18 മേയ് 2021

കെഎസ്ഇബിയുടെ കമ്പി മോഷ്ടിച്ചു; വയനാട്ടിൽ മൂന്നുപേര്‍ പിടിയില്‍
(VISION NEWS 18 മേയ് 2021)

​ ലോക്ഡൗണിലും തകൃതിയായി മോഷണം. കെ.എസ്.ഇ.ബിയുടെ അലുമിനിയം കമ്പിയും മറ്റ് സാധനങ്ങളും മോഷ്ടിച്ച് സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേര്‍ മീനങ്ങാടി പൊലീസിന്റെ പിടിയിലായി. മാനന്തവാടി കണിയാരം പുഴക്കരവീട്ടില്‍ സെയ്ഫുള്ള (21), നല്ലൂര്‍നാട് പാലമുക്ക് കാനായി വീട്ടില്‍ റാസിക് (19), എടവക കാരക്കുനി കീന വീട്ടില്‍ ജാബിര്‍ (24) എന്നിവരാണ് പിടിയിലായത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മീനങ്ങാടി ടൗണില്‍ പരിശോധന നടത്തുന്നതിനിടെ എത്തിയ ലോറിയുള്ളവരെ ചോദ്യം ചെയ്തതോടെയാണ് മോഷണം പുറത്തായത്. രാവിലെ ആറരയോടെ പ്രതികളെത്തിയ വാഹനം പൊലീസ് തടഞ്ഞു. 
തുടര്‍ന്ന് ലോറിയടക്കം കസ്റ്റഡിയിലെടുത്ത് സംഘത്തെ ചോദ്യം ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കളാണ് വാഹനത്തിലുള്ളതെന്നും മൈസൂരുവില്‍ കൊണ്ടുപോയി വില്‍പ്പന നടത്താനായിരുന്നു പദ്ധതിയെന്നും പ്രതികള്‍ വെളിപ്പെടുത്തി. മൂവരും ചേര്‍ന്ന് പനമരത്ത് നിന്ന് ഞായറാഴ്ച രാത്രി കെ.എസ്.ഇ.ബിയുടെ 480 കിലോ അലുമിനിയം കമ്പിയും കരണിയില്‍ നിന്ന് ഒമ്പത് വാര്‍പ്പ് ഷീറ്റുകളും മോഷ്ടിക്കുകയായിരുന്നു. സെയ്ഫുള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചെങ്കിലെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി. സെയ്ഫുള്ളയുടെ പേരില്‍ മാനന്തവാടി സ്റ്റേഷനിലും കേസുള്ളതായി പോലീസ് അറിയിച്ചു. എസ്.ഐ. പി.ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ.ഡി. മുരളീധരന്‍, പി.എ. സുരേഷ്‌കുമാര്‍, പി.എസ്. പ്രജുഷ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only