15 ഏപ്രിൽ 2021

പ്രഭാത വാർത്തകൾ
(VISION NEWS 15 ഏപ്രിൽ 2021)


🔳രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 2020 ല്‍ ചെയ്തതുപോലെ രാജ്യത്ത് വലിയ രീതിയിലുളള ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പ്രതിരോധം ശക്തിപ്പെടുത്തുക എന്ന മാര്‍ഗമാണ് ഇത്തവണ സര്‍ക്കാര്‍ അവലംബിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

🔳രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

➖➖➖➖➖➖➖➖

🔳കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം.

🔳മന്ത്രി കെ.ടി ജലീലിന്റെ രാജി അനിവാര്യമാക്കിയ ലോകായുക്ത വിധിയുടെ ആഘാതം ഭാവിയില്‍ സര്‍ക്കാരിലേക്കോ മുഖ്യമന്ത്രിയിലേക്കോ എത്താതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. സര്‍ക്കാരാണ് കെ.ടി അദീബിന്റെ നിയമന ഉത്തരവ് ഇറക്കിയത്. യോഗ്യത തിരുത്തുന്ന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയും. ഈ രണ്ട് കാര്യങ്ങള്‍ നില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് വിധി ചോദ്യം ചെയ്ത് റിട്ട് സാധ്യത തേടണമെന്ന് എ.ജി നിയമോപദേശം നല്‍കിയത്.

🔳സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ റിട്ട് ഹര്‍ജിയുമായി നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🔳സ്വജനപക്ഷപാതിത്വം കാട്ടിയ മന്ത്രി കെ.ടി ജലീല്‍ രാജിവെച്ച സ്ഥിതിക്ക് ബന്ധുനിയമന ഫയലില്‍ ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.  ജലീല്‍ ഒപ്പിടുന്നതിന് മുമ്പ് ആ ഫയല്‍ മുഖ്യമന്ത്രി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ആ ഉത്തരവ് നടപ്പിലാകില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.  

🔳മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ തനിക്ക് വഴികാട്ടിയായവര്‍ക്കും ഒപ്പം നിന്നവര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് കെ.ടി.ജലീല്‍. പിതൃ വാല്‍സല്യത്തോടെ സ്‌നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകള്‍ ജീവിതത്തില്‍ മറക്കാനാകില്ലെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജലീല്‍ പറയുന്നു.

🔳ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷി ചേരാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലും ഇന്ന് സുപ്രീം കോടതി തീരുമാനം എടുക്കും.

🔳കോവിഡ് മുക്തനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കണ്ണൂരിലെ വീട്ടില്‍ ഒരാഴ്ചത്തെ ക്വാറന്റീനുശേഷം അദ്ദേഹം പൊതുരംഗത്ത് സജീവമാകും. മുഖ്യമന്ത്രിയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.

🔳കോവിഡ് ബാധിച്ചതിന് മുമ്പും ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യംചെയ്യാന്‍ ആരുമില്ലാത്തത് സംസ്ഥാനത്തിനാകെ അപമാനമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

🔳പൊതുജനത്തെ മുഴുവന്‍ വഞ്ചിക്കുന്ന തരത്തില്‍ കോവിഡ് പരിശോധന പ്രോട്ടോകോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലംഘിച്ചത് എന്തിനെന്ന് അദ്ദേഹം മറുപടി പറഞ്ഞേ മതിയാകൂവെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. നമ്മുടെ കുടുംബങ്ങളിലെ ഓരോ പ്രവാസിയേയും മരണത്തിന്റെ വ്യാപാരി എന്ന് വിളിച്ച് അകറ്റി നിര്‍ത്തിയ പിണറായിക്ക് കോവിഡ് പ്രോട്ടോക്കോളില്‍ ആനുകൂല്യം വിധിക്കുന്നത് എങ്ങനെ നീതികരിക്കാനാവുമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.

