20 മേയ് 2021

പ്രഭാത വാർത്തകൾ
(VISION NEWS 20 മേയ് 2021)

🔳ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലായ്യോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

🔳മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.

🔳രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയത് 20 ലക്ഷം കോവിഡ് പരിശോധനകള്‍. ഒറ്റ ദിവസം ഇത്രയധികം പരിശോധനകള്‍ നടത്തുന്നത് ലോക റെക്കോഡാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പുതുതായി കോവിഡ് ബാധിക്കുന്നതിനെക്കാള്‍ അധികം പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🔳നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പുലര്‍ത്തിവരുന്ന ജാഗ്രത ഇതുപോലെ തുടരുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി 26.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളത്ത് ഇത് 23.02 ഉം തൃശൂരില്‍ 26.04 ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

🔳സംസ്ഥാനത്ത് പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳മലപ്പുറം ജില്ലയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാംസര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്നരയ്ക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.

🔳പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ഇന്നലെ രാവിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോളായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. എന്നാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ അടക്കം ഉണ്ടാവില്ലെന്ന് അറിയിച്ചതിനാല്‍ 350 പേരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. കോവിഡ് പ്രതിരോധത്തിനുള്ള നടപടികളെല്ലാം സ്വീകരിച്ചാണ് സത്യപ്രതിജ്ഞച്ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന വാദം അംഗീകരിച്ചാല്‍ 500 പേരെ പങ്കെടുപ്പിച്ച് വലിയ ഹാളുകളിലും മറ്റും വിവാഹവും നടത്താമല്ലോ എന്നും ഹൈക്കോടതി പറഞ്ഞു.

🔳എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ സാന്നിധ്യമേ വേണ്ടെന്ന തീരുമാനം ഉചിതമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന് മാന്യമായ സ്ഥാനമുണ്ടെന്നും പുതിയ തുടക്കമാകുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ അവര്‍ ഉണ്ടാകേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സത്യപ്രതിജ്ഞ ബഹ്ഷ്‌ക്കരിച്ചു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എംഎം ഹസ്സന്‍. പശ്ചിമ ബംഗാളിലും ചെന്നൈയിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

🔳തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ആ സമയം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

🔳കെ.കെ. ശൈലജയെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താതിനെതിരെയുള്ള അഭിപ്രായങ്ങളെ മാനിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഞങ്ങള്‍ എടുത്തിട്ടുള്ള സമീപനം പുതിയ ആളുകള്‍ വരിക എന്നുള്ളതാണ്. നേരത്തെ പ്രവര്‍ത്തിച്ച എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവരാണ്. ആ മികവ് കാട്ടിയവരില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന പൊതുതീരുമാനമാണ് ഞങ്ങള്‍ എടുത്തത്. അതിന്റെ ഭാഗമായാണ് ആ തീരുമാനം വന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

🔳മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നു എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ല എന്നത് സാധാരണഗതിയില്‍ ഉയരാവുന്ന വിമര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പാര്‍ട്ടി ഇങ്ങനെയാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

🔳കെ.കെ. രാഗേഷ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായേക്കും. മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് കെ.കെ. രാഗേഷ്.

🔳കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അന്തിമതീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണ് സൂചന. 21 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ എ., ഐ. ഗ്രൂപ്പുഭേദമില്ലാതെ നല്ലൊരുഭാഗം രമേശ് ചെന്നിത്തല തുടരണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വി.ഡി. സതീശന്‍ വരണമെന്ന താത്പര്യക്കാരാണ് ഇരു ഗ്രൂപ്പിലെയും യുവ എം.എല്‍.എ.മാരില്‍ ഭൂരിഭാഗവുമെന്നാണ് സൂചന.

🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അഞ്ചുകോടി രൂപയുടെ ഉറവിടം വ്യക്തമാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കാമെന്നറിയിച്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24-ലേക്ക് മാറ്റി.

🔳കെഎസ്ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍
കെഎസ്ആര്‍ടിസിയിലെ 18 മുതല്‍ 44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

🔳തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ശനിയാഴ്ചയോടെ ഒരു ന്യൂനമര്‍ദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തിലും ശക്തമായ മഴ കിട്ടാന്‍ സാധ്യതയുണ്ടെന്നും കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497.

🔳സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ  ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്‌പോട്ടുകള്‍.

🔳ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ദുരിതബാധിത സംസ്ഥാനങ്ങള്‍ അവരുടെ വിലയിരുത്തലുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാല്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

🔳സമുദ്രനിരപ്പില്‍നിന്ന് 5,091 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷിന്‍കുന്‍ ലാ പാസില്‍ 4.25 കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മിക്കാന്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനോട് ആവശ്യപ്പെടാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഡാര്‍ച്ച-പദൂണ്‍-നിമ്മു വഴി മണാലിയില്‍ നിന്ന് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന തുരങ്കം 2024ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

🔳രാജ്യത്തെ കുട്ടികളേക്കാള്‍ സിംഗപ്പൂരിനെക്കുറിച്ചാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഉത്കണ്ഠയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. കൊറോണ വൈറസിന്റെ 'സിംഗപ്പൂര്‍ വേരിയന്റിനെ' കുറിച്ചുള്ള പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരേ സിസോദിയ രംഗത്ത് വന്നത്.

