കോഴിക്കോട്: ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിനരികിലൂടെ 'ശ്രീവളയനാട്ടമ്മ' എന്ന തന്റെ ഓട്ടോയോടിച്ച് വരികയായിരുന്നു സുബീഷ്. മൈതാനത്ത് ഹെലികോപ്റ്റര്‍ താഴുന്നതുകണ്ട് ആരാണെന്ന് അറിയാനാണ് ഓട്ടോ വഴിയരികില്‍ നിര്‍ത്തിയത്. രാഹുല്‍ ഗാന്ധിയാണ് വരുന്നതെന്ന് ആരോ പറഞ്ഞു.... കാഴ്ചകളൊക്കെ കണ്ട് അങ്ങനെ നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി നോര്‍ത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ. രാജു കൈകാട്ടി വിളിക്കുന്നു. പിന്നെ നടന്നതെല്ലാം ഒരു സ്വപ്നംപോലെ.... രാഹുല്‍ ഗാന്ധി സ്വന്തം ഓട്ടോയില്‍ കയറിയതിന്റെ 'ഷോക്ക്' ഇപ്പോഴും വിട്ടുമാറിയിട്ടില്ല ഗോവിന്ദപുരം സ്വദേശി സുബീഷിന്.
യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രാഹുല്‍ അപ്രതീക്ഷിതമായി സുബീഷിന്റെ ഓട്ടോയില്‍ കയറിയത്. ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട സ്ഥലം മറൈന്‍ ഗ്രൗണ്ടായിരുന്നു. എന്നാല്‍, ഇറങ്ങിയത് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലും. രാഹുല്‍ ഗാന്ധിക്ക് പോകാനുള്ള വാഹനങ്ങളെല്ലാം കാത്തുനിന്നത് മറൈന്‍ ഗ്രൗണ്ടിലായിരുന്നു. അങ്ങനെ അവിടേക്ക് ഓട്ടോയില്‍ പോകാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്.
ഓട്ടോയില്‍ കയറിയതും രാഹുല്‍ ഗാന്ധി സംസാരിച്ചുതുടങ്ങിയെന്ന് സുബീഷ് പറയുന്നു. ഓട്ടോയെപറ്റിയാണ് അദ്ദേഹം പറഞ്ഞത്. നല്ല ഓട്ടോയാണെന്നും യാത്രചെയ്യാന്‍ വളരെ സുഖമുണ്ടെന്നും പറഞ്ഞു. എന്നാല്‍, അമ്പരപ്പുകാരണം എന്ത് തിരിച്ചുപറയണമെന്നറിയാത്ത അവസ്ഥയിലായിപ്പോയെന്ന് സുബീഷ് പറയുന്നു.
ശിവസേനാ പ്രവര്‍ത്തകനാണ് സുബീഷ്. ഞങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്, എന്നാല്‍, അദ്ദേഹത്തെപ്പോലെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നേതാവ് ഓട്ടോയില്‍ കയറിയപ്പോള്‍ ബംബറടിച്ചപോലെയായെന്ന് സുബീഷ്. എന്തായാലും പ്രതീക്ഷിക്കാത്ത സന്തോഷമാണുണ്ടായതെന്നും സുബീഷ് പറയുന്നു.
20 വര്‍ഷമായി കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഓടിക്കുന്ന സുബീഷിന് ഇത്തരത്തിലൊരനുഭവം ഇതാദ്യമാണ്. ഒരുവര്‍ഷത്തിനടുത്തായി ഇലക്ട്രിക് ഓട്ടോയിലേക്ക് മാറിയിട്ട്. കോഴിക്കോട് വളയനാട് ദേവീക്ഷേത്രത്തിനു സമീപമാണ് താമസം. ഓട്ടോയില്‍ നിന്നിറങ്ങിയശേഷം സുബീഷിന്റെ സെല്‍ഫിക്കും പോസ്ചെയ്തശേഷമാണ് രാഹുല്‍ യാത്രപറഞ്ഞത്. രാഹുലിനൊപ്പം ഓട്ടോയില്‍ കെ.സി. വേണുഗോപാല്‍ എം.പി.യും ഉണ്ടായിരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