30 മേയ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 മേയ് 2021)


🔳കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേമായി ബാങ്കില്‍ നിക്ഷേപിക്കും. ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ നല്‍കും. കുട്ടികളുടെ  വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും.

🔳ഏക വരുമാനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്കും സഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇഎസ്ഐസി വഴി പെന്‍ഷന്‍ നല്‍കും. 2020 മാര്‍ച്ച് 20 മുതല്‍  2022 മാര്‍ച്ച് 24 വരെയാണ് ഇത് നടപ്പാക്കുക. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

➖➖➖➖➖➖➖➖
🔳സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ നീട്ടിയ സാഹചര്യത്തില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചില ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നുപ്രവര്‍ത്തിക്കാം. ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിന് മുകളിലാകാന്‍ പാടില്ല. വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാനപങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. ബാങ്കുകളുടെ പ്രവര്‍ത്തി സമയം വൈകീട്ട് അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചു. വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്‌സ്റ്റൈല്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു വരെ തുറക്കാം.

🔳സംസ്ഥാനത്ത് വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച്  വാക്സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ടെന്നും അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

🔳ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനൂകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അപ്പീല്‍ അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുക. വിധി പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. എ.ജിയുടെ നിയമോപദേശം തേടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശകള്‍ ആണ്  രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്കുകയാണ് ഉണ്ടായത്.  അതിന്റെ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

➖➖➖➖➖➖➖➖

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ആശങ്കയുണ്ടാക്കുന്നതാണെന്ന് സമസ്ത. വിധിയെ നിയമപരമായി നേരിടുമെന്നും യഥാര്‍ഥ വസ്തുതകള്‍ എന്തെന്ന് പഠിക്കാതെയും വിശകലനം നടത്താതെയുമാണ് ഹൈക്കോടതി വിധിയെന്നും സമസ്ത സംവരണ സമിതി പറഞ്ഞു.

🔳പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ചെന്നിത്തലയെ മാറ്റിയ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നി ഉമ്മന്‍ചാണ്ടി. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം എല്ലാവരും അംഗീകരിച്ചതാണ്. ഇനി പിന്നോട്ടുപോയി ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

🔳മുന്‍ ഡി.ജി.പി രാജഗോപാല്‍ നാരായണ്‍ (87) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  1988 ജൂണ്‍ 17 മുതല്‍ 1991 ജൂലായ് മൂന്നു വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,41,759 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകള്‍.

🔳ലക്ഷദ്വീപ് പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

🔳ലക്ഷദ്വീപില്‍ കളക്ടര്‍ക്കെതിരേ പ്രതിഷേധം നടത്തിയ സംഭവത്തില്‍ 12 പേര്‍ കൂടി അറസ്റ്റിലായി. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. അതിനാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലേക്കുളള യാത്രക്ക് നിരോധനം വരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. യാത്ര സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവരുന്നതിനുളള കരട് രൂപം തയ്യാറാക്കുന്നതിന് ആറംഗം കമ്മിറ്റി രൂപീകരിച്ചുകൊണ്ടുളള ഉത്തരവ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കി.

🔳കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാരും. രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ വീതം സ്ഥിരനിക്ഷേപം ആരംഭിക്കുമെന്നും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.

🔳കോവിഡ് ചികിത്സയില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി എംപി മൊഹമ്മദ് അസം ഖാന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍.  ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയില്‍ ആണ് അസം ഖാന്‍ ചികിത്സയിലുള്ളത്. ഓക്‌സിജന്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

🔳ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതുകൊണ്ടാണോ തങ്ങളോട് എല്ലായ്‌പ്പോഴും കലഹിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച മമത തന്നെ ഇങ്ങനെ അധിക്ഷേപിക്കരുതെന്നും ആവശ്യപ്പെട്ടു.

🔳രാജ്യത്ത് ഇന്നലെ 1,65,144 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,64,342 പേര്‍ രോഗമുക്തി നേടി. മരണം 3,463. ഇതോടെ ആകെ മരണം 3,25,998 ആയി. ഇതുവരെ 2,78,93,472 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 21.09 ലക്ഷം കോവിഡ് രോഗികള്‍.

🔳തമിഴ്നാട്ടില്‍ ഇന്നലെ 30,016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 20,295 പേര്‍ക്കും കര്‍ണാടകയില്‍ 20,628 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 13,756 പേര്‍ക്കും പശ്ചിമബംഗാളില്‍ 11,514 പേര്‍ക്കും ഒഡീഷയില്‍ 7,188 പേര്‍ക്കും ആസാമില്‍ 5,613 ഡല്‍ഹിയില്‍ 956 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തില്‍ താഴെ മാത്രമാണ്.

