18 ഏപ്രിൽ 2021

പ്രഭാത വാർത്തകൾ
(VISION NEWS 18 ഏപ്രിൽ 2021)

🔳വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേശീയ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ കരുത്തോടെയുള്ള കോവിഡിന്റെ രണ്ടാം വ്യാപനം സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തിയെന്നും അതേ തത്വങ്ങള്‍ ഉപയോഗിച്ച് വേഗതയിലും ഏകോപനത്തോടെയും ഇത് വീണ്ടും ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳കോവിഡിന്റെ രണ്ടാം തരംഗത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തയ്യാറെടുക്കാന്‍ ഒരു വര്‍ഷമുണ്ടായിട്ടും ഇന്ത്യ കാത്തുനിന്നെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാവുന്ന കുറഞ്ഞ പ്രായപരിധി 25 ആയി കുറക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. 

➖➖➖➖➖➖➖➖


🔳കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡിനെതിരായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്നിന്റെ വില വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മരുന്നിന്റെ വില കുറച്ചുകൊണ്ട് രാസവള-രാസവസ്തു മന്ത്രാലയം ഉത്തരവിറക്കിയത്.

🔳ആവശ്യത്തിനനുസരിച്ചുമാത്രം വാക്സിന്‍ തരാമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ സംസ്ഥാനം കടുത്ത ആശങ്കയിലേക്ക്. 50 ലക്ഷം ഡോസ് വാക്സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം രണ്ടുലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. കോവിഡ് നിര്‍ണയ പരിശോധനയ്ക്കൊപ്പം വാക്സിനേഷനും വ്യാപകമാക്കി രോഗനിരക്ക് പിടിച്ചുനിര്‍ത്താനുള്ള തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. വാക്സിന്‍ക്ഷാമം ഈ നടപടികള്‍ക്ക് വെല്ലുവിളിയാവുകയാണ്.

🔳സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും ഔട്ട്‌ഡോര്‍ പരിപാടികള്‍ക്ക് 150 പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.


🔳കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന്‍  താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

🔳മന്ത്രി ജി സുധാകരനെതിരായ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി അമ്പലപ്പുഴ പോലീസ് ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി. പരാതിക്കിടയാക്കിയ വാര്‍ത്താസമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നതിനാലാണ് പരാതി കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

🔳കോവിഡ് രണ്ടാം ഘട്ട അതിവേഗ വ്യാപനത്തിനിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി ബസ് ഉടമകള്‍. ടാക്‌സ് ഒഴിവാക്കിയില്ലെങ്കില്‍ മിക്ക സര്‍വീസുകളും മെയ് 1 മുതല്‍ ജി ഫോം കൊടുത്ത് സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍.

🔳പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്. പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞ് കുവൈത്തില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍നിന്നും ആറ് കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തത്.

🔳ആന പാപ്പാന്‍മാര്‍ക്ക് കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ആനകളെ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്ന് വനംവകുപ്പ്. ആനകളുടെ ഫിറ്റ്‌നസും പരിശോധിക്കും. ആനകളെ പരിശോധിക്കാന്‍ നാല്‍പത് അംഗ സംഘത്തെ നിയോഗിച്ചു.

🔳സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം. കേരളത്തില്‍ ഇന്നലെ 81,211 സാമ്പിളുകള്‍ പരിശോധിച്ചതില്‍  13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1,019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 80,019 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333.

🔳സംസ്ഥാനത്ത് ഇന്നലെ 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്.

🔳ബംഗാളില്‍ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമത എന്നും കേന്ദ്രസര്‍ക്കാരുമായി അവര്‍ സഹകരിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ലെന്നും എല്ലാ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ യോഗത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നും മമത ധാര്‍ഷ്ട്യക്കാരിയാണെന്നും  മോദി പറഞ്ഞു.

🔳കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പുതിയ രോഗികളും ആയിരത്തിന് മുകളില്‍ മരണങ്ങളുമാണ് നിലവില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങള്‍ 1,750 വരെ ആയേക്കാമെന്നും ജൂണ്‍ ആദ്യ വാരത്തോടെ ഇത് ഏകദേശം 2,320 ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ഹരിദ്വാറില്‍ നടന്നുവന്ന കുഭമേള വെട്ടിച്ചുരുക്കിയതായി സന്യാസി സംഘടന ജുന അഖാഡ. ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തില്‍ കുഭമേള വെട്ടിച്ചുരുക്കുകയാണെന്നും സ്വാമി അവധേശാനന്ദ അറിയിച്ചു. കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുഭമേള പ്രതീകാത്മകമായി ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും സ്വാമി അവധേശാനന്ദ ഗിരിയോട് അഭ്വര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

🔳കുംഭമേളയില്‍ പങ്കെടുത്ത് തിരികെ എത്തുന്നവര്‍ കൊറോണ വൈറസിനെ പ്രസാദം എന്ന പോലെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് എത്തിക്കുകയാണെന്ന് മുംബൈ മേയര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കറുടെ പ്രസ്താവന. കുംഭമേളയില്‍ പങ്കെടുത്ത് തിരികെ മുംബൈയില്‍ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.

