29 ഏപ്രിൽ 2021

​ക്യൂആര്‍ കോഡ് പണമിടപാട് നടത്താറുണ്ടോ? തട്ടിപ്പിന് മുന്നറിയിപ്പുമായി എസ്ബിഐ
(VISION NEWS 29 ഏപ്രിൽ 2021)ക്യൂ ആർ കോഡ് പണമിടപാട് തട്ടിപ്പിനെതിരെ എസ്‌ബിഐ, പിഎന്‍ബി, ഐസിഐസിഐ ബാങ്കുകളുടെ പുതിയ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍-ഡിജിറ്റല്‍ പണമിടപാടുകള്‍ ഏറുന്നത് പരിഗണിച്ചാണ് അറിയിപ്പ്.

ക്യൂആര്‍ കോഡുകള്‍ വഴി അരങ്ങേറുന്ന ഇതുവരെ കേള്‍ക്കാത്ത തട്ടിപ്പിനെ കുറിച്ചാണ് എസ്‌ബിഐ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. തുക അടയ്ക്കാന്‍ ആവശ്യമുള്ളിടത്ത് അല്ലാതെ പരിചിതമല്ലാത്തവര്‍ പങ്കുവയ്ക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നാണ് ഉപയോക്താക്കള്‍ക്ക് ബാങ്കിന്റെ നിര്‍ദേശം. 

ക്യൂആര്‍ സ്‌കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് പണം ലഭിക്കുകയില്ല. എപ്പോഴും ഓര്‍ക്കേണ്ടത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടത് പണം അയക്കുവാന്‍ വേണ്ടി മാത്രമാണ്. സ്വീകരിക്കാന്‍ വേണ്ടിയല്ല. പണം അയക്കാനില്ലാത്തപ്പോള്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ട ആവശ്യം വരുന്നില്ല - എസ് ബി ഐ ട്വീറ്റില്‍ പറയുന്നു.

അവിശ്വസനീയമായ ഓഫറുകളുമായി വരുന്ന മെയിലുകളോ സന്ദേശങ്ങളോ പിന്തുടരരുതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും ഐസിഐസിഐ ബാങ്കും അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഒടിപി, സിവിവി നമ്പറുകള്‍ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only