02 ഏപ്രിൽ 2021

കിണറ്റിൽനിന്ന് വെള്ളമെടുത്തതിന് അച്ഛനെ മകനും മരുമകളും ചേർന്ന് മർദ്ദിച്ചു; സംഭവം മലപ്പുറത്ത്
(VISION NEWS 02 ഏപ്രിൽ 2021)മലപ്പുറം; കിണറ്റില്‍ നിന്ന് വെള്ളമെടുത്തെന്ന് ആരോപിച്ച് അച്ഛനെ ക്രൂരമായി മര്‍ദിച്ചു. മലപ്പുറം നിലമ്പൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കേസില്‍ മകനും മരുമകളും അറസ്റ്റിലായി. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) ആണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹമാസകലം പരുക്കുകളോടെ നൈനാനെ അയല്‍വാസികള്‍ ചേർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ അറസ്റ്റിലായ ചെറിയാന്‍, സൂസമ്മ എന്നിവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപമുള്ള പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്ക്ക് ആണ് കഴിഞ്ഞു വന്നത്. കുറച്ചു നാളുകളായി നൈനാനും മകൻ ചെറിയാനും തമ്മിൽ വഴക്കു ഉണ്ടാകാറുണ്ട്. ഇന്നലെ രാവിലെയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി.

അതിനുശേഷം വൈകുന്നേരത്തോടെ വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ നൈനാൻ പൈപ്പ് തുറന്നപ്പോൾ ചെറിയാൻ എത്തി തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ സമീപത്തു കിടന്ന വടി ഉപയോഗിച്ച് ചെറിയാൻ അച്ഛനെ ദേഹമാസകലം അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ ചെറിയാന്‍റെ ഭാര്യ സൂസമ്മയും ഓടിയെത്തി നൈനാനെ ഉപദ്രവിച്ചു.
അടികൊണ്ടു അവശനായി വീണ നൈനാനെ അവിടെ ഉപേക്ഷിച്ച ശേഷം ചെറിയാനും ഭാര്യയും വീട്ടിലേക്കു പോയി. അടികൊണ്ടുള്ള നൈനാന്‍റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. അപ്പോൾ തീർത്തും അവശനിലയിലായിരുന്നു നൈനാൻ. ദേഹമാസകലം അടിയേറ്റ പാടുണ്ടായിരുന്നു. തലയിലും അടിയേറ്റിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ കൈയിലും അടികൊണ്ടു.തുടർന്ന് അയൽവാസികൾ ചേർന്ന് വാഹനം എത്തിച്ചു നൈനാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് നൈനാൻ. ഇതിനിടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. പൊലീസ് ആശുപത്രിയിൽ എത്തി നൈനാന്‍റെ മൊഴി രേഖപ്പെടുത്തി. തുടർന്ന് വീട്ടിൽ നിന്ന് ചെറിയാനെയും ഭാര്യ സൂസമ്മയെയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഒരേ പറമ്പിൽ തന്നെയാണ് നൈനാനും ചെറിയാനും താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. രണ്ടു പേർക്കും കൂടി ഒരു കിണറാണുള്ളത്. ഇത്രയും കാലം ഇതേ കിണറിൽനിന്നാണ് നൈനാനും വെള്ളം ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിൽനിന്ന് വെള്ളം എടുക്കുന്നത് മകൻ തടയുകയായിരുന്നു.

ചെറിയാൻ ഉൾപ്പടെ ഏഴു മക്കളാണ് നൈനാന് ഉള്ളത്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. അതിനു ശേഷം ഇയാൾ പഴയ വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only