17 മേയ് 2021

ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരാണോ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
(VISION NEWS 17 മേയ് 2021)

​ ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം ലോകത്ത് മരണത്തിന് കീഴടങ്ങുന്നതെങ്കില്‍ കൊവിഡ് മഹാമാരിക്ക് ശേഷം ആ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന. 2016 ല്‍ ദീര്‍ഘസമയത്തെ ജോലിഭാരം കാരണം പക്ഷാഘാതം വന്നും ഹൃദയാഘാതം വന്നും മരിച്ചത് 745000പേരാണ്. എന്‍വയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍ ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരമുള്ളത്. 2000ല്‍ നിന്ന് 30 ശതമാനം വര്‍ധനവാണ് 2016 ആയപ്പോഴും ഈ രീതിയിലുള്ള മരണ നിരക്കിലുണ്ടായിരിക്കുന്നത്.ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യവിഭാഗത്തിന്‍റെ മേധാവി മരിയ നെയ്റ പറയുന്നു. പുറത്തുവന്ന പുതിയ പഠനത്തിന്‍റെ ഭാഗമായി ജോലിക്കാരുടെ സംരക്ഷണത്തിനായി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ മരണത്തിന് കീഴ്പ്പെടുന്ന 72 ശതമാനം പേരും പുരുഷന്മാരാണെന്നും മധ്യവയസ്കരാണെന്നും പഠനം പറയുന്നു. ചൈന, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള ജോലിക്കാരാണ് ഇത്തരത്തില്‍ മരണത്തിന് പെട്ടെന്ന് കീഴടങ്ങുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.194 രാജ്യങ്ങളിലുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരില്‍ പക്ഷാഘാതം സംഭവിക്കാന്‍ 35 ശതമാനം അധികം സാധ്യതയുണ്ട്. കൂടാതെ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത 35മുതല്‍ 40മണിക്കൂര്‍ വരെ ജോലിയെടുക്കുന്നവരെ അപേക്ഷിച്ച്‌ 17 ശതമാനവും കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only