16 ഏപ്രിൽ 2021

ഓൺലൈനായി രണ്ട് ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾക്ക് ഡിഗ്രി സമ്മാനിച്ച് IGNOU, ഗോൾഡ് മെഡലുകളിൽ പെൺതിളക്കം
(VISION NEWS 16 ഏപ്രിൽ 2021)ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവ്വകാലാശാല ( IGNOU) 34ാമത് കോൺവൊക്കേഷൻ നടത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈനായി നടന്ന പരിപാടിയിൽ 2,37,844 വിദ്യാർത്ഥികൾക്ക് ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. 29 പേരാണ് ഗോൾഡ് മെഡലിന് അർഹത നേടിയത്. ഇതിൽ 21 പേരും വനിതകളാണ്. 55 പിഎച്ച്ഡി, 13 എംഫിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയവരിൽ 36 പേരും വിദ്യാർത്ഥിനികളാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഡിഗ്രി കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച മന്ത്രി വിദ്യാഭ്യാസ മേഖലയിൽ ഇഗ്നോ സർവ്വകലാശാല നൽകിയ സംഭാവനകളെ കുറിച്ചും വിശദീകരിച്ചു. ഇഗ്നോ സർവ്വകലാശാല സ്ഥാപിച്ചത് മുതൽ വിദൂര വിദ്യാഭ്യാസ രീതിയിലൂടെ മികച്ച ഉന്നത വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ നൽകുന്ന പ്രവർത്തനത്തിൽ വ്യാപൃതമാണെന്ന് അദ്ദേഹം പഞ്ഞു.

ഒരാളെ സ്വയം പര്യാപ്തമാക്കുന്നത് വിദ്യാഭ്യാസമാണ്. പുതിയ വിദ്യാഭ്യാസനയത്തിന്റെ കാതലായ ലക്ഷ്യം തന്നെ വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുക എന്നതാണ്. വൊക്കേഷണൽ വിദ്യാഭ്യാസവുമായി സംയോജിപ്പിച്ച് നിലവിലെ വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നാണ് ഇത് സാധ്യമാക്കുക എന്നും അദ്ദേഹം വിശദീകരിച്ചു. 2035ഓടെ ഗ്രോസ് എൻറോൾമെന്റ് അനുപാതം 35 ശതമാനം ആക്കുന്നതിൽ സർവ്വകലാശാലകൾ നിർണായക പങ്ക് വഹിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇഗ്നോയുടെ ഗ്യാൻ ദർശൻ ചാനലിലൂടെയും സ്വയം പ്രഭാ ചനലിലൂടെയും കോൺവൊക്കേഷൻ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഓദ്യോഗിക ഫേസ്ബുക്ക് പേജിലും സംപ്രേഷണമുണ്ടായിരുന്നു.

2019 - 2020 കാലഘട്ടത്തിൽ ബിരുദം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നേടാൻ 600 രൂപയാണ് അടക്കേണ്ടത്. സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് 200 രൂപ, മാസ്റ്റർ, ഡിഗ്രി, പി എച്ച് ഡി, ഡിപ്ലോമ എന്നിവക്ക് 600 രൂപ എന്നിങ്ങനെയാണ് സർവ്വകലാശാല നിശ്ചയിച്ചിരിക്കുന്നത്.നിലവിൽ ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചുള്ള അക്കാദമിക്ക് സപ്പോർട്ട് നൽകുന്നതിനായി 56 റീജിയണൽ സെന്ററുകളും 21 സ്കൂളുകളുമാണ് ഇഗ്നോയ്ക്ക് ഉള്ളത്.

കഴിഞ്ഞവർഷം ഫെബ്രുവരി 17നാണ് 33ആമത് കോൺവൊക്കേഷൻ ഇഗ്നോ നടത്തിയത്. വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ രണ്ട് ലക്ഷത്തോളം പേർക്കാണ് അന്ന് ഡിഗ്രി, ഡിപ്ലോമാ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്. ഈ വർഷത്തേക്കാൾ കൂടുതൽ പേർക്ക് കഴിഞ്ഞ വർഷം ഗോൾഡ് മെഡലുകൾ നേടാനായിരുന്നു. 50 പേർക്കാണ് കഴിഞ്ഞ വർഷത്തെ കോൺവൊക്കേഷനിൽ ഗോൾഡ് മെഡൽ ലഭിച്ചത്.

2021ൽ ആരംഭിക്കുന്ന ഇന്ദിരാ ഗാന്ധി ഓപ്പൺ സർവ്വകലാശാലയുടെ പിജി, യുജി കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഇന്നലെയായിരുന്നു. 200 രൂപ ആപ്ലിക്കേഷൻ ഫീസ് നൽകി ഇഷ്ടപ്പെട്ട കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ചേരാനാകും.

പാർലമെന്റ് ആക്ട് പ്രകാരം 1985ലാണ് ഇഗ്നോ സർവ്വകലാശാല സ്ഥാപിച്ചത്. വിദൂര വിദ്യാഭ്യസ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഇഗ്നോക്ക് കീഴിൽ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി മൂന്ന് മില്യണോളം കുട്ടികൾ പഠിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ്, ഡിപ്ലോമാ, ഡിഗ്രി, പിഎച്ച് ഡി എന്നിവയെല്ലാം ചേർത്ത് 200ഓളം കോഴ്സുകൾ ഇഗ്നോ നൽകുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only