ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാനമായ വിഷയം ആണ് കടൽക്കൊല കേസിലെ നടപടികൾ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. രാജ്യാന്തര ട്രിബ്യുണലിന്റെ തീർപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽക്കൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ട്രിബ്യുണൽ നിർദേശിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൈമാറി എന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
എന്നാൽ സെന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും ത്നങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച് നിന്നാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കൽ കോടതിയിൽ നടക്കും.
കേന്ദ്ര സർക്കാർ ആവശ്യത്തെ എതിർക്കാൻ ആയിരുന്നു നേരത്തെ കേരള സർക്കാരിന്റെ തീരുമാനം. കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചവരിൽ മലയാളികൾ ഉള്ളതിനാൽ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേൾക്കണം എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കും എന്നാണ് സൂചന.
Post a comment