31 മേയ് 2021

ലോകത്തെ ഒരുമിച്ച് സംസാരിപ്പിക്കുന്ന ക്ലബ് ഹൗസിന് പിന്നിൽ
(VISION NEWS 31 മേയ് 2021)

​ കൂട്ടായ്മകൾ അന്യമായ കാലത്ത് വീട്ടിലൊതുങ്ങിപ്പോയവര്‍ക്ക് കൂട്ടം ചേര്‍ന്നിരുന്ന് വര്‍ത്തമാനം പറയാന്‍ ഒരിടം സൃഷ്ടിക്കുകയായിരുന്നു ക്ലബ് ഹൗസ് എന്ന ആപ്പ്. അതിനാല്‍ തന്നെ ഈ ആപ്പിനെ 'ലോക്ക്ഡൌണ്‍ ചൈല്‍ഡ്' എന്ന് വിശേഷിപ്പിച്ച ടെക് വിദഗ്ധരുമുണ്ട്. പോള്‍ ഡേവിസൺ, റോഹൻ സേത്ത് എന്നിവർ ചേർന്നാണ് ഈ പ്ലാറ്റ്ഫോമിന് രൂപം നല്‍കിയത്. ഈ ദിവസം വരെ 10 മില്യൺ ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്. 2020 മാര്‍ച്ചില്‍ ഐഒഎസ് പ്ലാറ്റ്ഫോമില്‍ തുടങ്ങിയ ആപ്പ് അമേരിക്കയില്‍ അതിവേഗമാണ് വന്‍ തരംഗമായത്. പിന്നീട് 2021 മെയ് മാസത്തില്‍ ആന്‍ഡ്രോയ്ഡില്‍ ആപ്പ് എത്തിയതോടെയാണ് കേരളത്തിലടക്കം ആപ്പിന് വലിയ പ്രചാരമാണ്. മലയാളത്തിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് ഇപ്പോള്‍ ചര്‍ച്ചയാണ്. എന്നാൽ ക്ലബ് ഹൗസിന്റെ ജനനത്തിന് പിന്നിലെ കഥകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 


ഷിബു ​ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെ. 

ക്ലബ്ഹൗസ് അവരുടെ അവസാനത്തെ ശ്രമമായിരുന്നു, ഒരുതവണ കൂടി ശ്രമിച്ചുനോക്കാം എന്നുതീരുമാനിച്ചു ഇറങ്ങിപ്പുറപ്പെട്ട സ്റ്റാർട്ടപ്പ്. അതുവരെ പലതും പരീക്ഷിച്ചും പരാജയപ്പെട്ടും വീണും എഴുന്നേറ്റും പിന്നെയും നടന്നും അവർ എത്തിച്ചേർന്ന വിജയമാണ് ക്ലബ്ഹൗസ്.

സ്റ്റാർട്ടപ്പുകളെ കുറിച്ചു പറയുന്ന ഒരു ചൊല്ലുണ്ട്; നൂറിൽ ഒരു സ്റ്റാർട്ടപ്പാണ് വിജയിക്കുന്നത്, എന്നാൽ അങ്ങനെ വിജയിക്കുന്ന ഒരു സ്റ്റാർട്ടപ്പ് അത്തരമൊരു കണക്കിൽ വിശ്വസിക്കാത്ത ഒരേയൊരു സ്റ്റാർട്ടപ്പാണ്.