🔳രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് തീവ്രരോഗവ്യാപനവും മരണവും. ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 2,60,533 പേര്‍ക്ക്.  മരണം 1492. ഇതോടെ ആകെ മരണം 1,77,167 ആയി. ഇതുവരെ 1,47,82,461 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 17.93 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 67,123 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 27,334 പേര്‍ക്കും ഡല്‍ഹിയില്‍ 24,375 പേര്‍ക്കും ചത്തീസ്ഗഡില്‍ 16,083 പേര്‍ക്കും കര്‍ണാടകയില്‍ 17,489 പേര്‍ക്കും മധ്യപ്രദേശില്‍ 11,269 പേര്‍ക്കും തമിഴ്നാട്ടില്‍ 9,344 പേര്‍ക്കും ഗുജറാത്തില്‍ 9,541 പേര്‍ക്കും രാജസ്ഥാനില്‍ 9,046 പേര്‍ക്കും   പശ്ചിമബംഗാളില്‍ 7,713 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 7,224 പേര്‍ക്കും ബീഹാറില്‍ 7,870 പേര്‍ക്കും ഹരിയാനയില്‍ 7,717 പേര്‍ക്കും  തെലുങ്കാനയില്‍ 4,446 പേര്‍ക്കും പഞ്ചാബില്‍ 4,431 പേര്‍ക്കും  ജാര്‍ഖണ്ഡില്‍ 3,838 പേര്‍ക്കും ഒഡീഷയില്‍ 3,144 പേര്‍ക്കും ഉത്തരാഖണ്ഡില്‍ 2,757 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ 7,64,297 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 60,691 പേര്‍ക്കും ബ്രസീലില്‍ 65,749 പേര്‍ക്കും  തുര്‍ക്കിയില്‍ 62,606 പേര്‍ക്കും ഫ്രാന്‍സില്‍ 35,861 പേര്‍ക്കും ജര്‍മനിയില്‍ 20,957 പേര്‍ക്കും ഇറാനില്‍ 21,312 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 14.12 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.82 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,842 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 704 പേരും ബ്രസീലില്‍ 2,654 പേരും പോളണ്ടില്‍ 616 പേരും  ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 30.22 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് 13 റണ്‍സിന്റെ വിജയം. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബൗളര്‍മാരാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്. ചെറിയ സ്‌കോറില്‍ മുംബൈ ഇന്ത്യന്‍സിനെ ഒതുക്കിയെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ സണ്‍റൈസേഴ്‌സ് 19.4 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി.

🔳റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഉയര്‍ന്ന് 581.21 ബില്യണ്‍ ഡോളറിലെത്തി. 4.34 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് വിദേശനാണ്യ ശേഖരത്തിലുണ്ടായത്. ഏപ്രില്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 2.42 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 576.28 ബില്യണ്‍ ഡോളറായിരുന്നു. 2021 ജനുവരി 29 ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്‌സ് കരുതല്‍ റെക്കോര്‍ഡ് നിലവാരത്തില്‍ ഉയര്‍ന്ന് 590.18 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. സ്വര്‍ണ്ണ ശേഖരം 1.30 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 35.32 ബില്യണ്‍ ഡോളറിലെത്തി.

🔳പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ നാലാം പാദത്തിലെ അറ്റാദായത്തില്‍ 18.17 ശതമാനം വര്‍ധന. 8,186.51 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ ബാങ്കിന്റെ ലാഭം. മുന്‍വര്‍ഷം ഇതേപാദത്തില്‍ 6,927.69 കോടി രൂപയായിരുന്നു അറ്റാദായം. പലിശ വരുമാനം 12.60 ശതമാനം വര്‍ധിച്ച് 17,120.15 കോടി രൂപയായി. പലിശേതര വരുമാനം 25.88 ശതമാനം വര്‍ധിച്ച് 7,593.91 കോടി രൂപയുമായി. നിഷ്‌ക്രിയ ആസ്തി 1.26 ശതമാനത്തില്‍ നിന്ന് 1.32 ശതമാനമായി വര്‍ധിച്ചു.

