12 മേയ് 2021

വീടിന് നേരെ അയല്‍വാസി ബോംബെറിഞ്ഞു; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരന്‍ കൊല്ലപ്പെട്ടു
(VISION NEWS 12 മേയ് 2021)


തിരുവനന്തപുരം കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനെ അയല്‍വാസി ബോംബെറിഞ്ഞ് കൊന്നു. അരുവിയോട് സ്വദേശി വര്‍ഗീസാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് വര്‍ഗീസിന്റെ വീട്ടിലേക്ക് അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞത്. ഗുരുതരമായി പരിക്കറ്റ വര്‍ഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബോംബെറിഞ്ഞ അയല്‍വാസി സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വര്‍ഗീസും സെബാസ്റ്റ്യനും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വര്‍ഗീസ് നടത്തുന്ന ശവപ്പെട്ടി കടയുമായി ബന്ധപ്പെട്ടായിരുന്നു സെബാസ്റ്റ്യനുമായി തര്‍ക്കം നിലനിന്നിരുന്നത്. കട തങ്ങള്‍ക്ക് ശല്യമാണെന്നും അതുകൊണ്ട് നിറുത്തണമെന്നും സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടിരുന്നെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഇതേച്ചൊല്ലി ഇവര്‍ തമ്മിലും കുടംബങ്ങള്‍ തമ്മില്‍ വഴക്ക് നടക്കാറുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.ബോംബേറ് നടന്ന സമയത്ത് വീട്ടില്‍ വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. ഇവര്‍ വെള്ളമൊഴിച്ച് തീയണക്കന്‍ ശ്രമിച്ചെങ്കിലും അതിനുള്ളില്‍ തന്നെ വര്‍ഗീസിന് വലിയ രീതിയില്‍ പൊള്ളലേല്‍ക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only