🔳കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ന്യുമോണിയ നിയന്ത്രണ വിധേയമായതിനാല്‍ സ്പീക്കറെ ഐസിയുവില്‍  നിന്നും മുറിയിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിടാനാവും എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

🔳കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ നിരഞ്ജന്‍ കൃഷ്ണനയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

🔳ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ആര്യാടന്‍ ഷൗക്കത്ത്. പദവികളുടെ പടിവാതിലടച്ച് പുറത്ത് നിര്‍ത്താം, എന്നാല്‍ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ലെന്നും ഷൗക്കത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

🔳ദേശീയപാതയില്‍ പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്.

🔳ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പടയണിവട്ടം സ്വദേശി അഭിമന്യുവിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നോരോപിച്ച് സിപിഎം രംഗത്തെത്തി.

🔳കേരളത്തില്‍ കൊവിഡിന്റെ തീവ്രവ്യാപനം. കേരളത്തില്‍ ഇന്നലെ 65,258 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 205 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7905 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,245 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകള്‍.

🔳മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക.വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

🔳സിബിഎസ്ഇ പന്ത്രണ്ടാംതരം പരീക്ഷയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. ജൂണ്‍ വരെ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്ന നിലവിലെ തീരുമാനം വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്താംതരം പരീക്ഷ റദ്ദാക്കിക്കൊണ്ടുളള പ്രഖ്യാപനം വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

🔳പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. ഇന്ന് മുതല്‍ നടപ്പാകും.  

🔳ഹരിദ്വാറില്‍ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്നും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് തന്നെ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിക്കുകയും ചെയ്തു.

🔳ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നടത്തുന്നതിനെക്കുറിച്ച് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം.

🔳കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്ന് രാജസ്ഥാനും. നഗരപ്രദേശങ്ങളില്‍ വെകീട്ട് ആറ് മുതല്‍ രാവിലെ ആറു വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. വെള്ളിയാഴ്ച മുതല്‍ കര്‍ഫ്യൂ പ്രബാല്യത്തില്‍ വരും. ഈ മാസം അവസാനം വരെ നിയന്ത്രണം തുടരും.

🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെത്തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നും  ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

🔳ബംഗാള്‍ നിയമസഭാ തിരഞ്ഞെടിപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ കത്ത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഫയല്‍ ചെയ്ത പരാതികള്‍ പരിഗണിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് രണ്ടുപേജുളള കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

🔳സ്‌കാനിയ ബസ് ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കാന്‍ ഗഡ്കരി കുടുംബത്തിന് സ്‌കാനിയ കമ്പനി ആഡംബര ബസ് നല്‍കിയെന്ന വാര്‍ത്ത ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ തള്ളിയിരുന്നെങ്കിലും ബസ്സിടപാടില്‍ ഗഡ്കരിയുടെ മക്കളുടെ പങ്ക് സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗഡ്കരിയുടെ മക്കളായ നിഖില്‍ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവര്‍ സ്‌കാനിയ കമ്പനിയുമായി നടത്തിയ ആശയവിനിമയങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

