20 മേയ് 2021

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർ മാത്രം
(VISION NEWS 20 മേയ് 2021)

​ രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളം കാതോർത്തിരുന്ന, മലയാളമാകെ നെഞ്ചോടുചേർത്തുവെച്ച ജനകീയ സർക്കാറിന്റെ രണ്ടാം ദൗത്യത്തിന്‌ ഇന്ന് മൂന്നരയ്‌ക്ക്‌ നാന്ദികുറിക്കും. കരുത്തരായ പുതുമുഖങ്ങളിലൂടെ പുതിയൊരു കാൽവെപ്പിന്‌ കൂടിയാണ്‌ കേരളം സാക്ഷിയാവുക. എല്ലാ പ്രതിസന്ധികളെയും അസാമാന്യകരുത്തോടെ അതീജിവിച്ച, ഒരു ജനതയെ ആകെ ആത്മവിശ്വാസത്തോടെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പുതിയ ടീം കേരള. സെൻട്രൽ സ്‌റ്റേഡിയത്തിൽ കർശന കൊവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. 

ജനസഞ്ചയം വീടുകളിലിരുന്ന്‌ ദൃശ്യമാധ്യമങ്ങളിലൂടെ സാക്ഷിയാകും. സെൻട്രൽ സ്‌റ്റേഡിയത്തിലല്ല ജനങ്ങളുടെ മനസ്സിലാണ്‌ സത്യപ്രതിജ്ഞയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആവേശമാണ്‌ ജനങ്ങൾക്ക്‌ നൽകിയത്‌. കേരള ചരിത്രത്തിലെ ആദ്യ തുടർഭരണത്തിന്റെ സത്യപ്രതിജ്ഞയും അങ്ങനെ മറ്റൊരു ചരിത്രമാകും. 

സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കം സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തിയായി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ്‌ പ്രവേശനം. പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധാനംചെയ്‌ത്‌ തൃണമൂൽ കോൺഗ്രസ്‌ എംപിയും തമിഴ്‌നാട്‌ സർക്കാരിനെ പ്രതിനിധാനംചെയ്‌ത്‌ ഒരു മന്ത്രിയും പങ്കെടുക്കും. 

ക്ഷണക്കത്ത്‌ ലഭിച്ചവർ പകൽ 2.45നുമുമ്പ് സ്റ്റേഡിയത്തിൽ എത്തണം. ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കണം. ശാരീരിക അകലം അടക്കമുള്ള കൊവിഡ്- പ്രോട്ടോകോൾ കർശനമായി പാലിക്കണം. സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവയ്ക്ക് എതിർവശമുള്ള ഗേറ്റ്‌ വഴിയാണ് പ്രവേശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only