05 മേയ് 2021

കോവിഡ്‌:ഓമശ്ശേരിയിൽ ഡൊമിസിലിയറി കെയർ സെന്റർ സജ്ജമായി.
(VISION NEWS 05 മേയ് 2021)
ഓമശ്ശേരി:കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണ കൂടത്തിന്റെ നിർദ്ദേശ പ്രകാരം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതി വെളിമണ്ണയിൽ ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി)സജ്ജമാക്കി.ഇരുപത്‌ ബെഡുകളുള്ള കെയർ സെന്റർ വെളിമണ്ണ യു.പി.സ്കൂളിലാണ്‌ ക്രമീകരിച്ചത്‌.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്‌സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ പി.കെ.ഗംഗാധരൻ,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറി ദീപു രാജു,കെ.കെ.മാലിക്‌(ആർ.ആർ.ടി) എന്നിവരുടെ നേതൃത്വത്തിൽ വെളിമണ്ണയിലെ ഡി.സി.സി.സന്ദർശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു.

ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ 8,9(ശനി,ഞായർ)തിയ്യതികളിൽ പഞ്ചായത്തിലെ ബസ്റ്റാന്റും ബസ്‌ സ്റ്റോപ്പുകളും മറ്റു പൊതു ഇടങ്ങളും അണു നശീകരണം നടത്തും.19 വാർഡുകളിലെ 95 ആർ.ആർ.ടിമാർക്ക്‌ പുറമെ 18 സന്നദ്ധ സംഘടനകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 90 വളണ്ടിയർമാരേയും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്‌.നിലവിൽ 240 പോസിറ്റീവ്‌ കേസുകളാണുള്ളത്‌.ഇതിൽ 228 പേരും വീടുകളിലാണ്‌ ചികിൽസയിൽ കഴിയുന്നത്‌.കോഴിക്കോട്‌ മെഡിക്കൽ കോളജിൽ മൂന്നും വിവിധ സ്വകാര്യ ആശുപത്രികളിൽ നാലും കെ.എം.സി.ടിയിലെ എഫ്‌.എൽ.സി.ടിയിൽ അഞ്ചും പേർ ചികിൽസയിലുണ്ട്‌.ഇതു വരെ 4858 പേർ കോവിഷീൽഡ്‌ വാക്സിനെടുത്തു.ഓമശ്ശേരിയിലെ പത്തൊമ്പത്‌ വാർഡുകളിലും പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.കോവിഡ്‌ വ്യാപനം രൂക്ഷമായ 1,2,3,7,8,10,12,13,15,17 വാർഡുകൾ നിലവിൽ കണ്ടൈന്മെന്റ്‌ സോണുകളാണ്‌.

==============================
വാക്സിൻ രണ്ടാം ഡോസ്‌:ഓമശ്ശേരിയിൽ സ്പോട്ട്‌ രജിസ്ട്രേഷൻ നിർത്തി.ആശാ വർക്കർമാർ മുഖേന രജിസ്റ്റർ ചെയ്യണം.
=============================
സെക്കൻഡ് ഡോസ് വാക്സിനേഷന്-കോവിഷീൽഡ്‌-സമയമായവർ(ഫസ്റ്റ് ഡോസിനു ശേഷം 42 ദിവസം പൂർത്തിയായവർ) അതതു വാർഡിലെ  ആശ  വർക്കറുമായി  ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതും ആശാ വർക്കർമാർ നൽകുന്ന തിയ്യതിയും സമയവും അനുസരിച്ച് ഓമശ്ശേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി വാക്സിനേഷൻ സ്വീകരിക്കേണ്ടതുമാണെന്ന് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഭരണ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.രണ്ടാം ഡോസ്‌ സ്വീകരിക്കാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തിയുള്ള സ്പോട്ട്‌ രജിസ്ട്രേഷൻ ഇന്ന്(മെയ്‌ 6 വ്യാഴം)മുതൽ ഉണ്ടായിരിക്കുന്നതല്ല.വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ തിരക്ക്‌ അനിയന്ത്രിതമായതിനാലാണ്‌ പുതിയ ക്രമീകരണങ്ങൾ.

രജിസ്റ്റർ ചെയ്യുന്നവർ ആശാവർക്കർമാർക്ക്‌ കൃത്യമായ വിവരങ്ങൾ നൽകേണ്ടതാണ്‌.കോവിഡ് പടർന്നു പിടിക്കുകയും വാക്സിനേഷൻ സെന്റർ ഉൾപ്പെടുന്ന വാർഡ് വരെ കണ്ടൈൻമന്റ്‌ സോണായി മാറുകയും ചെയ്ത സാഹചര്യത്തിൽ ആളുകൾ തടിച്ചുകൂടുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടതുള്ളതിനാൽ നിർദ്ദേശം എല്ലാവരും കൃത്യമായി പാലിക്കണം.

ജില്ലാ ഭരണകൂടം സ്റ്റോക്ക് അനുസരിച്ച് ഷെഡ്യൂൾ ചെയ്യുന്ന ദിവസങ്ങളിൽ മാത്രമാണ് നിശ്ചിത എണ്ണം ഡോസ് രണ്ടാം കുത്തി വെപ്പിനായി ലഭിക്കുന്നത്.അതിനാൽ ഏതെല്ലാം ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കുമെന്ന് മുൻകൂട്ടി പറയാൻ സാധ്യമല്ല.സമയവും തിയ്യതിയും ഫോണിൽ വിളിച്ചറിയിക്കുന്നതാണ്‌.നിലവിലെ സാഹചര്യത്തിൽ  വാക്സിനേഷൻ ഉൾപ്പെടെ  കോവിഡുമായി   ബന്ധപ്പെട്ട ഏതു വിഷയത്തിലും സാഹചര്യം അനുസരിച്ച് ഇനിയും മാറ്റങ്ങൾ വരാവുന്നതാണ്.പൊതു ജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത്‌ ഭരണ സമിതിയും ആരോഗ്യ വിഭാഗവും അഭ്യർത്ഥിച്ചു.

രണ്ടാമത്തെ ഡോസ് വാക്സിനേഷന് രജിസ്റ്റർ ചെയ്യുമ്പോൾ ആദ്യത്തെ ഡോസ് രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ തന്നെ നൽകണം.ഇത് വാക്സിനേഷമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ തടസ്സങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

ഫോട്ടോ:ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി വെളിമണ്ണയിൽ സജ്ജീകരിച്ച ഡി.സി.സി.ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.

പി.അബ്ദുൽ നാസർ

05/05/2021

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only