16 മേയ് 2021

കൊവിഡ് കാലത്ത് ആശ്വാസവുമായി ദിശ 1056
(VISION NEWS 16 മേയ് 2021)

​ 
കൊവിഡ് കാലത്ത് സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും മലയാളികളുടെ മനസില്‍ പതിഞ്ഞ നമ്പരാണ് ദിശ 1056. ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പരുകളിലും ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 22നാണ് ദിശയെ കൊവിഡ് 19 ഹെല്‍ത്ത് ഹെല്‍പ്പ് ലൈനാക്കിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹൈല്‍പ് ലൈനില്‍ ഇതുവരെ 10.5 ലക്ഷം കോളുകളാണ് ഇതുവരെ വന്നത്. കൊവിഡ് കാലത്ത് 6.17 ലക്ഷം കോളുകളാണ് വന്നത്. പൊതു വിവരങ്ങള്‍, ക്വാറന്റൈന്‍, മാനസിക പിന്തുണ, ഡോക്ടര്‍ ഓണ്‍ കോള്‍, വാക്‌സിനേഷന്‍, യാത്ര, അതിഥി തൊളിലാളി, ക്വാറന്റൈന്‍ ലംഘിക്കല്‍, മരുന്ന് ലഭ്യത, കാസ്പ്, ഇ സഞ്ജീവനി, ഏര്‍ളി ചൈല്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ ആരോഗ്യ സംബന്ധമായ ഏത് സേവനങ്ങള്‍ക്കും ദിശയിലേക്ക് വിളിക്കാവുന്നതാണ്.

ഏറ്റവുമധികം കോള്‍ (85,000) വന്നത് വീട്ടിലെ നിരീക്ഷണത്തെ പറ്റിയുള്ള സംശയം ചോദിച്ചാണ്. രോഗലക്ഷണങ്ങള്‍ ചോദിച്ച് 45,000 കോളുകളും കൊവിഡ് മുന്‍കരുതലുകളും യാത്രകളും സംബന്ധിച്ച് 69,500 കോളുകളും ഭക്ഷണത്തിനും മറ്റുമായി 10,989 കോളുകളും ടെലി മെഡിസിനായി 45,789 കോളുകളും കൊവിഡ് പരിശോധനയും അതിന്റെ ഫലത്തിനുമായി 35,679 കോളുകളുമാണ് വന്നത്. ഏറ്റവുമധികം കോള്‍ വന്നത് തിരുവനന്തപുരം 1,01,518 ജില്ലയില്‍ നിന്നും ഏറ്റവും കുറവ് കോള്‍ വന്നത് വയനാട് 4562 ജില്ലയില്‍ നിന്നുമാണ്. ഇതില്‍ 10 ശതമാനം കോളുകള്‍ കേരളത്തിന് പുറത്ത് നിന്നും വന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only