17 മേയ് 2021

ഇന്ന് ലോക വാർത്താവിനിമയ ദിനം; ലോകം വീടുകളിൽ ഒതുങ്ങുമ്പോൾ ഈ ദിനത്തിന് പ്രസക്തി ഏറെ
(VISION NEWS 17 മേയ് 2021)ഇന്ന് ലോക വാർത്താവിനിമയ ദിനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണിൽ തുടരുന്ന ലോകം, ചുറ്റുപാടുമെന്തെന്നറിയാന്‍ ആകാംക്ഷാകുലരാകുന്ന ഈ കാലത്ത് ഈ ദിനത്തിന് പ്രസക്തിയേറെയാണ്. ലോകമെമ്പാടും അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാർത്താ വിനിമയ രംഗത്ത് ഉണ്ടായിരിക്കുന്നത്. ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം വാർത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനം തന്നെയാണ്. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റർനെറ്റ്. 20 വർഷത്തെ ചെറിയ കാലംകൊണ്ട് ഇന്റർനെറ്റ് ലോകം മുഴുവൻ പൊതിയുന്ന വാർത്താ വിനിമയ ശൃംഖലയായി മാറി. ഇന്ത്യയിലും വാർത്താ വിനിമയ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഒരുഘട്ടം വരെയുണ്ടായത്. ലോകത്തെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന സ്ഥിതിയായിരുന്നു ഇന്ത്യയുടേത്.അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. 140 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താവിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.

ഡിജിറ്റല്‍ ടെക്‌നോളജിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്‌നോളജിയുമാണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല. ലോക്ഡൗൺ കാലം ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റും ടെലിവിഷനും റേഡിയോയും ഉപയോഗിച്ച് ആഘോഷമാക്കുന്ന വലിയൊരു ജനതയെയാണ് ലോകമെങ്ങും കാണുന്നത്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ അധ്യയനം ഓൺലൈൻ വഴിയാക്കാൻ പോലും നിശ്ചയിച്ചിരിക്കുന്നു. ഇങ്ങനെയൊരു ഘട്ടത്തിൽ ലോക വാർത്താദിനത്തിന്റെ പ്രാധാന്യം ചെറുതല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only