17 ഏപ്രിൽ 2021

തൃശൂർ പൂരം കൊടിയേറ്റം ഇന്ന് ; പ്രവേശനം സർട്ടിഫിക്കറ്റ് ഉള്ളവർക്ക്
(VISION NEWS 17 ഏപ്രിൽ 2021)തൃശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്ന് നടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റം. കൊവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ കൊടിയേറ്റ ചടങ്ങ്‌ നടക്കുക. പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം ഇന്ന് തുടങ്ങും. തിരുവമ്പാടിയിൽ പകൽ മൂന്നോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. പടിഞ്ഞാറെ ചിറയിലാണ് ആറാട്ട്.

പാറമേക്കാവ് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും കൊടി ഉയർത്തും.തൃശൂർ പൂരത്തിന്റെ ഘടക പൂര ദേശക്കാരായ കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീധർമശാസ്ത്രാ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും ഇന്ന് വിവിധ സമയങ്ങളിൽ കൊടിയേറ്റം നടത്തും. ഏപ്രിൽ 23നാണ് തൃശൂർ പൂരം. പൂരത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only