04 മേയ് 2021

വീട്ടിൽ ജനൽ അടച്ചിടരുതെന്ന് മുഖ്യമന്ത്രി; മറക്കരുത് - ഡബിൾ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം
(VISION NEWS 04 മേയ് 2021)


കൊവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് പലരും വീട്ടിലെ ജനൽ അടച്ചിടാറുണ്ട്. എന്നാൽ ഇത്തരത്തിൽ അടച്ചിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനലുകൾ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. ഇത് രോഗം പകരാനുള്ള സാധ്യത കുറയുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാൻഡിലുകള്‍ സ്വിച്ചുകൾ, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏൽക്കാത്ത ഇടമായി വീടുകളെ മാറ്റാൻ ഓരോരുത്തരും മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൊതുയിടങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തിൽ വാങ്ങുക. ഡബിൾ മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ഡബിൾ മാസ്ക് ധരിക്കേണ്ടത് ആദ്യം സർജിക്കൽ മാസ്കാണെന്നും അതിന് മേലെ തുണി മാസ്കാണ് ധരിക്കേണ്ടത്. അല്ലെങ്കിൽ എൻ95 മാസ്കാണ് ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

തുമ്മൽ, ചുമ, ജലദോഷം, ശ്വാസം മുട്ടൽ എന്നിവ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റ് വീടുകളിൽ പോകേണ്ടതുണ്ടെങ്കിൽ മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ചെയ്തുമാണ് പോകേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only