31 മേയ് 2021

ഇന്ന് ലോക പുകയില വിരുദ്ധ ദിനം
(VISION NEWS 31 മേയ് 2021)

​ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ മേയ് 31 ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുകയാണ്. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1987 മുതലാണ് ലോക പുകയില വിരുദ്ധ ദിനാചരണം ലോകാരോഗ്യ സംഘടന ആരംഭിച്ചത്. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം ആഗോളതലത്തിലുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്. 

കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുകയാണ്. 'പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്' (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നിര്‍വചിച്ചിരിക്കുന്നത്. പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതു കൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച പുകവലിക്കാരായ രോഗികൾ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only