🔳ആഗോളതലത്തില്‍ ഇന്നലെ 4,73,101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 11,651 പേര്‍ക്കും ബ്രസീലില്‍ 78,943 പേര്‍ക്കും അര്‍ജന്റീനയില്‍ 29,841 പേര്‍ക്കും കൊളംബിയയില്‍ 20,494 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.05 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.43 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,325 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 336 പേരും ബ്രസീലില്‍ 1971 പേരും  കൊളംബിയയില്‍ 540 പേരും അര്‍ജന്റീനയില്‍ 415 പേരും  ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 35.47 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ കസ്റ്റഡി ഡല്‍ഹി രോഹിണി കോടതി നാലു ദിവസത്തേക്ക് കൂടി നീട്ടി. കേസിലെ പ്രധാന പ്രതിയാണ് സുശീല്‍ കുമാര്‍. കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡി നീട്ടിയത്.

🔳ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കലാവധി സെപ്റ്റംബര്‍വരെ നീട്ടി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി വെള്ളിയാഴ്ചയാണ് കാലാവധി നീട്ടിയത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരിശീലിപ്പിച്ചയാളാണ് സ്റ്റിമാച്ച്.

🔳ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേണ്ടിയുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും പ്രഖ്യാപിച്ച് ഐ.സി.സി. ജൂണ്‍ 18-ന് സതാംപ്ടണില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ജൂണ്‍ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടന്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഐസൊലേഷന് വിധേയരാകുമെന്നും ഐ.സി.സി അറിയിച്ചു.

🔳ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി.43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. മുമ്പ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012-ല്‍ ജേതാക്കളായിരുന്നു.

🔳രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര മാര്‍ച്ച് പാദത്തില്‍ 163 കോടി രൂപയുടെ അറ്റാദായം കണ്ടെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മഹീന്ദ്ര വെഹിക്കുലാര്‍ മാനുഫാക്ച്ചറിങ്  എന്നീ കമ്പനികള്‍ സംയുക്തമായാണ് ഈ നേട്ടം കുറിച്ചത്. കൃത്യം ഒരു വര്‍ഷം മുന്‍പ് ഇതേ കാലത്ത് 3,255 കോടി രൂപയുടെ നഷ്ടം മഹീന്ദ്ര നേരിട്ടിരുന്നു. ജനുവരി - മാര്‍ച്ച് കാലയളവില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും എംവിഎംഎല്ലും ചേര്‍ന്ന് 13,338 കോടി രൂപ സംയുക്ത വരുമാനം കുറിച്ചു. വാര്‍ഷികാടിസ്ഥാനത്തിലുള്ള ചിത്രം പരിശോധിച്ചാല്‍ വളര്‍ച്ച 48 ശതമാനം. മികവേറിയ മാര്‍ച്ച് പാദം മുന്‍നിര്‍ത്തി ഓഹരിയുടമകള്‍ക്ക് 8.75 രൂപ വീതം ലാഭവിഹിതം നല്‍കാന്‍ മഹീന്ദ്രയുടെ ബോര്‍ഡ് സമിതി തീരുമാനിച്ചിട്ടുണ്ട്.

🔳ഇന്ത്യയുടെ മൈക്രോഫിനാന്‍സ് മേഖലയുടെ മൊത്ത വായ്പാ പോര്‍ട്ട്‌ഫോളിയോ വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധിച്ച് 2.11 ട്രില്യണ്‍ രൂപയില്‍ എത്തിയെന്ന് വ്യാവസായിക അസോസിയേഷന്‍ സാ-ധന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. ഇന്ത്യയിലുടനീളം 225 മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണ് സാ-ധനില്‍ അംഗങ്ങളായി ഉള്ളത്. മാര്‍ച്ചോടെ കളക്ഷന്‍ കാര്യക്ഷമത 95-98 ശതമാനത്തിലെത്തി. മാര്‍ച്ച് പാദത്തില്‍ വായ്പകളുടെ ശരാശരി വലുപ്പം ബാങ്കുകളില്‍ 43,434 രൂപയായിരുന്നു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് 41,306 രൂപയായിരുന്നു. സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 36,993 രൂപ, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി   എംഎഫ്‌ഐകള്‍ക്ക് 35,223 രൂപ എന്നിങ്ങനെയാണിത്.

