18 മേയ് 2021

എന്താണ് ബ്ലാക്ക് ഫം​ഗസ്..? കൊവിഡ് രോ​ഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ..? വിശദമായി അറിയാം
(VISION NEWS 18 മേയ് 2021)

​ കൊവിഡ് രോ​ഗികളിൽ ആശങ്കയായി കാണുന്ന അണുബാധയാണ് ബ്ലാക്ക് ഫം​ഗസ്. ഈ പേരിപ്പോൾ സുപരിചതമായെങ്കിലും എന്താണ് ഇതെന്നോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നോ പലർക്കും അറിയില്ല. നാസികാദ്വാരം, മാക്സില്ലറി സൈനസ് എന്നിവയുടെ അണുബാധയായിട്ടാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, ഇത് അടുത്തുള്ള ഘടനകളിലേക്ക് വ്യാപിക്കുകയും റിനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസ് (ROCM) എന്നറിയപ്പെടുന്ന ഒരു അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സാധാരണ കാണുന്നത് താഴെ പറയുന്ന അസുഖങ്ങൾ ഉള്ളവരിലാണ്.

അനിയന്ത്രിതമായ പ്രമേഹം
രോഗപ്രതിരോധ ശേഷി കുറവുള്ളവർ 
ക്യാൻസർ രോഗികൾ, ക്യാൻസർ രോഗത്തിന് മരുന്നെടുക്കുന്നവർ
ഇടക്കിടക്ക് രക്തം കയറ്റുന്ന രോഗികൾ
ഉയർന്ന അളവിൽ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവർ
എച്ച്.ഐ.വി. രോഗബാധിതർ

കൊവിഡ് രോ​ഗികളിൽ തന്നെ അനിയന്ത്രിതമായ പ്രമേഹ രോഗികളിലും ദീർഘനേരം ഉയർന്ന അളവിലുള്ള സ്റ്റിറോയിഡുകൾ ഉപയോഗിക്കേണ്ടി വരുന്ന രോഗികളിലുമാണ് ഈ അണുബാധ കണ്ടുവരുന്നത്.


റിനോ-ഓർബിറ്റൽ-സെറിബ്രൽ മ്യൂക്കോർമൈക്കോസിസിൽ (ROCM), അണുബാധ സാധാരണയായി മൂക്കിലോ,മാക്സില്ലറി സൈനസിലോ ആരംഭിച്ച് അവിടെ നിന്നാണ് ഇത് കണ്ണിലേക്ക് പരക്കുന്നത്. ഇത് കണ്ണിന്റെ പല അസുഖങ്ങളായി കാണപ്പെടാം. ആദ്യം ഇത് സൈനസൈറ്റിസ്സിന്റെ ലക്ഷണങ്ങളായിട്ടാണ് തുടങ്ങുന്നത്. പിന്നീട് കൺപോളകൾക്ക് നീര്, കണ്ണിന് ചുവന്ന നിറം, വേദന, കാഴ്ചശക്തി നഷ്ടപ്പെടുക എന്നിവയൊക്കെ കാണാൻ സാധിക്കും. ഇവ തലച്ചോറിലേക്കും ബാധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുന്ന രോഗികളിൽ തലവേദന, അപസ്മാരം, ബോധം നഷ്ടപ്പെടൽ,സ്ട്രോക്ക് എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു.

കൊവിഡ് രോഗികളിൽ ഇത് വരാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത് ഇതാണ്

ബ്ലഡ് ഷുഗർ കൃത്യമായി ചികിത്സിച്ച് നിയന്ത്രണവിധേയമാക്കുക.
ഓക്സിജൻ കൊടുക്കുന്ന രോഗികളാണെങ്കിൽ ഹ്യുമിഡിഫൈയർ ദിവസവും വൃത്തിയാക്കുക. അതിൽ ഒഴിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പു വരുത്തുക.
രോഗിയുടെ ശുചിത്വം ഉറപ്പുവരുത്തുക.
വായ്പുണ്ണ്, പല്ലിന്റെ പഴുപ്പ് ഇവയൊക്കെ പെട്ടെന്നുതന്നെ ചികിത്സിച്ചു ഗുണപ്പെടുത്തുക.
കൊവിഡ് രോഗം പോലെ തന്നെ ഈ ബ്ലാക്ക് ഫംഗസ് ബാധയും പ്രതിരോധിക്കുന്നതാണ് പ്രധാനം. ശുചിത്വമുറകൾ പാലിക്കുകയും ഷുഗർ നിയന്ത്രിക്കുന്നതു വഴിയും ബ്ലാക്ക് ഫംഗസ് ബാധ തടയാൻ സാധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only