01 ഏപ്രിൽ 2021

അവധിയില്ല; എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം
(VISION NEWS 01 ഏപ്രിൽ 2021)പൊതു അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ഈ മാസം എല്ലാ ദിവസവും വാക്‌സിന്‍ നല്‍കാന്‍ ആശുപത്രികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അവധി ദിവസങ്ങള്‍ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

നാല്‍പ്പത്തിയഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന, വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നില്ല.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സി.ജി.എച്ച്.എസ്. ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 250 രൂപ നല്‍കണം.

വാക്‌സിനേഷന്‍ ലഭിക്കുന്നതിനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന വാക്‌സിന്‍ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കുക. മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്‍ക്കും അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only