04 മേയ് 2021

ഭാ​ഗ്യം എന്നാൽ ഇതാണ്; ബിഗ് ടിക്കറ്റിലൂടെ 24 കോടി നേടി പ്രവാസി
(VISION NEWS 04 മേയ് 2021)മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇത്തവണ കോടീശ്വരന്മാരായത് മൂന്നുപേര്‍. ഡ്രീം 12 മില്യന്‍ സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയത് ശ്രീലങ്കയില്‍ നിന്നുള്ള മുഹമ്മദ് മിഷ്ഫാക്കാണ്. ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് വരികയാണ് മുഹമ്മദ്. ശമ്പളം കുറവായതിനാല്‍ നാട്ടിലുള്ള ഭാര്യയെയും രണ്ട് കുട്ടികളെയും ദുബൈയില്‍ എത്തിച്ച് ഒരുമിച്ച് താമസിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് മുഹമ്മദിനെ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം അമ്പരന്നുപോയി. 'റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു കാരണം എല്ലാ മാസവും മൂന്നാം തീയതി ജാക്‌പോട്ട് വിജയികളെയാണ് അദ്ദേഹം വിളിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു'- മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം മുഹമ്മദ് ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാനായി സുഹൃത്തുക്കള്‍ എല്ലാ മാസവും പണം സ്വരുക്കൂട്ടിയിരുന്നു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് മുഹമ്മദിന് കൃത്യമായ പദ്ധതികളില്ലെങ്കിലും തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ശ്രീലങ്കയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ ഒരു വീടുണ്ടാക്കാനുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. 'ഇന്ന് പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, നാളെ നിങ്ങള്‍ക്കും എന്നെപ്പോലെ അവസരം തേടിയെത്തും. ഒരിക്കലും നിരാശരായി പിന്മാറരുത്'- ഇതാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവരോട് മുഹമ്മദിന് പറയാനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only