🔳ഇന്ത്യയില്‍ ഇന്നലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്ത്. ഇന്ത്യയില്‍ ഇന്നലെ കോവിഡ്  സ്ഥിരീകരിച്ചത് 1,99,376 പേര്‍ക്ക്.  മരണം 1037. ഇതോടെ ആകെ മരണം 1,73,152 ആയി. ഇതുവരെ 1,40,70,890 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 14.65 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 58,952 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 20,439 പേര്‍ക്കും ഡല്‍ഹിയില്‍ 17,282 പേര്‍ക്കും ചത്തീസ്ഗഡില്‍ 14,250 പേര്‍ക്കും കര്‍ണാടകയില്‍ 11,265 പേര്‍ക്കും മധ്യപ്രദേശില്‍ 9,720 പേര്‍ക്കും തമിഴ്നാട്ടില്‍ 7,819 പേര്‍ക്കും ഗുജറാത്തില്‍ 7,410 പേര്‍ക്കും രാജസ്ഥാനില്‍ 6,200 പേര്‍ക്കും   പശ്ചിമബംഗാളില്‍ 5,892 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 4,157 പേര്‍ക്കും ബീഹാറില്‍ 4,786 പേര്‍ക്കും ഹരിയാനയില്‍ 5,398 പേര്‍ക്കും  തെലുങ്കാനയില്‍ 2187 പേര്‍ക്കും പഞ്ചാബില്‍ 3,302 പേര്‍ക്കും  ജാര്‍ഖണ്ഡില്‍ 3198 പേര്‍ക്കും ഒഡീഷയില്‍ 2,267 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ 7,85,543 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 74,828 പേര്‍ക്കും ബ്രസീലില്‍ 71,941 പേര്‍ക്കും  തുര്‍ക്കിയില്‍ 62,797 പേര്‍ക്കും ഫ്രാന്‍സില്‍ 43,505 പേര്‍ക്കും ജര്‍മനിയില്‍ 32,546 പേര്‍ക്കും പോളണ്ടില്‍ 21,283 പേര്‍ക്കും അര്‍ജന്റീനയില്‍ 25,157 പേര്‍ക്കും ഇറാനില്‍ 25,582 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 13.88 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.42 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 12,893 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 803 പേരും ബ്രസീലില്‍ 3,166 പേരും പോളണ്ടില്‍ 803 പേരും മെക്സിക്കോയില്‍ 592 പേരും  ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 29.84 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ആഴ്ചകള്‍ക്ക് മുമ്പ് സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ഭീമന്‍ ചരക്ക് കപ്പല്‍ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യണ്‍ യുഎസ് ഡോളര്‍ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്തിലെ സൂയസ് കനാല്‍ അതോറിറ്റി പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബിയെ ഉദ്ധരിച്ച് ഈജിപ്തിലെ അല്‍-അഹ്‌റാം ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🔳നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ പി.എസ്.ജിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ പി.എസ്.ജി സെമിയിലേക്ക് മുന്നേറി.

🔳ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.  മുംബൈയിലെത്തിയ താരം നേരത്തെ നടത്തിയ ടെസ്റ്റില്‍ നെഗറ്റീവ് ഫലവുമായി ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റീനിലായിരുന്നു.

🔳ഐ.സി.സിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി പാകിസ്താന്‍ ക്യാപ്റ്റന്‍
ബാബര്‍ അസം.  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ബാബറിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍. ഒന്നാം സ്ഥാനത്ത് താരത്തിന് 865 പോയന്റുകളുണ്ട്. വിരാട് കോലിക്ക് 857 പോയന്റാണുള്ളത്. 825 പോയന്റുമായി രോഹിത് ശര്‍മയാണ് മൂന്നാമത്.

🔳ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പന്തെറിയവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിനു പിന്നാലെ മുംബൈ ടീമിനെ ആശങ്കയിലാക്കുന്നതാണ് താരത്തിനേറ്റ പരിക്ക്.

🔳ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറു റണ്‍സ് ജയം.  ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.  ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17-ാം ഓവര്‍ മുതല്‍ മത്സരം കൈവിടുകയായിരുന്നു.

🔳വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും.കൂടാതെ ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും. കേരളത്തിലുള്ള എല്ലാ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളിലും മേയ് 30 വരെ ഈ ഓഫര്‍ ലഭ്യമാണ്.

