04 ഏപ്രിൽ 2021

ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; നാലു പേര്‍ മരിച്ചു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
(VISION NEWS 04 ഏപ്രിൽ 2021)ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വന മേഖലയിലുണ്ടായ കാട്ടു തീ പടരുന്നു. തീപിടുത്തത്തില്‍ നാലു പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നിരവധി കാട്ടുമൃഗങ്ങള്‍ വെന്തു മരിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍റെ 62 ഹെക്ടര്‍ വനമേഖലയിലാണ് തീപിടുത്തം ഉണ്ടായത്. ഇതിനോടകം തന്നെ 37 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു കാട്ടു തീ ഉണ്ടായത്.
തീ അണയ്ക്കന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിനായി 12,000 ഗാര്‍ഡുകളും അഗ്നിശമന സേനാംഗങ്ങളെയും വിന്യസിപ്പിച്ചു. അതേസമയം തീ അണയ്ക്കുന്നതിനായി എന്‍ ഡി ആര്‍ എഫ് സംഘത്തെ വിന്യസിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരിവിട്ടു. ഉത്തരാഖണ്ഡിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഹെലികോപ്റ്ററും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കാട്ടുതീ പടരുന്നതിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷണത്തിലാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തോളമായി ഉത്തരാഖണ്ഡില്‍ നിരവധി വനമേഖലയിലാണ് കാട്ടുതീ ഉണ്ടായത്. ജനുവരി മുതല്‍ ആണ് ഇത്തവണ സംസ്ഥാനത്ത് കാട്ടുതീ ഭീഷണി ഉണ്ടായിരിക്കുന്നത്. 2021 ല്‍ ഏറ്റവും കൂടുതല്‍ തവണ കാട്ടുതീ ഉണ്ടായി. കഴിഞ്ഞ വര്‍ഷം തീപിടുത്തമുണ്ടായ സംഭവങ്ങള്‍ കുറവാണെന്നും ഈ വര്‍ഷം ഇത് വളരെയധികം വര്‍ധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.മനുഷ്യ നിര്‍മ്മിതമായ പ്രവര്‍ത്തനങ്ങളാണ് തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഇതിന് ഒരുപരിധി ഗ്രാമവാസികളാണ് ഉത്തരവാദികളെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 90 ശതമാനത്തിലധികം തീപിടുത്തങ്ങള്‍ക്കും കാരണമാകുന്നത് വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റപ്പുല്ലിനായും വിനോദ സഞ്ചാരികളുടെ അശ്രദ്ധമായ പ്രവര്‍ത്തനങ്ങളും തീപിടുത്തത്തിന് കാരണമാകുന്നുണ്ടെന്ന് അന്തരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മനേജ്‌മേന്റ് അംഗവുമായ ഡോ. സതേന്ദ്ര പറഞ്ഞു.

കാട്ടുതീ തടയുന്നതിനായി വനംവകുപ്പ് നേരത്തെ നടപടികള്‍ സ്വീകിരച്ചു വരുന്നുണ്ടായിരുന്നെങ്കിലും കോവിഡ് പകര്‍ച്ച വ്യാധിക്കിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യ മൂന്ന് വലിയ കാട്ടുതീകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ജനുവരിയില്‍ നാഗലാന്‍ഡ്-മണിപ്പൂര്‍ അതിര്‍ത്തിയില്‍ ഉണ്ടായ കാട്ടുതീ, ഹിമാചല്‍പ്രദേശിലെ കുളുവില്‍ ഉണ്ടായ കാട്ടുതീ, മാര്‍ച്ചില്‍ ഒഡീഷയിലെ മയൂര്‍ഭഞ്ചില്‍ ഉണ്ടായ കാട്ടുതീ എന്നിവയായിരുന്നു അത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only