17 മേയ് 2021

ദിവസം വെറും 7 രൂപ നിക്ഷേപിച്ച് മാസം 5,000 രൂപ നേടൂ..!!; സർക്കാർ പദ്ധതിയെ കുറിച്ച് അറിയാം
(VISION NEWS 17 മേയ് 2021)

​ ദിവസം വെറും 7 രൂപ നിക്ഷേപിച്ച് മാസം 5,000 രൂപ നേടാൻ കഴിയും. കേന്ദ്രസർക്കാരിന്റെ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ ചേരണം എന്ന് മാത്രം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എപിവൈ). ഇൻഷുറൻസ് റെഗുലേറ്റർ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പി‌എഫ്‌ആർ‌ഡി‌എ)യ്ക്കാണ് പദ്ധതിയുടെ മേൽനോട്ടം. പദ്ധതിപ്രകാരം പെൻഷനുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കും. എപിവൈയിൽ അംഗമായിട്ടുള്ള ഒരാൾക്ക് പ്രതിമാസം 5,000 രൂപവരെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നേടാനാകും.

18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൽ പെൻഷൻ യോജനയിൽ അംഗമാകാം. പദ്ധതിയിൽ അംഗമായവർക്ക് 60 വയസ് തികയുമ്പോൾ 1,000 മുതൽ 5,000 രൂപവരെ മിനിമം പെൻഷൻ തുക ലഭിക്കും. കൂടാതെ വരിക്കാരൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ പങ്കാളിയ്ക്ക് ജീവിതകാലം മുഴുവൻ പെൻഷൻ ഉറപ്പാക്കും. വരിക്കാരനും പങ്കാളിയും മരണപ്പെട്ടാൽ മുഴുവൻ പെൻഷൻ തുകയും നോമിനിക്ക് നൽകും. 20 വർഷമാണ് പദ്ധതി കാലാവധി.പദ്ധതിയിൽ ചേരാൻ ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. അങ്ങനെയാങ്കിൽ മറ്റ് രേഖകൾ ഒന്നും ഇല്ലാതെ തന്നെ പദ്ധതിയിൽ അപേക്ഷിയ്ക്കാം. എപ്പോൾ വേണമെങ്കിലും പണം പിൻവലിയ്ക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ പ്രധാന മെച്ചം. ഒരിക്കൽ പിൻവലിച്ചാൽ പിന്നെ പെൻഷന് അർഹത ഉണ്ടായിരിക്കില്ല.

പ്രതിമാസമോ, മൂന്നു മാസമോ കൂടുമ്പോൾ തവണകളായി പണം അടയ്ക്കാൻ സാധിക്കും. അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പ്രീമിയം. പ്രായമനുസരിച്ച് പദ്ധതിയിൽ നിക്ഷേപിക്കേണ്ട തുക വ്യത്യാസപ്പെട്ടേക്കാം. ഉദാഹരണത്തിന് 18 വയസിൽ നിക്ഷേപം ആരംഭിച്ചിട്ടുണ്ടെങ്കിൽ 5000 രൂപ പെൻഷൻ ലഭിക്കാൻ പ്രതിമാസം 210 രൂപ നിക്ഷേപിക്കണം. അതായത് പ്രതിദിനം 7 രൂപ. 25 വയസിൽ പദ്ധതിയിൽ ചേരുന്ന ഒരാൾ 35 വർഷം പ്രതിമാസം 376 രൂപയാണ് അടയ്ക്കേണ്ടത്.ഇനി 30 വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ മാസം 577 രൂപയാണ് നിക്ഷേപിക്കേണ്ടത്. 39 വയസിലാണെങ്കിൽ 1318 രൂപയും നിക്ഷേപിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only