03 മേയ് 2021

കോവിഡും മഴക്കാല രോഗങ്ങളും: ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി പതിനായിരം ലഘു ലേഖ പുറത്തിറക്കി.
(VISION NEWS 03 മേയ് 2021)


ഓമശ്ശേരി:കോവിഡിനെതിരെയും മഴക്കാല രോഗങ്ങൾക്കെതിരെയും ജാഗ്രത നിർദ്ദേശവുമായി ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പതിനായിരം ലഘു ലേഖകൾ പുറത്തിറക്കി.വാർഡു മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബ ശ്രീ,ആരോഗ്യ പ്രവർത്തകർ,ആർ.ആർ.ടി വളണ്ടിയർമാർ,വാർഡു തല ആരോഗ്യ-ശുചിത്വ സമിതി അംഗങ്ങൾ എന്നിവരിലൂടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും നാലു പേജുള്ള ലഘു ലേഖ എത്തിക്കും.

ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഒന്നാം വാർഡ്‌ മെമ്പർ എം.ഷീജക്ക്‌ ലഘു ലേഖ നൽകി പഞ്ചായത്തു തല ഉൽഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത്‌ കോൺഫ്രൻസ്‌ ഹാളിൽ നടന്ന ചടങ്ങിൽ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതവും ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ ഒ.പി.സുഹറ നന്ദിയും പറഞ്ഞു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി.ടി.ഗണേശൻ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത്‌ മെമ്പർമാരായ പി.കെ.ഗംഗാധരൻ,ആനന്ദ കൃഷ്ണൻ,സി.എ.ആയിഷ ടീച്ചർ,സീനത്ത്‌ തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

കോവിഡ്‌ കാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കോവിഡ്‌ മാനദണ്ഡങ്ങളും ലഘു ലേഖയിൽ വ്യക്തമാക്കുന്നുണ്ട്‌.എസ്‌.എം.എസ്‌(സാനിറ്റൈസർ,മാസ്ക്‌,സോഷ്യൽ ഡിസ്‌റ്റൻസ്‌) പാലിക്കേണ്ടതിന്റെ അനിവാര്യതയും പതിനെട്ട്‌ വയസ്സിന്‌ മുകളിൽ പ്രായമുള്ള എല്ലാവരും രണ്ട്‌ ഡോസ് കോവിഡ്‌ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ലഘു ലേഖയിൽ വിശദീകരിക്കുന്നു.കോവിഡ്‌ രണ്ടാം തരംഗം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഘു ലേഖയിലെ നിർദ്ദേശങ്ങളത്രയും പൊതു ജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് പഞ്ചായത്ത്‌ ഭരണ സമിതി ആവശ്യപ്പെട്ടു.

മഴക്കാലമായാൽ ജല ജന്യ രോഗങ്ങളും കൊതുക്‌ ജന്യ രോഗങ്ങളും ജന്തു ജന്യ രോഗങ്ങളും പടരാനുള്ള സാദ്ധ്യത ഏറെയാണ്‌.വ്യക്തമായ മുന്നൊരുക്കങ്ങളും ക്രിയാത്മകമായ പ്രവർത്തനങ്ങളും വഴി മാത്രമേ അതിനെ തടയിടാനാവൂ.വയറിളക്കം,മഞ്ഞപ്പിത്തം,ടൈഫോയ്ഡ്‌,കോളറ തുടങ്ങിയ ജലജന്യ രോഗങ്ങൾക്കെതിരെയും മലമ്പനി,ഡങ്കിപ്പനി,ചിക്കൻ ഗുനിയ,മന്ത്‌,ജപ്പാൻ ജ്വരം തുടങ്ങിയ കൊതുകു ജന്യ രോഗങ്ങൾക്കെതിരെയും ജന്തു ജന്യ രോഗമായ എലിപ്പനിക്കെതിരെയും സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ ലഘു ലേഖയിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്‌.പകർച്ച വ്യാധികളെ തടയാൻ ഗൃഹ-വ്യക്തി-പരിസര-സാമൂഹ്യ ശുചിത്വം പാലിക്കുക എന്ന സന്ദേശവുമായാണ്‌ ഓമശ്ശേരി പഞ്ചായത്ത്‌ ഭരണ സമിതി ലഘു ലേഖാ കാമ്പയിൻ നടത്തുന്നത്‌.


പി.അബ്ദുൽ നാസർ
(പ്രസിഡണ്ട്‌)
03/05/2021

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only