30 മേയ് 2021

കോവിഡ്‌:ഓമശ്ശേരി പഞ്ചായത്തിന്‌ പ്രതിരോധ സാമഗ്രികൾ;കൂടത്തായി സെന്റ്‌ മേരീസ്‌ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മാതൃകയായി.
(VISION NEWS 30 മേയ് 2021)


ഓമശ്ശേരി:കോവിഡ്‌ മഹാമാരിയുടെ വ്യാപന ഭീതിയിൽ നാടും നഗരവും സ്തംഭിച്ചു നിൽക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്ന പ്രാദേശിക ഭരണ കൂടങ്ങൾക്ക്‌ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് സഹായ ഹസ്തം തുടരുന്നു.കൂടത്തായി സെന്റ്‌ മേരീസ്‌ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അനുബന്ധ ഘടകങ്ങളും ചേർന്ന് ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്‌ കോവിഡ്‌ പ്രതിരോധ സാമഗ്രികൾ കൈമാറി മാതൃക തീർത്തു.

ഹൈസ്കൂളിലെ സ്റ്റുഡന്റ്സ്‌ പോലീസ്‌ കേഡറ്റും ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്‌ ആന്റ്‌ ഗൈഡും എൻ.എസ്‌.എസ്സും ലൂർദ്ദ്‌ മാതാ ദേവാലയത്തിലെ മിഷൻ ലീഗും മാതൃവേദിയും സംയുക്തമായാണ്‌ ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്‌ അത്യാവശ്യം വേണ്ട പ്രതിരോധ വസ്തുക്കൾ കൈമാറിയത്‌.പി.പി.ഇ.കിറ്റ്‌(70),N95 മാസ്ക്‌(100),സാനിറ്റൈസർ(25 ലിറ്റർ),സർജിക്കൽ മാസ്ക്‌(500),ഗ്ലൗസ്‌(800),ഫേസ്‌ ഷീൽഡ്‌(20),പൾസ്‌ ഓക്സി മീറ്റർ (10) തുടങ്ങിയവയാണ്‌ കുട്ടിപ്പോലീസും സഹപാഠികളും മറ്റും ചേർന്ന് പഞ്ചായത്തിനെ ഏൽപ്പിച്ചത്‌.

പഞ്ചായത്ത്‌ കോൺഫ്രൻസ്‌ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ സി.പി.ഒ.റെജി.ജെ.കരോട്ട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസറിന്‌ സാധന സാമഗ്രികൾ കൈമാറി.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു.ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,കോടഞ്ചേരി സി.ഐ.സന്തോഷ്‌,സ്കൂൾ പ്രൻസിപ്പൽ ഫാദർ സിബി പൊൻപാറ,ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടും സ്കൂൾ പി.ടി.എ.പ്രസിഡണ്ടുമായ കെ.പി.സദാശിവൻ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,കെ.കരുണാകരൻ മാസ്റ്റർ,സ്കൂൾ പ്രതിനിധികളായ സിസ്റ്റർ അലീന,ലിസി ടീച്ചർ,ജോബി,മനു,സജിൻ മാത്യു എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only