01 മേയ് 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 01 മേയ് 2021)

**കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ വിദേശത്ത് ഉത്പാദിക്കുന്നതിനുള്ള സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് അന്വേഷിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🔳മൂന്നാം ഘട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വാക്കില്‍ ഒതുങ്ങുന്നു. വാക്‌സിന്‍ സ്റ്റോക്കില്ലാത്തതിനാല്‍ ഒരു മാസത്തിനുള്ളില്‍ പോലും 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കുത്തിവെപ്പ് തുടങ്ങാനാവില്ലെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളടക്കമുള്ളവയാണ് വാക്‌സിന്‍ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.


🔳വാക്സിന്‍ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ശനിയാഴ്ച ആരംഭിക്കാനിരുന്ന പതിനെട്ടിനുമേല്‍ പ്രായമായവര്‍ക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വൈകും. കമ്പനികളില്‍ നിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും വാക്സിന്‍ എന്ന് എത്തിക്കാനാകുമെന്ന് കമ്പനികള്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വാക്സിനേഷന്‍ വൈകുന്നത്. ബുധനാഴ്ച വൈകുന്നേരം മുതല്‍, 18-നു മുകളില്‍ പ്രായമായവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

🔳പാലക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. പാലന ആശുപത്രിയില്‍ നാല് മണിക്കൂറിലേക്കുള്ള ഓക്‌സിജന്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കളക്ടറോ ഡിഎംഒയോ ഇടപെട്ട് എത്രയും വേഗത്തില്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നത്. ജില്ലയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാണെങ്കിലും ജില്ലാ ഭരണകൂടം വിതരണത്തില്‍ കാണിക്കുന്ന അലംഭാവമാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

🔳സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ലാബുകള്‍. കുറഞ്ഞത് 1500 രൂപയെങ്കിലുമാക്കണമെന്നാണ് സ്വകാര്യ ലാബുകള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് പലയിടത്തും സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നാണ് ലാബുടമകളുടെ നിലപാട്. അതേസമയം ടെസ്റ്റ് നിര്‍ത്തിവെക്കാന്‍ തീരുമാനമില്ലെന്ന് ലാബ് കണ്‍സോര്‍ഷ്യവും അറിയിച്ചു.

🔳കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700ല്‍ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതു കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറായതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.


🔳നിയമസഭ കയ്യാങ്കളി കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദം കേള്‍ക്കാതെ കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കരുത് എന്നാവശ്യപെട്ട് രമേശ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ച ഹൈകോടതി വിധിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

🔳നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, ഒരുക്കങ്ങള്‍ വിശദീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇത്തവണ തപാല്‍ വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ ഫലമറിയാന്‍ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല സൂചനകള്‍ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസംതന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജീവനക്കാര്‍ക്ക് സമ്മതമെങ്കില്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കാം. ഇതിന് സമ്മതപത്രം എഴുതിനല്‍കണം.

🔳യു എ പി എ കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചതായി മഥുര ജയില്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലില്‍ നിന്ന് കാപ്പനെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. 

🔳നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്നും ചെന്നിത്തല പറഞ്ഞു.

🔳കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം.പിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസില്‍ സുധാകരന്‍ ഹൈക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് കോടതിയലക്ഷ്യ നടപടി. ഹൈക്കോടതി അഭിഭാഷകനായ ജനാര്‍ദ്ദന ഷേണായിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ സുധാകരന്‍ പറഞ്ഞത്.

🔳ഗുജറാത്തിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ ഭറൂച്ചിലുള്ള ആശുപത്രിയിലാണ് അപകടം നടന്നത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 50 ഓളം  രോഗികളെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

🔳കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം പത്ത് ലക്ഷത്തില്‍ എത്തുമായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഇന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.  കോവിഡ് നിയന്ത്രണത്തിന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമായി വന്നേക്കാം. എന്നാല്‍ മഹാരാഷ്ട്ര ആ ഘട്ടത്തിലേക്കെത്തുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചുവെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

🔳കിടക്കകള്‍, ഓക്‌സിജന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബിഹാറിലെ സ്ഥതി ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബിജെപി അധ്യക്ഷന്‍. സ്ഥിതി ദയനീയമാണെന്നും ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്നും ലോക്‌സഭാ അംഗവും ബിഹാര്‍ സംസ്ഥാന അധ്യക്ഷനുമായ സഞ്ജയ് ജെയ്‌സ്വാള്‍ പറഞ്ഞു.

🔳കോവിഡ് കാരണം ഒരുവര്‍ഷമായി നിര്‍ത്തിവെച്ച റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് മടങ്ങിവരുന്നു. പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കും. 10 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നല്‍കണമെന്ന് മാത്രം. തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നില്ല. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

🔳കര്‍ണാടകത്തില്‍ നഗരതദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. പത്തിടത്തു നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിടത്ത് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ആറിടത്ത് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഒരിടത്ത് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. രണ്ടിടത്ത് ജെ.ഡി.എസ്. വിജയിച്ചു. ഒരിടത്തുമാത്രമാണ് ബി.ജെ.പി.ക്ക് വിജയിക്കാനായത്.

🔳വിഖ്യാത സിത്താര്‍വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

🔳ശരീരസൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യാ പട്ടം നേടിയ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് ഗുജറാത്തിലെ വഡോദരയില്‍ മരിച്ചു. നാലു ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോക ശരീരസൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ അടക്കം ഒട്ടേറെ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

🔳മധ്യപ്രദേശില്‍ രണ്ടുലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകളുമായി ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നരസിങ്പുര്‍ ജില്ലയിലെ കരേലി ബസ് സ്റ്റാന്‍ഡിനു സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ 2,40,000 ഡോസുകളാണ് ട്രക്കിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

🔳ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ അടിയന്തരമായി പൂട്ടിയിടുന്നത് ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിപ്പിക്കുമെന്ന് ഡോ.അന്തോണി ഫൗചി. ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവാണ് ഡോ.അന്തോണി ഫൗചി.

