08 മേയ് 2021

​രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡ‍ിയത്തിൽ; ചടങ്ങുകൾ കർശന കൊവിഡ് നിയന്ത്രണങ്ങളോടെ
(VISION NEWS 08 മേയ് 2021)രണ്ടാം പിണറായി സർ‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രവേശനം ഉണ്ടായിരിക്കുക. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഎമ്മിൽ തന്നെ ആരൊക്കെ മന്ത്രിമാരാകുമെന്നതിലും എൽഡിഎഫിലെ ഏതൊക്കെ ചെറുകക്ഷികൾക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്നതിലും ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. 

ഇതിനായി ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുകയാണ്. ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതു മുന്നണിയിൽ നിന്ന് ജയിച്ചു കയറിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only