രോഹൻ സേത്ത് എന്ന ഇന്ത്യൻ അമേരിക്കനും ഭാര്യ ജെന്നിഫറിനും 2018ൽ ഒരു മകൾ ജനിക്കുന്നു. അവർ അവളെ ലിഡിയ നിരു സേത്ത് എന്നുവിളിക്കുന്നു. ഗുരുതരമായ ജനിതക വൈകല്യവുമായി ജനിച്ച മകളെ വിധിക്കു വിട്ടുകൊടുക്കാൻ തയ്യാറാകാതെ അവർ സാധ്യമായ എല്ലാ വഴികളും തേടുന്നു. ഇരിക്കാനും ഇഴയാനും നടക്കാനും സംസാരിക്കാനും കഴിയാത്ത മകൾക്കു വേണ്ടി അവർ മുട്ടിയ വാതിലുകൾ, അതിനുവേണ്ടി അവർ നടത്തിയ അന്വേഷണങ്ങൾ, മൂന്നുമാസം കൊണ്ടു അവർ താണ്ടിയ ദൂരം അമ്പരപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമാണ്. ജനിതക വൈകല്യത്തിനു പൊതുവായ ചികിത്സകളില്ല. ഏതു ജനിതകത്തിനാണോ അതു സംഭവിച്ചിരിക്കുന്നത് അതിനനുസരിച്ചാണ് പ്രതിവിധി. അവരുടെ അന്വേഷണത്തിൽ ലോകത്തു വേറെ രണ്ടുകുട്ടികൾക്കു മാത്രമാണ് സമാനമായ വൈകല്യം കണ്ടെത്താനായത്. അതിനുള്ള ചികിത്സ സങ്കീർണവും ഇനിയും കണ്ടുപിടിക്കേണ്ടതും പരിഹരിക്കേണ്ടതുമാണ്. ലിഡിയ ആക്സിലേറ്റർ എന്നപേരിൽ ഒരു ഫണ്ടിങ് ആരംഭിച്ചു പ്രതിവിധിക്കു വേണ്ടിയുള്ള ഗവേഷണവും അനുബന്ധ പ്രവർത്തനങ്ങളും ആരംഭിച്ചിരിക്കുകയാണവർ. നാളെ ഇത്തരത്തിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും സഹായിക്കാൻ വേണ്ടിയുള്ള സ്റ്റാർട്ടപ്പ്. അതിനുവേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് രോഹൻ 2019ൽ പോൾ ഡേവിസൺ എന്ന സ്റ്റാൻഫോഡ് കില്ലാഡിയെ വീണ്ടും കണ്ടുമുട്ടുന്നത്.

രോഹൻ അപ്പോഴേക്കും ഗൂഗിളിനോട് വിടപറയുകയും അതിനുശേഷം ആരംഭിച്ച സ്റ്റാർട്ടപ്പ് വിൽക്കുകയും ചെയ്തിരുന്നു. പോളിന്റെ മറ്റൊരു സോഷ്യൽമീഡിയ ഉദ്യമമായ ഹൈലൈറ്റ് അപ്പോഴേക്കും പൂട്ടിക്കെട്ടിയിരുന്നു. പരാജയപ്പെട്ട രണ്ടുമനുഷ്യർ ഒരേ ആഗ്രഹവുമായി കണ്ടുമുട്ടി ഒരുമിച്ചിരുന്നതിന്റെ ഉല്പന്നമാണ് ക്ലബ്ഹൗസ്. അങ്ങനെ 2020 മാർച്ചു മുതൽ ക്ലബ്ഹൗസ് അടച്ചുപൂട്ടപ്പെട്ട മനുഷ്യരുടെ നാവും കാതുമായി. ശബ്ദം കൊണ്ടു മനുഷ്യർ ഒന്നിക്കാനും ഒരുമിച്ചിരിക്കാനും തുടങ്ങി. സിലിക്കൺ വാലിയിൽ നിന്നുള്ള ഏറ്റവും പുതിയ സൈബർ സെൻസേഷനായി ക്ലബ്ഹൗസ് പടർന്നു, പന്തലിച്ചു.

സംസാരിക്കാൻ കഴിയാത്ത ഒരു മകളാണ് തനിക്കു ജനിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോൾ ഇന്ത്യാക്കാരനായ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ അതിനെതിരെ നടത്തിയ വിശ്രമമില്ലാത്ത യാത്രയാണ് ലോകത്തെ മുഴുവൻ ഇങ്ങനെ അടുത്തടുത്തിരുന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടായ്മകളാക്കി മാറ്റിയത്.

ലിഡിയ നിരു സേത്തും നാളെ സംസാരിക്കട്ടെ, ക്ലബ്ഹൗസിൽ കേറി ലോകത്തോട് മുഴുവൻ മിണ്ടട്ടെ ❤

പോസ്റ്റ് കാണാം: https://www.facebook.com/shibu.gopalakrishnan.7/posts/4104211999671256

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only