03 മേയ് 2021

നന്ദിഗ്രാം ജനവിധി: മമത കോടതിയിലേയ്ക്ക്
(VISION NEWS 03 മേയ് 2021)


കൊല്‍ക്കത്ത: ചരിത്രം കുറിച്ചുകൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്തിയത്. ഭരണം പിടിക്കാന്‍ സര്‍വസന്നാഹവുമായെത്തിയ ബി.ജെ.പിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂല്‍ ഹാട്രിക് ജയം ആഘോഷിച്ചത്. എന്നാല്‍, ഈ ചരിത്രജയത്തിനിടയിലും പാര്‍ട്ടിക്ക് തിരിച്ചടിയായി നന്ദിഗ്രാമിലെ മമത ബാനര്‍ജിയുടെ തോല്‍വി.

പാര്‍ട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമില്‍ മമതയുടെ അപ്രതീക്ഷിത തോല്‍വി. വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ മാറിമറിയുകയായിരുന്നു ഇവിടുത്തെ ഫലം. ഓരോ റൗണ്ട് കഴിയുമ്പോഴും ലീഡ്‌നില മാറിക്കൊണ്ടിരുന്നു. ഒടുവില്‍ സുവേന്ദു 1,736 വോട്ടിന് വിജയിച്ചുവെന്ന പ്രഖ്യാപനം വന്ന ഉടനെ ഇത്തരം അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും വോട്ടെണ്ണല്‍ അവസാനിച്ചിട്ടില്ലെന്നും പറഞ്ഞ് തൃണമൂല്‍ നേതൃത്വം രംഗത്തുവന്നു.

നന്ദിഗ്രാമിലെ ജനങ്ങള്‍ എന്തു തന്നെ വേണമെങ്കിലും വിധിയെഴുതട്ടെ. ഞാന്‍ അത് സ്വീകരിക്കും എന്നാണ് പിന്നീട് മമത പ്രതികരിച്ചത്. എന്നാല്‍, വോട്ടെണ്ണലില്‍ പല കൃത്രിമങ്ങളും നടന്നിട്ടുണ്ട്. അതിനെതിരേ തീര്‍ച്ചയായും കോടതിയെ സമീപിക്കും-മമത പറഞ്ഞു.

2011ല്‍ നന്ദിഗ്രാമില്‍ തുടങ്ങിയ കര്‍ഷക പ്രക്ഷോഭമാണ് അക്ഷരാര്‍ഥത്തില്‍ ഇടതു സര്‍ക്കാരിനെ മറിച്ചിട്ട് മമതയെ ഭരണത്തില്‍ അവരോധിച്ചത്. നേരത്തെ സി.പി.ഐയുടെ സീറ്റായിരുന്ന ഇവിടെ 2009 മുതല്‍ തൃണമൂലാണ് ജയിച്ചുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരി 81,230 വോട്ടിനാണ് ഇവിടെ നിന്നു ജയിച്ചത്. അന്നിവിടെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് പതിനായിരം വോട്ട് മാത്രമായിരുന്നു കിട്ടിയത്. അധികാരി പിന്നീട് മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയില്‍ ചേര്‍ന്നു. സുവേന്ദുവിന് ചുട്ടമറുപടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് മമത ഇക്കുറി നന്ദിഗ്രാമിന്റെ വെല്ലുവിളി സ്വയം ഏറ്റെടുത്തത്. എന്നാല്‍, അത് ഫലിച്ചില്ല. കോണ്‍ഗ്രസ്-ഇടത് മുന്നണിയുടെ സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ച സി.പി. എമ്മിന്റെ മീനാക്ഷി മുഖര്‍ജിക്ക് 5575 വോട്ടാണ് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only