🔳കുട്ടികളോടുള്ള സ്‌നേഹ വാത്സല്യത്തിന്റെ കഥയുമായി പുതിയ ചിത്രം 'ഏട്ടന്‍' വരുന്നു.  ട്രയൂണ്‍ പ്രൊഡക്ഷന്‍സ്-ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രദീപ് നാരായണന്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം 19ന് അതിരപ്പളളിയില്‍ ആരംഭിക്കും.  ബാലതാരം ലാല്‍ കൃഷ്ണ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. ആന്‍സന്‍ ആന്റണിയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ ആണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, ഡോ. കലാമണ്ഡലം രാധിക, കൊച്ചുപ്രേമന്‍, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജെയിംസ്, ഡോ. ദിവ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

🔳ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്റ്റാര്‍'. ചിത്രത്തിലെ 'കുറുവാ കാവിലെ' എന്ന ടൈറ്റില്‍ ഗാനം പുറത്ത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം ഒരുക്കി സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നായക നിരയിലെ ജോജു-പൃഥ്വിരാജ് കോംമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു വേഷമിടുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം വേഷമിടുന്നത്.

🔳രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയുടെ തിരഞ്ഞെടുത്ത മോഡലുകളില്‍ വില വര്‍ധനവ് നിലവില്‍ വന്നു. 22500 രൂപയുടെ വില വര്‍ധനവ് ചില മോഡലുകളിലുണ്ടായി. നിര്‍മാണ ചെലവിനെ അധികരിച്ചാണ് വില വര്‍ധനവ് എന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള വിലയുടെ 1.6 ശതമാനം വര്‍ധനവാണ് ഓരോ മോഡലിലുമുണ്ടായിരിക്കുന്നത്. 14 മോഡലുകളില്‍ വില വര്‍ധനവ് ഉണ്ടായി. ഈ പട്ടികയില്‍ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റും സിലേരിയോയുമില്ല എന്ന പ്രത്യേകതയുമുണ്ട്.

🔳കിം കി ഡുക് എന്ന അതിമാനുഷനേയും അദ്ദേഹത്തിന്റെ സിനിമകളേയും വിവരാണത്മകമായി വിശകലനം ചെയ്യുകയും അതിലൂടെ മനുഷ്യാവസ്ഥയുടെ തന്നെ ഇഴകള്‍ കൂറുകയും ചെയ്യുന്ന പത്ത് ലേഖനങ്ങളാണ് ഈ പഠന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ഡയനീഷ്യന്‍ കിം കി ഡുക് പഠനങ്ങള്‍'. സനല്‍ ഹരിദാസ്. മൈത്രി ബുക്സ്. വില 152 രൂപ.

