05 മേയ് 2021

സംവരണം 50 ശതമാനം കടക്കാന്‍ പാടില്ല; മറാത്ത സംവരണം റദ്ദാക്കി സുപ്രിംകോടതി
(VISION NEWS 05 മേയ് 2021)

സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതി. മറാത്ത സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. വിദ്യാഭ്യാസത്തിനും ജോലിക്കുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കില്ല. സംവരണം 50 ശതമാനം കടന്നത് ഭരണഘടനാ ലംഘനമെന്നും കോടതി.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്. സംവരണം 50 ശതമാനത്തില്‍ കൂടുതലാകാമെന്നും മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്നും കേരളം നിലപാട് അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍. നാഗേശ്വര റാവു, എസ്. അബ്ദുല്‍ നസീര്‍, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന 1992ലെ ഇന്ദിര സാഹ്നി വിധി പുറപ്പെടുവിച്ചത് ഒന്‍പതംഗ വിശാല ബെഞ്ചാണ്. ഈ സാഹചര്യത്തില്‍ പതിനൊന്നംഗ ബെഞ്ചിന് വിടണമോയെന്നതില്‍ സുപ്രിംകോടതിയുടെ തീരുമാനം നിര്‍ണായകമായിരുന്നു.

കേരളം, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ സംവരണം അന്‍പത് ശതമാനം കടക്കാമെന്ന നിലപാട് കോടതിയില്‍ സ്വീകരിച്ചിരുന്നു. സംവരണ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് തന്നെയാകണമെന്നും കേരളം നിലപാട് അറിയിച്ചു.

എന്നാല്‍, സംവരണ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. മറാത്ത വിഭാഗത്തിന് വിദ്യാഭ്യാസത്തിനും, ജോലിക്കും സംവരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് സംവരണവുമായി ബന്ധപ്പെട്ട സുപ്രധാന വാദങ്ങളിലേക്ക് സുപ്രിംകോടതി കടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only