🔳രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിക്കുന്നു. ഇതോടെ ബ്ലാക്ക് ഫംഗസിനെ രാജസ്ഥാനിലെ അശോക് ഗെഹ്ലോത് സര്‍ക്കാര്‍ ബുധനാഴ്ച
പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 2020 ലെ രാജസ്ഥാന്‍ എപ്പിഡമിക് ആക്ട് പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്.

🔳രാജ്യതലസ്ഥാനത്ത് ശുഭസൂചനകള്‍ നല്‍കി കോവിഡ് കേസുകളില്‍ വന്‍ കുറവ്. ഇന്നലെ 3846 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷം ഡല്‍ഹിയിലുണ്ടാകുന്ന പ്രതിദിന കോവിഡ് കണക്കിലെ ഏറ്റവും താഴ്ന്ന കണക്കാണിത്.

🔳രാജ്യത്ത് ഇന്നലെ  2,76,059 കോവിഡ് രോഗികളെ സ്ഥിരീകരിച്ചപ്പോള്‍ 3,68,788 പേര്‍ രോഗമുക്തി നേടി. മരണം 3876. ഇതോടെ ആകെ മരണം 2,87,156 ആയി. ഇതുവരെ 2,57,71,405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 31.25 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 34,301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 34,281 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 7,186 പേര്‍ക്കും തമിഴ്നാട്ടില്‍ 34,875 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 23,160 പേര്‍ക്കും ഡല്‍ഹിയില്‍ 3,846 പേര്‍ക്കും  പശ്ചിമബംഗാളില്‍ 19,006 പേര്‍ക്കും  ചത്തീസ്ഗഡില്‍ 5,680 പേര്‍ക്കും രാജസ്ഥാനില്‍ 9,849 പേര്‍ക്കും  ഗുജറാത്തില്‍ 5,246 പേര്‍ക്കും മധ്യപ്രദേശില്‍ 5,065 പേര്‍ക്കും ഹരിയാനയില്‍ 6,818 പേര്‍ക്കും ബീഹാറില്‍ 6,059 പേര്‍ക്കും   ഒഡീഷയില്‍ 11,099 പേര്‍ക്കും തെലുങ്കാനയില്‍ 3,837 പേര്‍ക്കും പഞ്ചാബില്‍ 6,302 പേര്‍ക്കും ആസാമില്‍ 6,143 പേര്‍ക്കും  ജാര്‍ഖണ്ഡില്‍ 1,894 പേര്‍ക്കും  ഉത്തരാഖണ്ഡില്‍ 4,492 പേര്‍ക്കും ജമ്മു കാശ്മീരില്‍ 3,969 പേര്‍ക്കും  ഹിമാചല്‍ പ്രദേശില്‍ 3,396 പേര്‍ക്കും ഗോവയില്‍ 1,209 പേര്‍ക്കും   പുതുച്ചേരിയില്‍ 1,759 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 6,33,761 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 26,212 പേര്‍ക്കും ബ്രസീലില്‍ 76,570 പേര്‍ക്കും അര്‍ജന്റീനയില്‍ 39,652 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകിരിച്ചു. ഇതോടെ ആഗോളതലത്തില്‍ 16.55 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.63 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 12,392 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 605 പേരും ബ്രസീലില്‍ 2,312 പേരും  കൊളംബിയയില്‍ 452 പേരും അര്‍ജന്റീനയില്‍ 494 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 34.30 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ഉള്‍പ്പെടെ ഇന്ത്യയില്‍ വരാനിരിക്കുന്ന ക്രിക്കറ്റ് സീസണെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബി.സി.സി.ഐ പ്രത്യേക പൊതുയോഗം വിളിച്ചു. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ലോകകപ്പ് നടത്തിപ്പ് എങ്ങനെ സാധ്യമാകുമെന്ന ആലോചനയിലാണ് ബി.സി.സി.ഐ. ജൂണ്‍ ഒന്നിന് നടക്കുന്ന ഐ.സി.സിയുടെ യോഗത്തിനു മുമ്പ് ഒരു തീരുമാനത്തിലെത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

🔳ജൂണ്‍ മാസത്തില്‍ ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു. ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.  നേരത്തെ പാകിസ്താനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു.

