ള അനുഭവം

* തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിനുശേഷം മാർച്ച് ഒന്നുമുതൽ ഒമ്പതുവരെ ദിവസവും ആനകൾ വന്നുവെങ്കിലും ജനവാസകേന്ദ്രങ്ങളിൽ കടന്നില്ല.

* മാർച്ച് 10 മുതൽ 15 വരെ ആനകൾ വന്നതേയില്ല.

* 16-ന് ആനകളുടെ സഞ്ചാരമുണ്ടായി. പക്ഷേ, ജനവാസകേന്ദ്രങ്ങളിലേക്ക് കയറിയില്ല.

* 17 മുതൽ 25 വരെ ആനകൾ വന്നില്ല.

* 26-ന് ആനകൾ വന്നെങ്കിലും തേനീച്ചക്കൂടുകൾ കണ്ടയുടൻ സ്ഥലംവിട്ടു.

* 27 മുതൽ 29 വരെ ആനകൾ വന്നില്ല.

* 30-ന് ആനകൾ വന്നെങ്കിലും തേനീച്ചകളുടെ സാന്നിധ്യം മനസ്സിലാക്കി ഉടൻ തിരിച്ചുപോയി.

Post a comment

Whatsapp Button works on Mobile Device only