02 ഏപ്രിൽ 2021

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പണം കണ്ട് മോഷ്ടിക്കാനെത്തിയ കള്ളന് ഹൃദയാഘാതം
(VISION NEWS 02 ഏപ്രിൽ 2021)മോഷണത്തിനിടെ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പണം കണ്ട് കള്ളന് ഹൃദയാഘാതമുണ്ടായി. ഉത്തർപ്രദേശിലാണ് വിചിത്രമായ ഈ സംഭവം ഉണ്ടായത്. താൻ കൊള്ളയടിച്ച പണം പ്രതീക്ഷിച്ചതിലും അധികമാണെന്ന് മനസിലാക്കിയ കള്ളന് സന്തോഷം താങ്ങാനാകാതെയാണ് ഹൃദയാഘാതം ഉണ്ടായത്. അങ്ങനെ മോഷ്ടിച്ച പണത്തിൽ ഏറിയ പങ്കും അദ്ദേഹത്തിന് ചികിത്സയ്ക്കായി ചെലവഴിക്കേണ്ടി വന്നു. കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ കോട്‌വാലി പ്രദേശത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ട് മോഷ്ടാക്കളിൽ ഒരാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്.
ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിന് മുമ്പാകെ കുറ്റസമ്മതം നടത്തി. ഫെബ്രുവരി 16, 17 തീയതികളിൽ നവാബ് ഹൈദർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പൊതു സേവന കേന്ദ്രത്തിൽ രണ്ട് മോഷ്ടാക്കൾ അതിക്രമിച്ചു കയറിയിരുന്നതായി ബിജ്‌നോർ പോലീസ് സൂപ്രണ്ട് ധരം വീർ സിംഗ് പറഞ്ഞു. ഹൈദർ നൽകിയ പരാതി അനുസരിച്ച് ജനസേവന കേന്ദ്രത്തിൽ നിന്ന് 7 ലക്ഷം രൂപയാണ് മോഷണം പോയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

എന്നാൽ മാർച്ച് മുപ്പതിന് പുലർച്ചെ നൌഷീദ് എന്ന ആളെ നഗീന പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ അലിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവായി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ജനസേവന കേന്ദ്രത്തിൽ മോഷണം നടത്തിയത് താനും സുഹൃത്ത് ഇജാസും ചേർന്നാണെന്ന് ഇയാൾ പറഞ്ഞത്. പ്രതീക്ഷിച്ചതിലും കൂടുതൽ പണം ലഭിച്ചതോടെ ഇയാൾക്ക് അമിതമായി സന്തോഷിച്ച് ഹൃദയാഘാതം ഉണ്ടായതായി നൌഷീദ് പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ആഞ്ജിയോ പ്ലാസ്റ്റി ചികിത്സയ്ക്കു വിധേയനായ ഇജാസ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും നൌഷീദ് പറഞ്ഞു. ഇജാസിനെ ഡോക്ടർമാരുടെ ഉപദേശം തേടിയ ശേഷം കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടാവാണെങ്കിലും ക്ഷീണം വന്നാൽ ഉറങ്ങിപ്പോകില്ലേ. അത്തരത്തിൽ മോഷ്ടിക്കാൻ കയറിയ വീട്ടിലെ കിടപ്പു മുറിയിൽ ഉറങ്ങിപ്പോയ ഒരു മോഷ്ടാവാണ് ഇപ്പോള്‍ വൈറലാകുന്നത്. തായ്ലൻഡ് സ്വദേശി അതിത് കിൻ ഖുന്‍തഡ് എന്ന 22കാരനായ മോഷ്ടാവിനെ എസിയാണ് ചതിച്ചത്. ക്ഷീണവും എസിയുടെ തണുപ്പും കൂടി ആയപ്പോൾ യുവാവ് അറിയാതെ ഉറങ്ങിപ്പോവുകയായിരുന്നു. കഥയിലെ മറ്റൊരു ട്വിസ്റ്റ് എന്തെന്നാൽ ഇയാള്‍ മോഷ്ടിക്കാൻ കയറിയത് ഒരു പൊലീസുകാരന്‍റെ വീട്ടിലായിരുന്നു എന്നതാണ്. അതിക്രമിച്ചു കയറിയതിന് അകത്താകാൻ അധികം സമയം വേണ്ടി വന്നില്ല എന്ന് ചുരുക്കം.

വിച്ചിയാൻ ബുരി പൊലീസ് ഓഫീസറായ ജിയാം പ്രസേട്ട് എന്നയാളുടെ വീട്ടിലാണ് യുവാവ് മോഷ്ടിക്കാൻ കയറിയതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശമാകെ കറങ്ങിച്ചുറ്റി ക്ഷീണിച്ച ഇയാൾ പുലർച്ചെ രണ്ടുമണിയോടെയാണ് പൊലീസുകാരന്‍റെ വീട്ടിൽ കയറിപ്പറ്റിയത്. മോഷണം കഴിഞ്ഞതോടെ കടുത്ത ക്ഷീണം അനുഭവപ്പെട്ട അതിത്, തളർച്ച മാറിയ ശേഷം ഇറങ്ങാമെന്ന് തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുടെ മുറിയിൽ കയറിയ ഇയാൾ ഏസി ഓണാക്കി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ഉറങ്ങിപ്പോവുകയും ചെയ്തു.


സമയം അത്ര ശരിയല്ലാത്തത് കൊണ്ട് ഗാഢനിദ്രയിലാണ്ട് പോയ യുവാവിനെ പിറ്റേന്ന് പൊലീസുകാരാണ് വിളിച്ചുണർത്തിയത്. മകൾ വീട്ടിൽ ഇല്ലാതിരുന്നിട്ടും അവളുടെ മുറിയിൽ എസി പ്രവർത്തിക്കുന്നത് കണ്ട് നോക്കിയ ജിയാമാണ് കിടക്കയിൽ സുഖമായി ഉറങ്ങുന്ന അതിതിനെ കാണുന്നത്. പൊലീസ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇയാള്‍ തന്നെയാണ് യുവാവിനെ അറസ്റ്റ് ചെയ്തതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only