04 ഏപ്രിൽ 2021

ആര്‍.സി.ബി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ്
(VISION NEWS 04 ഏപ്രിൽ 2021)ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ദേവ്ദത്ത് പടിക്കലിന് കോവിഡ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം അക്‌സര്‍ പട്ടേല്‍, കൊല്‍ക്കത്ത താരം നിതീഷ് റാണ എന്നിവര്‍ക്കു ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഐ.പി.എല്‍ താരമാണ് ദേവ്ദത്ത്.

ഞായറാഴ്ചയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. താരം ആര്‍.സി.ബിയുടെ ബയോ സെക്യുര്‍ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ക്വാറന്റീനിലാണ്. ഇതോടെ താരത്തിന് സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. ഏപ്രില്‍ ഒമ്പതിന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനായി ഇപ്പോള്‍ ചെന്നൈയിലാണ് ആര്‍.സി.ബി താരങ്ങള്‍.

കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ദേവ്ദത്ത്. 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് താരം സ്വന്തമാക്കിയിരുന്നു.

ശനിയാഴ്ചയാണ് ഡല്‍ഹി താരം അക്‌സര്‍ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചത്. 

ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് കോവിഡ് പോസിറ്റീവാകുന്ന താരം ബയോ സെക്യുര്‍ ബബിളിനു പുറത്തുള്ള പ്രത്യേക സ്ഥലത്ത് ഐസൊലേഷനില്‍ കഴിയണം. രോഗ ലക്ഷണങ്ങള്‍ കാണുന്ന തീയതി മുതല്‍ അല്ലെങ്കില്‍ സാമ്പിള്‍ എടുക്കുന്ന തീയതി മുതല്‍ 10 ദിവസത്തേക്കാണ് താരം ഐസൊലേഷനില്‍ കഴിയേണ്ടത്. ഈ സമയത്ത് താരം പൂര്‍ണമായും വിശ്രമിക്കുകയും വ്യായാമങ്ങളും മറ്റും ഒഴിവാക്കുകയും വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only