🔳കോവിഡ് തീവ്രമായി വ്യാപിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. ഈ മാസം നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും കോവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

🔳ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം തടവിലാകുകയും കനത്ത പിഴയും നല്‍കേണ്ടി വരും. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്.

🔳പണലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന്, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഒരേസമയം വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി റിസര്‍വ് ബാങ്ക് മെയ് 6 ന് ഏകദിന 'ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്' നടത്തും. ഒഎംഒ സെഷനില്‍ 10,000 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങുകയും അതേ മൂല്യത്തിലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വില്‍ക്കുകയും ചെയ്യും. ഈ ഒഎംഒ പ്രകാരം, അടുത്ത വര്‍ഷം നിലവിലെ ബാന്‍ഡില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന 10,000 കോടി രൂപയുടെ ഹ്രസ്വകാല സെക്യൂരിറ്റികള്‍ റിസര്‍വ് ബാങ്ക് വില്‍ക്കുകയും 2026 നും 2030 നും ഇടയില്‍ കാലാവധി പൂര്‍ത്തിയാകുന്ന തുല്യ തുകയുടെ ദീര്‍ഘകാല സെക്യൂരിറ്റികള്‍ വാങ്ങുകയും ചെയ്യും.

🔳രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗം തൊഴില്‍ മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇത് 6.5 ശതമാനമായിരുന്നു. കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം.

🔳തൊഴിലാളി ദിനത്തില്‍ നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖ'ത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍. നിവിന്‍ പോളി, ജോജു, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണിത്.

🔳സംവിധാനം ചെയ്ത നാല് സിനിമകളിലൂടെ ഭാഷാഭേദമന്യെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത തമിഴ് ചലച്ചിത്ര സംവിധായകനാണ് റാം. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'പേരന്‍പ്' ആണ് റാം അവസാനം സംവിധാനം ചെയ്ത ചിത്രം. മിഷ്‌കിന്റെ 'സൈക്കോ'യില്‍ അഭിനേതാവായും അദ്ദേഹത്തെ കണ്ടു. ഇപ്പോഴിതാ റാം സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തമിഴിലും മലയാളത്തിലുമായി റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയാവും നായകനെന്നും വൈകാതെ ഇതു സംബന്ധിച്ച ഔദ്യോഗിക പഖ്യാപനം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍.

🔳രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ സഹായ ഹസ്തവുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് വീണ്ടും രംഗത്ത്. ഇതിനായി 1.48 കോടി രൂപയുടെ ധനസഹായം കമ്പനി വാഗ്ദാനം ചെയ്തു. ഒപ്പം 50 ലക്ഷം സര്‍ജിക്കന്‍ മാസ്‌കുകളും ഒരു ലക്ഷം എന്‍95 മാസ്‌കുകളും, 50,000 ഗൗണുകളും കമ്പനി ഇന്ത്യയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം ഘട്ട കോവിഡ് വ്യാപന സമയത്തും സഹായവുമായി ഫോര്‍ഡ് മുന്നിട്ടിറങ്ങിയിരുന്നു.

🔳കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങള്‍ക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാല്‍ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്.
'വിഎസ്സിന്റെ ആത്മരേഖ'. രണ്ടാം പതിപ്പ്. പി. ജയനാഥ്. കറന്റ് ബുക്സ തൃശൂര്‍. വില 499 രൂപ.

🔳കൊറോണ വൈറസിന്റെ ആദ്യ തരംഗത്തില്‍ മുമ്പ് കണ്ടുവരാത്ത അവ്യക്തവും അസാധാരണവുമായ ലക്ഷണങ്ങള്‍ കാണിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ കൊവിഡ് ലക്ഷണങ്ങളായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നും അല്ലാതെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കൊവിഡ് ബാധിക്കുന്നവരില്‍ കണ്ട് വരുന്നതായി വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കൊവിഡ് 19 ന്റെ ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ലക്ഷണം അവഗണിച്ചാല്‍ രോഗം ഗുരുതരമാകാനിടയുണ്ട്. വൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറയാറുണ്ട്. അതിനാല്‍ ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെട്ടാല്‍ അവഗണിക്കരുതെന്നും നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊവിഡ്-19 പരിശോധന നടത്തണം. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ മറ്റ് പൊതുവായ ലക്ഷണങ്ങളും കോവിഡ്-19 കാണിക്കുമെങ്കിലും അതിസാരം, കണ്ണുകളിലെ ചുവപ്പ്, ചര്‍മ്മത്തില്‍ തടിപ്പ്, ക്ഷീണം എന്നിവയും പുതിയ രോഗലക്ഷണങ്ങളാണ്. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളാണ് സംശയിക്കാറ് പതിവ്. കടുത്ത ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും കൊവിഡ് 19 പരിശോധന നടത്തണം. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോള്‍ പിന്നീട് ശ്വാസതടസ്സമുണ്ടാകാനും സാധ്യത ഏറെയാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 74.10, പൗണ്ട് - 102.37, യൂറോ - 89.06, സ്വിസ് ഫ്രാങ്ക് - 81.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.22, ബഹറിന്‍ ദിനാര്‍ - 196.53, കുവൈത്ത് ദിനാര്‍ -246.04, ഒമാനി റിയാല്‍ - 192.47, സൗദി റിയാല്‍ - 19.76, യു.എ.ഇ ദിര്‍ഹം - 20.17, ഖത്തര്‍ റിയാല്‍ - 20.35, കനേഡിയന്‍ ഡോളര്‍ - 60.28

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only