🔳പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് ബൗളര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് വ്യക്തമാക്കി മുന്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന വ്യക്തിയായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെയും ഓസ്ട്രേലിയന്‍ ടീമിന്റെ മുന്‍ ബൗളിങ് പരിശീലകനായ ഡോവിഡ് സാകെറിനെയും കുറിച്ച് അവരുടെ പ്രസ്താവനയില്‍ യാതൊരു പരാമര്‍ശവുമില്ലെന്ന് ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. അവരുടെ പ്രസ്താവന വളരെ സമര്‍ഥമായി എഴുതിയതാണെന്നാണ് ക്ലാര്‍ക്കിന്റെ നിരീക്ഷണം.

🔳ബിറ്റ്കോയിന്റെ തകര്‍ച്ച തുടരുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും ബിറ്റ്കോയിന്റെ തകര്‍ച്ച തുടരുകയാണ്. ക്രിപ്റ്റോ എക്സ്ചേഞ്ചായ കോയിന്‍ബെസിന്റെ ഡാറ്റ പ്രകാരം മെയ് 19ന് ബുധനാഴ്ച 11.30ന് ബിറ്റ്കോയിന്റെ വ്യാപാരം നടന്നത് 38,570.90 ഡോളറിലാണ്. 2021 ഫെബ്രുവരിക്കുശേഷം ഇതാദ്യമായാണ് ഇത്രയും മൂല്യതകര്‍ച്ചയുണ്ടാകുന്നത്. കഴിഞ്ഞമാസം 64,895 ഡോളര്‍ വരെ മൂല്യമുയര്‍ന്നിരുന്നു. സങ്കീര്‍ണമായ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബിറ്റ്കോയിന്‍ സൃഷ്ടിക്കാന്‍ വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. ക്രിപ്റ്റോ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് ചൈനയുടെ നിലപാട് കൂടി പുറത്തുവന്നതോടെ ബിറ്റ്കോയിന്‍ സമ്മര്‍ദത്തിലായി.  ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങളെയും പണമിടപാട് സ്ഥാപനങ്ങളെയും ചൈന വിലക്കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.അതിവേഗത്തില്‍ വളരുന്ന ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമാണിത്.

🔳സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായിരിക്കെ കോവിഡ് ബാധിച്ച് മരിച്ച വ്യക്തികളുടെ ആശ്രിതര്‍ക്ക് 2.5 ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായവര്‍ക്കാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ സ്‌കീംവഴി ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഏപ്രിലിലാണ് പദ്ധതി പ്രകാരമുള്ള പരമാവധി ആനുകൂല്യതുക ആറു ലക്ഷത്തില്‍നിന്ന് ഏഴ് ലക്ഷമായി ഉയര്‍ത്തിയത്. ഇപിഎഫില്‍ മുടങ്ങാതെ വിഹിതം അടച്ചുകൊണ്ടിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്കെല്ലാം ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.

🔳ജോലിയും കൂലിയുമില്ലാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങള്‍ക്ക് വിധേയരാകുന്ന ചെറുപ്പാക്കാര്‍ക്ക് പൊതുവായി നല്‍കുന്ന വിശേഷണമാണ് 'വാഴ'. അടുത്തിടെ റിലീസ് ആയ മ്യൂസിക് വീഡിയോ 'അച്ഛന്റെ വാഴ' ഏറെ ശ്രദ്ധനേടുകയാണിപ്പോള്‍. അഖില്‍ ബാബു ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയതും സംഗീതം നിര്‍വഹിച്ചതും. സച്ചിന്‍ യേശുദാസും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. എല്ലാ 'വാഴകള്‍'ക്കും ആണ് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. അനസ് ഹനീഫ്, ശ്രീകുമാര്‍ കെ.പി.എ.സി., ജിന്‍സി ബിജു, ജെസി ജോയ്, ബിന്‍സിമോള്‍ ബിജു എന്നിവരാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

🔳തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ടൊവിനോ തോമസ് നായകനായ കള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കളയുടെ മലയാളം, തമിഴ് പതിപ്പുകള്‍ ആമസോണില്‍ റിലീസ് ചെയ്യും. ടൊവിനോയാണ് ഇക്കാര്യം പുറത്തുവിട്ടത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ടൊവിനോയുടെ കരിയറിലെ നിര്‍ണായക സിനിമകളിലൊന്നെന്നാണ് കള വിശേഷിപ്പിക്കപ്പെടുന്നത്.

🔳ഹസ്ഖ്വര്‍ണ മോട്ടോര്‍സൈക്കിള്‍സ് 2022 എന്‍ഡ്യൂറോ ശ്രേണിയെ വിപണിയില്‍ അവതരിപ്പിച്ചതായ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ആണ് വാഹനത്തിന്റെ അവതരണം. എന്‍ഡ്യൂറോ ലൈനപ്പില്‍ ഏഴ് മോഡലുകള്‍ ഉള്‍പ്പെടുന്നതായും ടിഇ, എഫ്ഇ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ശ്രേണികളിലായിട്ടാണ് ഇവ എത്തുന്നത്. സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്വാര്‍ണയുടെ മാതൃ കമ്പനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only