15 ഏപ്രിൽ 2021

മകളെ പീഡിപ്പിച്ച പ്രതിയുടെ വീട്ടിൽ കയറി പിതാവ് ആറുപേരെ കൊന്നു
(VISION NEWS 15 ഏപ്രിൽ 2021)വിശാഖപട്ടണം: മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയുടെ വീട്ടില്‍ കയറി ബന്ധുക്കളായ ആറുപേരെ കൊന്ന് ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. മകളെ ബലാല്‍സംഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പെൺകുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടിൽ കയറി കൂട്ടക്കൊല നടത്തിയത്.
പ്രതിയുടെ വീട്ടിലെത്തി പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് പെൺകുട്ടിയുടെ പിതാവ് കൊലപാതകങ്ങൾ നടത്തിയത്. ഒരു പുരുഷന്‍, മൂന്ന് സ്ത്രീകള്‍ രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിങ്ങനെ ആറുപേരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ അയൽക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

വ്യാഴാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഈ രണ്ടു കുടുംബങ്ങളും തമ്മില്‍ വളരെ കാലമായി ശത്രുതയിലായിരുന്നു. അതിനിടെയാണ് ആറു പേരെ കൊലപ്പെടുത്തിയ ആളുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാല്‍സംഗം ചെയ്തതായി ആരോപണം ഉയരുന്നത്. ഇത് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയും വിജയ്-ക്ക് എതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് പെൺകുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ച വിജയ് എന്നയാളുടെ വീട്ടിൽ കയറി കൂട്ടക്കൊല നടത്തിയത്. വിജയ് എന്നയാളുടെ ഭാര്യയും കുട്ടികളും അച്ഛനും, അച്ഛന്‍റെ രണ്ടു സഹോദരിമാരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ പിതാവിന്‍റെ മുൻ തലമുറയിൽ പെട്ടവർ തമ്മിൽ ഇരു കുടുംബങ്ങളുമായി കലഹം നിലനിന്നിരുന്നു. ഇരു വീട്ടുകാരും തമ്മിൽ കലഹവും സംഘർഷവും പതിവായിരുന്നു. എന്നാൽ 2018ൽ ആണ് വിജയ്, അയൽ വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടാകുന്നത്. അതിനു ശേഷം ഇരു വീട്ടുകാരും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ റിമാൻഡിലായ വിജയ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. അതിനിടെയാണ് ഇപ്പോൾ ദാരുണമായ കൊലപാതകങ്ങൾ അരങ്ങേറിയത്. സംഭവം നടക്കുമ്പോൾ വിജയ് വീട്ടിൽ ഇല്ലായിരുന്നു.

വെട്ടേറ്റു വീണവരുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടി എത്തുന്നത്. എന്നാൽ അവർ എത്തിയപ്പോഴേക്കും എല്ലാവരും വെട്ടേറ്റു വീണിരുന്നു. ആയുധവുമായി കൊലവിളി നടത്തി നിന്ന പ്രതിയുടെ അടുത്തേക്കു പോകാൻ ആരും ധൈര്യപ്പെട്ടില്ല. ഇതിനിടെയാണ് നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോഴും പ്രതി അവിടെനിന്ന് പോയിരുന്നില്ല. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പ്രതി നിന്നിരുന്നത്. പൊലീസ് എത്തിയതോടെ കീഴടങ്ങാൻ തയ്യാറായി പ്രതി മുന്നോട്ടു വരികയായിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only