🔳കോവിഡ് വാക്‌സിന്‍ എടുക്കുന്നതുവഴി രോഗം ബാധിക്കില്ലെന്നത് തെറ്റിദ്ധാരണയാണെന്നും അതേസമയം, വാക്‌സിനെടുക്കുന്നത് രോഗതീവ്രതയും മരണസാധ്യതയും കുറയ്ക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ചശേഷവും രോഗബാധയേറ്റവരുടെ വാര്‍ത്തകള്‍ കഴിഞ്ഞ രണ്ടുമാസങ്ങളായി റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ വിശദീകരണം. രണ്ടുഡോസും സ്വീകരിച്ചശേഷവും രോഗംബാധിച്ചവരുണ്ട്. എന്നാല്‍, അവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. വാക്‌സിന് അണുബാധയുടെ തീവ്രതയും മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും' -അപ്പോളോ ആശുപത്രിയിലെ ശ്വാസകോശരോഗവിദഗ്ധനായ ഡോ. ബന്‍സാല്‍ പറഞ്ഞു. രണ്ടുഡോസും സ്വീകരിച്ചശേഷമാണ് ആന്റിബോഡികള്‍ സജീവമാകുന്നത്. അതിനാല്‍ ആദ്യത്തെ ഡോസിനുശേഷം ഒരാള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 'വാക്‌സിന്‍ സമ്പൂര്‍ണ സുരക്ഷാകവചമല്ല. മുഖാവരണമാണ് ഇപ്പോള്‍ ഏറ്റവും മികച്ച വാക്‌സിന്‍. പ്രതിരോധ കുത്തിവെപ്പ് നടത്തിയശേഷം സുരക്ഷിതരാണെന്നു കരുതി മുഖാവരണം ധരിക്കാതിരിക്കുന്നത് തെറ്റാണെന്നുംഅദ്ദേഹം പറഞ്ഞു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ പാര്‍ക്കില്‍ വെച്ച് ഒരാള്‍ ഒരു ചെറിയ കുട്ടി കരയുന്നത് കണ്ടു.  അവളുടെ പാവക്കുട്ടിയെ കാണാനില്ല.  അതാണ് ആ കരച്ചിലിന്റെ കാരണം.  അവളുടെ കരച്ചില്‍ അയാളെ സങ്കടത്തിലാക്കി.  പാവക്കുട്ടി ഒരു യാത്ര പോയിരിക്കുകയാണെന്നും യാത്ര പോകുന്നതിന് മുമ്പ് ആ പാവക്കുട്ടി തന്നോട് യാത്ര പറഞ്ഞിരുന്നുവെന്നും, യാത്രയുടെ വിശേഷങ്ങള്‍ അറിയിച്ച് കത്തെഴുതാമെന്നും പറഞ്ഞിരുന്നതായി അയാള്‍ ആ കുട്ടിയെ പറഞ്ഞുവിശ്വസിപ്പിച്ചു.  പിറ്റെ ദിവസം പാവക്കുട്ടി എഴുതിയ പോലെ ഒരു കത്ത് അയാള്‍ അവളെ വായിച്ചു കേള്‍പ്പിച്ചു.   ഓരോ വരിയും അവള്‍ കൗതുകത്തോടെ കേട്ടു.  ദിവസങ്ങള്‍ കഴിഞ്ഞുപോയി.  ഇടയ്ക്കിട വ്യത്യസ്ത യാത്രകളും കാഴ്ചകളുമായി കുഞ്ഞിനെ തേടി പാവക്കുട്ടിയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു.  ഒരു ദിവസം അയാള്‍ കത്തുമായല്ല വന്നത്.  കയ്യില്‍ പുതിയൊരു പാവക്കുട്ടി!  അയാള്‍ അത് അവള്‍ക്ക് കൊടുത്തു. അവള്‍ അത് വാങ്ങിയില്ല. അവള്‍ പറഞ്ഞു: ' എനിക്കെന്റെ പാവക്കുട്ടിയെ മതി.  ഇതിനെ വേണ്ട.  അയാളുടെ കയ്യില്‍ പുതിയൊരു കഥയുണ്ടായിരുന്നു.  ' ഇത് നിന്റെ പാവക്കുട്ടി തന്നെയാണ്.  യാത്ര കഴിഞ്ഞ് തിരികെ വന്നപ്പോള്‍ രൂപമൊക്കമാറിയതാണ്.  പുതിയൊരാളായി വരുമെന്ന് കത്തിലുണ്ടായിരുന്നല്ലേ? നോക്ക് ഇത് രൂപം മാറിവന്ന മോളുടെ പാവക്കുട്ടിയാണ്'.  അവള്‍ ആ പാവക്കുട്ടിയെ എടുത്തു, താലോലിച്ചു. യാത്രക്ഷീണമുള്ള ആ പാവക്കുട്ടിയെ തോളിലിട്ടു താരാട്ടി ഉറക്കി.  കുറെക്കാലം കഴിഞ്ഞ് അവള്‍ വലിയ കുട്ടിയായപ്പോള്‍  ആ പാവക്കുട്ടിയുടെ ഉള്ളില്‍ നിന്ന് ഒളിപ്പിച്ചുവെച്ച ഒരു സമ്മാനം അവള്‍ക്ക് കിട്ടി.  അദ്ദേഹം അവള്‍ക്ക് വേണ്ടി എഴുതിവെച്ച ഒരു കുറിപ്പായിരുന്നു അത്.  അതിലിങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: 'സ്നേഹിച്ചവരെ ചിലപ്പോള്‍ നഷ്ടപ്പെടും, പക്ഷേ, സ്നേഹം എവിടെയും പോകുന്നില്ല.  ഒന്ന് പോയാല്‍ മറ്റൊന്നിന്റെ രൂപത്തില്‍ സ്നേഹമൊരു പുച്ചക്കുഞ്ഞിനെപ്പോലെ തിരികെ വരും'.  പ്രസിദ്ധ എഴുത്തുകാരനായ കാഫ്കയുടെ ഒരു കഥയാണിത്.  കൂടിച്ചേരലുകളേക്കാള്‍ വേര്‍പാടുകള്‍ നിറഞ്ഞ വിചിത്രമായ ഒരു തെരുവാണ് ജീവിതം എന്ന് എസ്.കെ.പൊറ്റക്കാട് പറഞ്ഞത് പോലെ, ഈ വേര്‍പാടുകളെ നാം ഉള്‍ക്കൊള്ളുക തന്നെ വേണം.  അല്ലെങ്കില്‍ ജീവിതം നിശ്ചലമായിപ്പോകും.  ഇനിയൊരിക്കലും ഇതുവഴി തിരിച്ചുവരാത്ത ഒരു യാത്രയാണ് ജീവിതം.  കുറച്ച് മനുഷ്യരും കുറേ നിമിഷങ്ങളും.  ഓരോ നിമിഷത്തേയും നമുക്ക് മനോഹരമാക്കാന്‍ ശ്രമിക്കാം - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only