10 മേയ് 2021

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ കോവിഡ് പടരുന്നു: ആശങ്ക
(VISION NEWS 10 മേയ് 2021)


തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും കൂട്ടത്തോടെ കോവിഡ് പടരുന്നു. നിലവിൽ 1280 പോലീസുകാരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. നിരത്തുകളിലിറങ്ങി കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവരിൽ നിന്ന് സ്റ്റേഷനിലുള്ളവരിലേക്കും രോഗം പകരുന്നത് പോലീസ് സംവിധാനത്തെ താറുമാറാക്കുമെന്ന ഭയം പോലീസിനുണ്ട്.

ഇതേപോലെ സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ 1071 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവർക്ക് ജോലിഭാരം വർധിച്ചു. രോഗബാധിതരുൾപ്പെടുന്ന അന്തരീക്ഷവുമായി കൂടുതൽ നേരം ഇടപെടുന്നതിനാലാണ് ആരോഗ്യപ്രവർത്തകരിൽ കോവിഡ് പടരുന്നതെന്നാണ് നിഗമനം.

ആരോഗ്യപ്രവർത്തകരും പോലീസുകാരും കോവിഡ് മുന്നണിപ്രവർത്തകരെന്ന നിലയിൽ രണ്ട് ഡോസ് വാക്സിനും എടുത്തവരാണ്. അതിനാൽ തന്നെ മിക്കവർക്കും രോഗം ഗുരുതരമാകുന്നില്ല. എന്നാൽ ഇവരിൽ നിന്ന് വീട്ടിലെ മറ്റംഗങ്ങളിലേക്ക് രോഗം പടരാനുള്ള സാഹചര്യം അധികമാണെന്നതാണ് ഭീതി വർധിപ്പിക്കുന്നത്.

ദിനംപ്രതി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നത് ആരോഗ്യ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കുന്നു. ദിനംപ്രതി കൂടുതൽ ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിച്ച് അവധിയിലാകുന്നതോടെ മാനസികവും ശാരീരികവുമായി തളരുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവർത്തകരെന്ന് കെ.ജി.എം.ഒ.എ സർക്കാരിനെ അറിയിച്ചു.

ആരോഗ്യപ്രവർത്തകരുടെ എണ്ണം അടിയന്തരമായി ഉയർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ഇവർ സർക്കാരിന് മുന്നിൽ വെച്ച നിർദ്ദേശത്തിൽ പറയുന്നത്.

അതേസമയം പോലീസുകാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജനത്തിരക്ക് നിയന്ത്രിക്കാനാണ് ലോക്ക് ഡൗൺ കൊണ്ടുവന്നതെങ്കിലും വരുന്ന ദിവസങ്ങളെല്ലാം പ്രവൃത്തി ദിനങ്ങളാണെന്നതും കമ്പനികൾ പലതും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളതുമാണ് പോലീസിനെ വലയ്ക്കുന്നത്.

പ്രവർത്തി ദിവസമായതിനാൽ നിരത്തിൽ വൻ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഡി.ജി.പി നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്നാൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ കോവിഡ് ബാധിതരായി മാറുന്നത് പോലീസിന്റെ ഇടപെടലിനെ ബാധിക്കുന്നുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗബാധ കണ്ടെത്തിയത്.

രോഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പൊലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു. നിരത്തിലിറങ്ങി പ്രതിദിന ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ നിർദേശിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only