🔳സ്വകാര്യതയുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ജനപ്രിയ ഓപ്പണ്‍ സോഴ്സ് ബ്രൗസര്‍ മോസില്ലയുടെ ഫയര്‍ഫോക്സ് ആമസോണിനോട് പിണങ്ങിമാറുന്നു. ആമസോണിന്റെ ഫയര്‍ ടിവി, എക്കോ ഷോ ഉപകരണങ്ങള്‍ക്കുള്ള പിന്തുണയാണ് അവര്‍ ഉപേക്ഷിക്കുന്നത്. ആമസോണിനെ ഗൂഗിള്‍ പടിക്കു പുറത്തുനിര്‍ത്തിയ കാലത്ത് ഏറ്റവും കൂടുതല്‍ പിന്തുണച്ച കമ്പനിയാണ് മോസില്ല. എന്നാല്‍, ഇപ്പോള്‍ ഗൂഗിളുമായി കൂട്ടുകൂടാന്‍ ആമസോണ്‍ തയ്യാറെടുക്കുന്നതിനിടെയാണ് മോസില്ല തന്ത്രപ്രധാനമായ തീരുമാനം പുറത്തെടുത്തത്. ആമസോണും മോസില്ലയും തമ്മിലുള്ള കരാറുണ്ടാക്കി മൂന്നര വര്‍ഷത്തിനുശേഷമാണിത്.

🔳സുരേഷ് ഗോപി നായകനായെത്തുന്ന കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ഏറെ കാലത്തിന് ശേഷം മാസ് കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമ്പാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വില്‍ എന്റെര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവത്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കും. ലാല്‍, സയാ ഡേവിഡ് എന്നിവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳നന്ദമൂരി ബാലകൃഷ്ണ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് അഖണ്ഡ. സിനിമയുടെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റീലീസ് ചെയ്തു. ബാലകൃഷ്ണ എന്ന ബാലയ്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ഒരു ശിവയോഗിയുടെ ഗെറ്റപ്പിലാണ് ബാലകൃഷ്ണ ഈ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആക്ഷനൊപ്പം ബാലയ്യയുടെ മാസ്സ് ഡയലോഗും ഈ ടീസറില്‍ ഉണ്ട്. യൂട്യൂബില്‍ ട്രെന്‍ഡിംഗായ ടീസര്‍ വീഡിയോ പതിനായിരത്തില്‍ പരം ആളുകള്‍ ഡിസ് ലൈക്കും ചെയ്തിട്ടുണ്ട്.

🔳സ്പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇന്ത്യന്‍ വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറോ. മഹീന്ദ്രയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി മോഡല്‍ കൂടിയാണ് ജനപ്രിയ ബൊലേറോ. 2021 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോഴും ബൊലേറോയുടെ കുതിപ്പ് തുടരുകയാണ്. 8,905 യൂണിറ്റുകളാണ് ഈ മാര്‍ച്ചില്‍ മഹീന്ദ്ര വിറ്റഴിച്ചത്. 2020 മാര്‍ച്ചിലെ 2,080 യൂണിറ്റുകളില്‍ നിന്നാണ് ഈ വളര്‍ച്ച. നിലവില്‍ 8.17 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം വരെയാണ്  ബൊലേറോയുടെ എക്സ്-ഷോറൂം വില.

🔳സൈന്യത്തില്‍ ചേരുമ്പോള്‍ ലഭിക്കുന്ന പരിശീലനം സഞ്ചരിച്ച ഓരോ നാട്ടിലെ ജനങ്ങളുടെ ജീവിതരീതികള്‍ സംസ്‌കരം യുദ്ധത്തിന്റെ ചരിത്രം എന്നിവയെക്കുച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം. 'ഒരു സൈനികന്റെ അനുഭവ ചരിത്രം'. ഡോ. കെ സോമന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 142 രൂപ.

