07 ഏപ്രിൽ 2021

മകൻ വിവാഹം കഴിക്കുന്നത് നഷ്ടപ്പെട്ട സ്വന്തം മകളെയെന്ന് അമ്മ; വിവാഹ ദിനത്തിലെ ട്വിസ്റ്റും ഒടുവിലെ സന്തോഷവും
(VISION NEWS 07 ഏപ്രിൽ 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകമകന്റെ വധുവാകാൻ പോകുന്നത് സ്വന്തം മകളാണെന്ന് അമ്മ തിരിച്ചറിയുന്നത് വിവാഹ ദിവസം. ചൈനയിലാണ് അമ്പരപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ മകളെ മകന്റെ ഭാവി വധുവായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു അമ്മ. ചൈനയിലെ ജിയാങ്സൂ പ്രവിശ്യയിലുള്ള സൂചോ എന്ന സ്ഥലത്താണ് സിനിമാകഥയെ വെല്ലുന്ന ആശ്ചര്യകരമായ സംഭവങ്ങൾ അരങ്ങേറിയത്.
മാർച്ച് 31 നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. മകന്റെ വിവാഹ ദിവസം ഭാവി മരുമകളെ കാണാനെത്തിയതായിരുന്നു അമ്മ. അവിചാരിതമായി യുവതിയുടെ കയ്യിൽ കണ്ട പാടാണ് വിവാഹ ദിനം അപൂർവ സംഗമ വേദിയാക്കി മാറ്റിയത്. ഇരുപത് വർഷം മുമ്പ് തനിക്ക് നഷ്ടമായ മകളുടെ കയ്യിലും സമാനമായ പാട് ഉണ്ടായിരുന്നു.


യുവതിയുടെ കയ്യിലെ പാട് കണ്ടതോടെ പെൺകുട്ടിയുടെ മാതാപിതാക്കളോട് കാര്യങ്ങൾ അന്വേഷിച്ചതാണ് വഴിത്തിരിവായത്. യുവതിയെ ദത്തെടുത്താണോ എന്നായിരുന്നു മാതാപിതാക്കളോട് വരന്റെ അമ്മ ചോദിച്ചത്. എന്നാൽ മകളായി വളർത്തിയ യുവതിയെ തങ്ങൾ ദത്തെടുത്തതാണെന്ന് ഇരുവരും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വരന്റെ അമ്മയുടെ ചോദ്യത്തിന് മുന്നിൽ ആദ്യം പകച്ചെങ്കിലും തങ്ങൾ ദത്തെടുത്തതാണെന്ന കാര്യം അവർ അറിയിച്ചു.
ഇരുപത് വർഷങ്ങൾക്ക് മുമ്പ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ തങ്ങൾ സ്വന്തം മകളായി വളർത്തുകയായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞത് എല്ലാവരേയും ഞെട്ടിച്ചു. എന്നാൽ അതിനേക്കാൾ ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയായിരുന്നു വരന്റെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്.വർഷങ്ങൾക്ക് മുമ്പ് തനിക്ക് നഷ്ടമായ ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ച മകളാണ് വധുവായി തന്റെ മുന്നിൽ നിൽക്കുന്നതെന്നായിരുന്നു അമ്മയുടെ വെളിപ്പെടുത്തൽ. നാടകീയമായ രംഗങ്ങൾക്കൊടുവിൽ തന്നെ പ്രസവിച്ച അമ്മയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നായിരുന്നു യുവതിയുടെ പ്രതികരണം.എന്നാൽ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ചത് മൂത്ത സഹോദരനെയായിരുന്നുവെന്ന വസ്തുത ഏറെ പ്രയാസകരവും ഞെട്ടലുണ്ടാക്കുന്നതുമാണെന്ന് യുവതി പറഞ്ഞു. ഇനിയാണ് അടുത്ത ട്വിസ്റ്റുമായി വരന്റെ അമ്മ വീണ്ടും രംഗത്തെത്തുന്നത്. യുവാവിനെ താൻ ദത്തെടുത്തതാണെന്നും അതിനാൽ തന്നെ ഇരുവരും രക്തബന്ധമുള്ള സഹോദരങ്ങൾ അല്ലെന്നും അമ്മ മകനേയും മകളേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു.

ഇരുപത് വർഷം മുമ്പ് മകളെ നഷ്ടമായതോടെയാണ് ഒരു ആൺകുട്ടിയെ ദത്തെടുത്തതെന്ന് സ്ത്രീ പറയുന്നു. എല്ലാ പ്രതീക്ഷകളും നഷ്ടമായ തന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു മകൻ. മകളെ കുറിച്ച് വർഷങ്ങളോളം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇനിയൊരിക്കലും കണ്ടെത്താനാകില്ലെന്ന് കരുതിയ മകളെ മകന്റെ ഭാവി വധുവിന്റെ വേഷത്തിൽ വീണ്ടും കാണേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇവർ പറയുന്നു.

വിവാഹത്തേക്കാൾ വലിയ സന്തോഷമാണ് അമ്മയെ തിരിച്ചു കിട്ടിയതിലൂടെ തനിക്കുണ്ടായിരിക്കുന്നതെന്നാണ് യുവതിയുടെ പ്രതികരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only