30 ഏപ്രിൽ 2021

ആന്റിജൻ ടെസ്റ്റ്, ആർ.ടി.പി.സി.ആർ. ടെസ്റ്റ്, ട്രൂനാറ്റ് എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ ഇതാണ്
(VISION NEWS 30 ഏപ്രിൽ 2021)കോവിഡ് രോ​ഗികളെ കണ്ടെത്താനായി ഏത് ടെസ്റ്റാണ് നടത്തുന്നതെങ്കിലും മൂക്കിനകത്തെ സ്രവസാംപിളാണ് എടുക്കുന്നത്. ഒരു നേസൽ സ്വാബ് ഉപയോ​ഗിച്ചാണ് ഇത് എടുക്കുക. മൂക്കിലൂടെ സ്വാബ് കടത്തി മൂക്കിന്റെ പുറകിലുള്ള ഭാ​ഗത്തുനിന്നാണ് സ്രവ സാംപിൾ ശേഖരിക്കുന്നത്. വെെറസ് സാന്നിധ്യം കൂടുതലായി ഉണ്ടാവുന്നത് ആ ഭാ​ഗത്താണ് എന്നതിനാലാണ് അത്തരത്തിൽ ചെയ്യുന്നത്. വെെറസ് ബാധയുള്ളവരിൽ ആ ഭാ​ഗത്ത് വലിയ തോതിൽ വെെറസുകളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ആന്റിജൻ ടെസ്റ്റ്

ആന്റിജൻ ടെസ്റ്റിനാണെങ്കിൽ(Antigen test) ഇത്തരത്തിൽ മൂക്കിൽ നിന്നും എടുക്കുന്ന സ്രവ സാംപിളിനെ പെട്ടന്നു തന്നെ ബഫറിലേക്ക് മാറ്റും. ഇവിടെ സംഭവിക്കുന്നത് ഇതാണ്. അതിനകത്തുള്ള വെെറസിനെ നിർവീര്യമാക്കി കളയുകയും ആ വെെറസിന്റെ പുറംപാളിയിലെ മാംസ്യ പദാർഥം ആ ബഫർ ലായനിയിൽ അവശേഷിക്കുകയും ചെയ്യും. ഇത് ആന്റിജൻ കിറ്റ് ഉപയോ​ഗിച്ച് പരിശോധിക്കും. പ്ര​ഗ്നൻസി കിറ്റ് ഉപയോ​ഗിച്ച് ടെസ്റ്റ് ചെയ്യുന്നതു പോലെയുള്ള ഒരു കാർഡ് ടെസ്റ്റാണിത്. വെെറസിലെ മാംസ്യപദാർഥത്തിന്റെ സാന്നിധ്യം അതിനകത്തുണ്ടെന്ന സൂചന നൽകുന്ന ഒരു ബാൻഡ് അതിൽ തെളിഞ്ഞുവരുകയാണ് ചെയ്യുക. 15 മിനിറ്റിനകം തന്നെ ഫലം ലഭിക്കും.

വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. വെെറസ് ലോഡ് കൂടുതലാണെങ്കിൽ പോസിറ്റീവ് റിസൾട്ട് ഇതുവഴി ലഭിക്കും. എന്നാൽ വെെറസ് ലോഡ് കുറവാണെങ്കിൽ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് കാണിക്കില്ല എന്നൊരു പ്രശ്നമുണ്ട്. അതിനാൽ തന്നെ എല്ലാ രോ​ഗികളെയും ഇതുവഴി കണ്ടെത്താനാകില്ല.

ആർ.ടി.പി.സി.ആർ.

ആന്റിജൻ ടെസ്റ്റിന് സാംപിൾ എടുക്കുന്നതുപോലെ തന്നെയാണ് ആർ.ടി.പി.സി.ആറിലും(Reverse transcriptase polymerase chain reaction) സാംപിൾ എടുക്കുന്നത്. ആന്റിജൻ ടെസ്റ്റിലേത് പോലെ വെെറസിനെ നശിപ്പിച്ച് കളയുകയില്ല. വെെറസിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു ലായനിയിലേക്കാണ് സാംപിൾ മാറ്റുക. തുടർന്ന് ഇത് ലാബിലേക്ക് മാറ്റും. ലാബിലെ പരിശോധനയിൽ ആ വെെറസിന്റെ ഉള്ളിലുള്ള ജനിതക പദാർഥത്തെ വേർതിരിച്ചെടുക്കും. കൊറോണ വെെറസ് ആണെന്ന് കാണിക്കുന്ന ചില ജനിതക പദാർഥങ്ങളുണ്ട്. അതാണ് വേർതിരിച്ചെടുക്കുക. പി.സി.ആർ.എന്ന ടെക്നിക്ക് ഉപയോ​ഗിച്ചാണ് ഇത് കണ്ടെത്തുക. ഇതാണ് ആർ.ടി.പി.സി.ആർ. ടെസ്റ്റ്.

വളരെ ചെറിയ വെെറസ് സാന്നിധ്യം(വെെറസ് ലോഡ്) പോലും കണ്ടെത്താൻ കഴിയും എന്നതാണ് ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ​ഗുണം. വെെറസ് സാന്നിധ്യം വളരെ കുറവാണെങ്കിലും ഇതുവഴി കണ്ടെത്താനാകും. രോ​ഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കാൻ ഇത് സഹായിക്കും.
പരിശോധനാഫലം ലഭിക്കാൻ വളരെയധികം സമയമെടുക്കും എന്നതാണ് ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെ ഒരു പ്രശ്നം.

ട്രൂനാറ്റ്

ഒരു പോയിന്റ് ഓഫ് കെയർ പി.സി.ആർ. ആണ് ട്രൂനാറ്റ്(Truenat). അതായത് ചില ഇലക്ടോണിക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വളരെ വലിയ ലാബിന്റെ സഹായമൊന്നും ഇല്ലാതെ രോ​ഗിയുടെ അടുത്തുവെച്ച് തന്നെ ഒരു ചെറിയ പി.സി.ആർ. ചെയ്യാൻ കഴിയുന്നു എന്നതാണ് ട്രൂനാറ്റിന്റെ സവിശേഷത. വളരെ വേ​ഗത്തിൽ റിസൾട്ട് ലഭിക്കാൻ ആശുപത്രികളിൽ ട്രൂനാറ്റ് ഉപയോ​ഗിക്കുന്നുണ്ട്. ആന്റിജൻ ടെസ്റ്റിനേക്കാൾ കുറച്ചുകൂടി കൃത്യമായ റിസൾട്ട് നൽകാൻ ഇതിന് കഴിയും; എന്നാൽ ആർ.ടി.പി.സി.ആർ. പോലെ സമയമെടുക്കുകയും ഇല്ല. ലാബിന്റെ ആവശ്യവും ഇല്ല. ഇതൊക്കെയാണ് ട്രൂനാറ്റിനെ വ്യത്യസ്തമാക്കുന്നത്. വളരെ വേ​ഗത്തിൽ തീരുമാനമെടുക്കണമെങ്കിൽ ട്രൂനാറ്റ് ആണ് നല്ലത്.

അതിനാലാണ് ആശുപത്രികളിൽ ട്രൂനാറ്റ് പരിശോധന വളരെ വ്യാപകമായി നടത്തുന്നത്. മൃതശരീരങ്ങളിൽ കോവിഡ് സാന്നിധ്യം ഉണ്ടോയെന്ന് അറിയാനും ട്രൂനാറ്റ് ആണ് ഉപയോ​ഗിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only