🔳കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടുതല്‍ വെയില്‍ കൊള്ളുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതും കൂടുതല്‍ തോതില്‍ അള്‍ട്രാവയലറ്റ് എ രശ്മികള്‍ പതിക്കുന്നതുമായ ഇടങ്ങളില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ 95 ശതമാനവും അള്‍ട്രാ വയലറ്റ് എ രശ്മികളാണ്. മനുഷ്യശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഇവ ഉള്ളിലെ ചര്‍മ പാളികളില്‍ വരെയെത്തുന്നു. അള്‍ട്രാവയലറ്റ് സി രശ്മികള്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമാണെങ്കിലും അവയുടെ തരംഗദൈര്‍ഘ്യം  മൂലം ഇവ ഭൂമിയുടെ പ്രതലത്തില്‍ എത്തുന്നില്ല. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന കോവിഡ് മരണങ്ങളും അവിടുത്തെ അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും താരതമ്യപ്പെടുത്തിയതാണ് പഠനം നടത്തിയത്. ലാബ് അന്തരീക്ഷത്തില്‍ സാര്‍സ് കോവ്-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ സൂര്യപ്രകാശത്തിന് കഴിയുമെന്ന് മുന്‍പ് നടന്ന ചില പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. സൂര്യപ്രകാശമടിക്കുമ്പോള്‍ ചര്‍മത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന നെട്രസ് ഓക്‌സൈഡ് ആണ് കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. സ്വയം പെരുകാനുള്ള കൊറോണ വൈറസിന്റെ കഴിവിനെ ഈ രാസ സംയുക്തം കുറയ്ക്കുന്നു. സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുമെന്നും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് രോഗികളില്‍ മരണ സാധ്യത വര്‍ധിപ്പിക്കുന്ന സഹരോഗാവസ്ഥയാണ് ഹൃദ്രോഗം. ഇത്തരത്തില്‍ ഹൃദ്രോഗം പോലുള്ള സഹരോഗാവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിലൂടെയാണ് സൂര്യപ്രകാശം കോവിഡ് പ്രതിരോധം തീര്‍ക്കുന്നതെന്ന സാധ്യതയും ഗവേഷണം മുന്നോട്ട് വയ്ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*

കാലിഫോര്‍ണിയയില്‍ ജനിച്ചു വളര്‍ന്ന ബോണി ആരോന്‍സിന് ചെറുപ്പം തൊട്ടേ ഒരു സിനിമാ നടി ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ അവളുടെ അസാധാരണമാം വിധം നീണ്ട മുഖവും നീണ്ടു വളഞ്ഞ മൂക്കും അവളുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി നിന്നു. കാണുന്നവരെല്ലാം എന്തോ വിചിത്രജീവിയെ നോക്കുന്ന പോലെയാണ് അവളെ നോക്കിക്കണ്ടത്.

''ഈ ഭംഗിയില്ലാത്ത മുഖവും വെച്ചുകൊണ്ടാണോ നീ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്? നടന്നത് തന്നെ..'' വീട്ടുകാരും അയല്‍ക്കാരും സഹപാഠികളും അധ്യാപകരുമടക്കം അവളുടെ ആഗ്രഹം കേട്ട സകലരും അവളെ കളിയാക്കിച്ചിരിച്ചു.

എന്നാല്‍ ഇതുകൊണ്ടൊന്നും മനസ്സു തളരാതെ തന്റെ ജീവിതലക്ഷ്യം സിനിമ തന്നെ എന്നുറപ്പിച്ച ബോണി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സിനിമാഭിനയം പഠിക്കുന്നതിനായി ഒരു ഫിലിം സ്‌കൂളില്‍ ചേര്‍ന്നു. പക്ഷേ, അവിടെയും പലരും അവളെ നിരാശപ്പെടുത്തി.

''നിന്റെ മുഖം ഒരിക്കലും സിനിമക്ക് ചേര്‍ന്നതല്ല. അതുകൊണ്ട് മറ്റെന്തിനെങ്കിലും ശ്രമിക്കുന്നതല്ലേ ബുദ്ധി..?''