🔳വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി'യുടെ ട്രെയ്ലര്‍ പുറത്തെത്തി. റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും അവതരിപ്പിക്കുന്നു. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം ചടുലമാവുന്നത്. മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജിശര്‍മ്മ  എന്നിവരെകൂടാതെ  35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

🔳തന്റെ സ്വപ്നച്ചിത്രമായി ഒരുങ്ങുന്ന 'പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിലെ നായികയെ പ്രകീര്‍ത്തിച്ച് സംവിധായകന്‍ വിനയന്‍. അന്യഭാഷ താരമായ കയാദു മലയാളത്തിന്റെ അഭിമാന താരമായി മാറും എന്നാണ് വിനയന്‍ പറയുന്നത്. ഈ ചിത്രത്തോടെ സിജു വില്‍സന്‍ മലയാള സിനിമയുടെ താര സിംഹാസനത്തില്‍ എത്തുമെന്ന് നേരത്തെ വിനയന്‍ പറഞ്ഞിരുന്നു. 19-ാം നൂറ്റാണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍ അനുഭവിച്ച അവഗണനയും, അപമാനവും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം ഹീനമായിരുന്നു. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികള്‍ക്കും, അയ്യന്‍കാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തന്റെ പടവാളുയര്‍ത്തിയിരുന്നു. ആ നായകന്റെയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് 'പത്തൊന്‍പതാം നൂറ്റാണ്ട്'.

🔳ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ്  2021 മോഡല്‍ ബോണവില്‍ ബോബര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 11.75 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2021 ട്രയംഫ് ബോണവില്‍ ബോബര്‍ പുതുതായി മാറ്റ് സ്റ്റോം ഗ്രേ മാറ്റ് അയേണ്‍സ്റ്റോണ്‍, കോര്‍ഡോവന്‍ റെഡ്, ജെറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. 1,200 സിസി, ഇരട്ട സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 6,100 ആര്‍പിഎമ്മില്‍ പരമാവധി  77 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ പരമാവധി 106 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. റൈഡ് ബൈ വയര്‍ ത്രോട്ടില്‍ കൂടാതെ റോഡ്, റെയ്ന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ഉണ്ട്.

🔳സമൂഹത്തില്‍ നിന്ന് പഠിക്കുക മാത്രമല്ല സമൂഹത്തെ ചിലത് പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് കുട്ടികള്‍. കരുണയുടെയും പാരസപര്യത്തിന്റെയും ദേശസ്നേഹത്തിന്റേയും സംഘബോധത്തിന്റെയും പുതിയ ഏടുകള്‍ തീര്‍ത്ത് മുന്നേറുന്ന ചുണക്കുട്ടികളുടെ കഥ പറയുന്ന ഈ നോവല്‍ കുട്ടികള്‍ക്കുമാത്രം വായിക്കാനുള്ളതല്ല. 'സാമൂഹ്യപാഠം'.  കെ ടി ബാബുരാജ്. ന്യൂ ബുക്സ്. വില 60 രൂപ.

🔳കോവിഡ് വാക്സീന്‍ എടുത്തവരും പിന്നെയും പോസിറ്റീവ് ആകുന്നു. പിന്നെ എന്തിന് വാക്സീന്‍ എടുക്കണമെന്ന് ചിന്തിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ അനുസരിച്ച് കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്ത്  14 ദിവസമെങ്കിലും കഴിഞ്ഞവരില്‍ വീണ്ടും കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണ്. മാത്രമല്ല പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ച ശേഷം കോവിഡ് പോസിറ്റീവ് ആകുന്നവരില്‍ ഭൂരിപക്ഷത്തിലും രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡാണ് കണ്ടു വരുന്നതെന്നും അമേരിക്കയിലെ യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ അവസാനത്തോടെ 101 ദശലക്ഷം അമേരിക്കക്കാരാണ് വാക്സീന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചത്. ഇവരില്‍ വെറും 10,262 പേര്‍ക്കാണ് വീണ്ടും കോവിഡ് ഉണ്ടായത്. ഇവരില്‍ ഭൂരിപക്ഷത്തിനും ലക്ഷണങ്ങള്‍ തീരെ ഇല്ലാത്തതോ തീവ്രമായ ലക്ഷണങ്ങള്‍ ഇല്ലാത്തതോ ആയ കോവിഡാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ ശരാശരി പ്രായം 58 ആണ്. കോവിഡ് അണുബാധ നിയന്ത്രണത്തില്‍ വാക്സീനുകള്‍ അത്യന്തം കാര്യക്ഷമമാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. എന്നാല്‍ ഒരു വാക്സീനും 100% സുരക്ഷ അവകാശപ്പെടാന്‍ സാധിക്കാത്തതിനാല്‍ ചിലരില്‍ അപൂര്‍വമായി വീണ്ടും കോവിഡ് അണുബാധ ഉണ്ടാകാം. വാക്സീന്‍ എടുത്തവരില്‍ വീണ്ടും കോവിഡ് അണുബാധയുണ്ടാക്കിയ കേസുകളില്‍ 57 % ബി. 1.1.7 വകഭേദം മൂലമാണെന്നും ജനിതക സീക്വന്‍സിങ് പഠനങ്ങള്‍ കണ്ടെത്തുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only