06 മേയ് 2021

​കോഴിക്കോട് വീണ്ടും ലഹരി വേട്ട; യുവാവ് അറസ്റ്റിൽ
(VISION NEWS 06 മേയ് 2021)

കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 36 ഗ്രാമോളം  എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി പാലറബ് സ്വദേശി നൈജിലിനെയാണ് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റിയിൽ ലഹരി മാഫിയകൾ പിടിമുറുക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി എവി ജോർജ്ജിൻ്റെ നിർദ്ദേശത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ എസിപി രജികുമാറിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫും ലോക്കൽ പൊലീസും പരിശോധന ശക്തമാക്കിയിരിരുന്നു. 

മുമ്പ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെയും കോഴിക്കോട് നഗരത്തിലെ ലോഡ്ജുകളും പൊലീസ് രഹസ്യമായി നിരീക്ഷിച്ചുവരവേ മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജിൽ വച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിശ്വസനീയമായ വിവരം ലഭിച്ചതിന്റെ അടി സ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ്ഐ ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ് കൂടുതലായും നഗരത്തിൽ എത്തുന്നത് . ഡിജെ പാർട്ടികളിലും പങ്കെടുക്കാൻ പോവുന്നവർ അവിടെ വെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാവുകയും ആർഭാട ജീവിതത്തിനായി പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗമായാണ് പലരും ഏജന്റുമാരായി മാറുന്നത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only