02 മേയ് 2021

സപ്ലൈ ഓഫീസിൽ പോയി തിക്കും തിരക്കും വേണ്ട; മെയ്‌ മുതൽ വീട്ടിലിരുന്ന്‌ റേഷൻ കാർഡെടുക്കാം
(VISION NEWS 02 മേയ് 2021)


കോവിഡ്‌ കാലത്ത്‌ റേഷൻ കാർഡിനുവേണ്ടി സപ്ലൈ ഓഫീസിൽ പോയി തിക്കുംതിരക്കും വേണ്ട. പുതിയ റേഷൻ കാർഡിന്‌ അപേക്ഷിച്ചവർക്ക്‌ ഇനി കാർഡ്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാം. ഓൺലൈൻ അപേക്ഷയ്ക്ക് താലൂക്ക്‌ സപ്ലൈ ഓഫീസർ അംഗീകാരം നൽകുന്നതോടെ പിഡിഎഫ്‌ രൂപത്തിലുള്ള റേഷൻ കാർഡ്‌ പ്രിന്റ്‌ എടുക്കാം. മെയ്‌ മുതൽ എല്ലാ ജില്ലകളിലും ഇലക്‌ട്രോണിക്‌ റേഷൻ കാർഡ്‌ അഥവാ ‘ഇ റേഷൻ കാർഡ്‌’ പദ്ധതി നടപ്പാകും.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ കാർഡിന്‌ അപേക്ഷിക്കാം. രേഖകൾ സമർപ്പിച്ച്‌ അപേക്ഷ താലൂക്ക്‌ സപ്ലൈ ഓഫീസറോ, സിറ്റി റേഷനിങ് ഓഫീസറോ അംഗീകരിച്ചാൽ കാർഡ്‌ അപേക്ഷകന്റെ ലോഗിൻ പേജിലെത്തും. പാസ്‌വേഡ്‌, റേഷൻ കാർഡുമായി ലിങ്ക്‌ ചെയ്‌ത അപേക്ഷകന്റെ മൊബൈൽഫോണിലേക്ക്‌ വരും. ഇതുപയോഗിച്ച്‌ കാർഡ്‌ പ്രിന്റ്‌ എടുക്കാം.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇ–റേഷൻ കാർഡിനുള്ള സാങ്കേതികസൗകര്യം ഒരുക്കിയത്. 50 രൂപയുമാണ് ഫീസ്‌. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി ഫീസ് അടയ്ക്കാം. ഇ-റേഷൻ കാർഡിന് അകത്തെ പേജുകൾ ഉണ്ടാകില്ല. പുതിയ അംഗങ്ങളെ ചേർക്കുക, ഒഴിവാക്കുക, എൻആർഐ നില മാറ്റുക എന്നിങ്ങനെ തുടങ്ങി മാറ്റങ്ങൾക്കും ഇത്തരത്തിൽ അപേക്ഷിക്കാം.

മെയ്‌ മൂന്നു മുതൽ ഇത്‌ പ്രാബല്യത്തിൽ വരുമെന്ന്‌ സിവിൽസപ്ലൈസ്‌ ഐ ടി സെൽ അധികൃതർ അറിയിച്ചു. ഇതിനാവശ്യമായ പരിശീലനം ജീവനക്കാർക്ക്‌ നൽകി. പൈലറ്റ് പദ്ധതിയായി തിരുവനന്തപുരത്ത്‌ മന്ത്രി പി തിലോത്തമൻ ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഇത്‌ വിജയിച്ചതോടെയാണ്‌ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only