പക്ഷെ ഈ വാക്കുകള്‍ക്കൊന്നും ബോണിയെ അവളുടെ ലക്ഷ്യത്തില്‍ നിന്ന് വഴിതിരിച്ചു നടത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. എല്ലാ അവഗണനകളെയും പരിഹാസവാക്കുകളെയും അതിജീവിച്ചു കൊണ്ട് അവള്‍ ഫിലിം സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കി. പിന്നെ ഒരു ചാന്‍സ് ചോദിച്ച് ഹോളീവുഡ്ഡിലെ മിക്ക സ്റ്റുഡിയോകളുടെയും വാതിലുകള്‍ ചെന്ന് മുട്ടി. ആരും അവളെ പരിഗണിച്ചില്ല. ചെല്ലുന്നിടത്തെല്ലാം അവളുടെ മൂക്കിന്റെയും മുഖത്തിന്റെയും ഷേപ്പ് തന്നെ അവള്‍ക്കെതിരായി. കുറേ കഴിഞ്ഞപ്പോള്‍ പാതവക്കിലെ വേശ്യയായും, മോര്‍ച്ചറിയിലെ ശവമായും, ജയില്‍ പുള്ളികളില്‍ ഒരാളായുമൊക്കെ ചെറിയ ചെറിയ വേഷങ്ങളില്‍ അവളുടെ മുഖം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെറും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മിന്നിപ്പൊലിയാനാണ് തന്റെ വിധി എന്ന് സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവളുടെ ജീവിതത്തിലും ശുക്രന്‍ തെളിഞ്ഞത്.

Conjuring എന്ന തന്റെ ആദ്യ സിനിമയുടെ വന്‍ വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ തയ്യാറാക്കി വെച്ച്, നടീനടന്മാരെയും നിശ്ചയിച്ച ശേഷം ഒരേ ഒരു കഥാപാത്രത്തിന് മാത്രം യോജിച്ച ഒരാളെ കിട്ടാതെ ഫോട്ടോ ഷൂട്ടുകളും സ്‌ക്രീന്‍ ടെസ്റ്റുകളുമായി നാടെങ്ങും ചുറ്റിക്കറങ്ങുകയായിരുന്ന ജെയിംസ് വാന്‍ എന്ന സംവിധായകന്റെ ശ്രദ്ധയില്‍ ഏതോ ഒരു സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അരികുപറ്റി നിന്ന ബോണിയുടെ മുഖം ഒരു നിമിത്തം പോലെ വന്നു പതിഞ്ഞു. താന്‍ മനസ്സില്‍ കണ്ട അതേ മുഖം....

പിന്നീടുണ്ടായത് സിനിമയെ വെല്ലുന്ന സിനിമാക്കഥയാണ്. ബോണി ആരോണ്‍സ് ജെയിംസ് വാനിന്റെ Conjuring 2ല്‍ അഭിനയിച്ചു എന്ന് മാത്രമല്ല, ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സിനിമയുടെ ക്ലൈമാക്‌സില്‍ പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയ, കന്യാസ്ത്രീ വേഷം ധരിച്ച, നീണ്ട മുഖവും നീണ്ടു വളഞ്ഞ മുഖവുമുള്ള 'വലാക്ക് ' എന്ന പ്രേതത്തെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ പ്രേതത്തിന് ലഭിച്ച വന്‍ ജനപ്രീതി മൂലം വലാക്ക് പ്രധാനകഥാപാത്രമായിക്കൊണ്ട് The Nun എന്ന ഒരു സിനിമ കൂടി ജെയിംസ് വാനിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി.

ഇന്ന് ബോണി ലോകമെമ്പാടും ആരാധകരുള്ള, ഹോളിവുഡ്ഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണെന്നതിനപ്പുറം, സിനിമക്ക് പറ്റിയതല്ല എന്ന് പലരും പറഞ്ഞു പരിഹസിച്ച അവളുടെ മുഖം ഇന്ന് ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെ മൊബൈല്‍ ഫോണിലെ വാള്‍പേപ്പറാണ്.  ചിലരങ്ങനെ ആണ്.... തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സുമായി കടന്നു വരുന്ന ഓരോ പ്രതിസന്ധികളെയും അവസരമായി കണ്ടു അവയെ സധൈര്യം നേരിടുന്നവര്‍... പ്രതിസന്ധികളെ അവസരമായി കാണാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only