02 ഏപ്രിൽ 2021

'കൊട്ടിക്കലാശം ഇല്ല, ആ പണം ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക്'; വേറിട്ട മാതൃകയായി മാണി സി. കാപ്പന്‍
(VISION NEWS 02 ഏപ്രിൽ 2021)കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസന ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മാണി സി. കാപ്പന്‍. കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തിലെത്തി കാപ്പന്റെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു.
ഇപ്പോള്‍ വ്യത്യസ്തമായ തീരുമാനവുമായാണ് കാപ്പന്‍ എത്തിയിരിക്കുന്നു. ഇത്തവണ തന്റെ പ്രചാരണത്തില്‍ കൊട്ടിക്കലാശം വേണ്ടെന്നാണ് അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി, ദിവസങ്ങളില്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും ഞായറാഴ്ച കലാശക്കൊട്ട് ഒഴിവാക്കാനും അതിനു ചെലവ് വരുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചതായും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാണി സി. കാപ്പന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
'പ്രിയ പാലാക്കാരെ,

ഏതൊരു തെരഞ്ഞെടുപ്പിന്റെയും പ്രചാരണഘട്ടത്തിലെ അവസാന നടപടി എന്ന നിലയിലാണ് കൊട്ടിക്കലാശം നടത്തുന്നത്. പരസ്യ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുക എന്നതിലുപരി ഓരോ സ്ഥാനാര്‍ത്ഥിയുടെ ശക്തിയും കരുത്തും ജനസ്വാധീനവും തെളിയിക്കപെടും എന്ന് വിശ്വസിക്കുന്ന ഒരു പ്രക്രിയ കൂടി ആണ് കൊട്ടിക്കലാശം.

പതിവിനു വിപരീതമായി ഇത്തവണ എന്റെ പ്രചരണത്തിന്റെ ഭാഗമായി കൊട്ടിക്കലാശം വേണ്ട എന്ന് തീരുമാനിക്കുക ആണ്. വിശുദ്ധവാരമായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പരസ്യ പ്രചാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാനും, ഞായറാഴ്ച നടക്കേണ്ട കൊട്ടിക്കലാശം ഒഴിവാക്കി, അതിനു ചിലവ് വരുമെന്ന് കരുതുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കൊട്ടി കലാശത്തിന് പകരം, മണ്ഡലം തലത്തില്‍ ആര്‍ഭാടരഹിതമായ സമാപനം നടത്താനാണ് തീരുമാനം.

ഈ തീരുമാനം നമ്മുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഏറ്റെടുക്കണം എന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു'.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only